ന്യൂഡല്‍ഹി : രാജ്യത്തെ കോളേജ് വിദ്യാര്‍ഥികള്‍ ദിവസേന ശരാശരി 150 തവണയെങ്കിലും തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ നോക്കുന്നുവെന്ന് പഠനം. അലിഗര്‍ സര്‍വ്വകലാശാലയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സൈന്‍സ് റിസര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. ഇരുപത് കേന്ദ്ര സര്വകാശാലകളില്‍ നിന്നുമുള്ള ഇരുന്നോറോളം വിദ്യാര്‍ഥികളെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്.
” വിവരങ്ങള്‍ നഷ്ടപ്പെടുന്നു എന്നതിലെ ആകാംക്ഷയും ഭയവുമാണ് സര്‍വ്വകലാശാലാ വിദ്യാര്‍ഥികളെ ദിവസം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ നോക്കാന്‍ പ്രേരിപ്പിക്കുന്നത്. അവരുടെ ആരോഗ്യത്തേയും പഠനത്തേയും പ്രതികൂലമായി ബാധിക്കുന്ന കാര്യമാണത്. ” പഠനത്തില്‍ പറയുന്നു.
ആളുകളെ വിളിച്ച് സംസാരിക്കാനാണ് തങ്ങള്‍ പ്രധാനമായും ഫോണ്‍ ഉപയോഗിക്കുന്നത് എന്ന് പറഞ്ഞത് വെറും ഇരുപത്തിയാറ് ശതമാനം വിദ്യാര്‍ഥികളാണ്. “സാമൂഹ്യമാധ്യമങ്ങള്‍ നോക്കുക, ഗൂഗിള്‍ സര്‍ച്ച് , വിനോദം, സിനിമ കാണല്‍ എന്നിവയാണ് ബാക്കിയുള്ളവരുടെ പ്രധാന പ്രവര്‍ത്തി.” പ്രോജക്റ്റ് ഡിറക്ടര്‍ നവേദ് ഖാന്‍ പറഞ്ഞു..
ദിവസവും മൂന്ന് മണിക്കൂറോ അതില്‍ കുറവോ സമയം ഫോണ്‍ ഉപയോഗിക്കുന്നത് പതിനാല് ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ്. അറുപത്തി മൂന്ന് ശതമാനംപേര്‍ പറയുന്നത് അവര്‍ നാല് തൊട്ട് ഏഴ് മണിക്കൂര്‍ വരെ ഫോണ്‍ ഉപയോഗിക്കാറുണ്ട് എന്നാണ്.