ലണ്ടന്‍: ചെറുപ്പത്തില്‍ നിരന്തരം രോഗങ്ങളിലൂടെ കടന്നുപോയവര്‍ക്ക് വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം. “45,000 പേരെ പങ്കെടുപ്പിച്ച ഞങ്ങളുടെ സർവേയിലൂടെ മനസ്സിലാകുന്നത് ചെറുപ്പത്തില്‍ നിരന്തരം രോഗങ്ങള്‍ വന്നിട്ടുള്ള കുട്ടികള്‍ക്ക് മുതിരുമ്പോള്‍ വിഷാദരോഗികള്‍ ആവാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.” ബ്രിട്ടനിലെ സൂസെക്സ് സർവകലാശാലയിലെ ഗവേഷണ തലവന്‍ ദര്യാ ഗൈസിന പറയുന്നു.

ഗവേഷണത്തില്‍ ചെറുപ്രായത്തില്‍ ആര്‍ത്രൈറ്റിസ്, ആസ്മ, കാന്‍സര്‍, മറ്റു വൈകാരിക പ്രശ്നങ്ങള്‍ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവിച്ച കുട്ടികള്‍ വലുതാവുമ്പോഴേക്കും വിഷാദരോഗത്തിലേക്ക് വഴുതിവീഴുന്നു എന്നാണ് കണ്ടെത്തല്‍. ‘ജേര്‍ണല്‍ ഓഫ് ചൈല്‍ഡ് സൈക്കോളജി ആന്‍ഡ്‌ സൈക്യാട്രി’ യിലാണ് പഠനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. കൗമാരത്തിലും യൗവനത്തിലും ഈ പ്രശ്നങ്ങള്‍ വിഷാദരോഗമായും വൈകാരിക പ്രശ്നങ്ങളുമായി പ്രതിഫലിക്കും എന്നാണ് പഠനം വിലയിരുത്തുന്നത്.

“വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ കാന്‍സര്‍ രോഗികളായ കുട്ടികള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ വിഷാദരോഗത്തിനടിമപ്പെടാന്‍ സാധ്യത കൂടുതലാണ്. ഒരു രോഗിയില്‍ കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കിയെങ്കിലും അതിന്‍റെ കണ്ണികള്‍ അതുപോലെ തുടരുന്നു. അപ്പോള്‍ മുതിരുമ്പോഴും തുടരുന്ന വൈകാരിക പ്രശ്നങ്ങള്‍ക്ക് കാന്‍സര്‍ മാത്രമല്ല മറ്റുപലതും കാരണമാകുന്നു എന്നതാണ് തെളിയുന്നത്.” ഗൈസിന പറയുന്നു.

മാനസികാരോഗ്യ സംരക്ഷണത്തിനും മാനസികരോഗങ്ങള്‍ തടയുന്നതിനും ചെറുപ്രായത്തിലെ കുട്ടികളിലെ ആരോഗ്യപരിപാലനത്തിനു വലിയ പങ്കുവഹിക്കാനുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ