മഞ്ഞിൻ്റെ പഞ്ഞിയുടുപ്പ് വാരിചുറ്റി ഡിസംബർ മാസവും പയ്യെ പയ്യെ മരങ്ങളെ പച്ചകുത്തി ക്രിസ്മസും വന്നെത്തി. കോവിഡ് ആണെങ്കിലും കടകളിൽ മധുരഗന്ധം ഉതിർത്തുകൊണ്ട് കേക്കുകൾ വിരുന്നെത്തിയിട്ടുണ്ട്. അകലങ്ങൾക്കിടയിലും ചെറിയൊരു ആഘോഷ ഭാവം പരന്നിരിക്കുന്നു. ക്രിസ്മസ് കേക്ക് മെല്ലെ അലിയിച്ചിറക്കിയപ്പോൾ ഓർമ്മകൾ മധുരതരമായി കൂട്ടിക്കൊണ്ടുപോയത് കുട്ടിക്കാലത്തേക്കാണ്. ഒരു കാലഘട്ടം വരെ എലൈറ്റ് പ്ലം കേക്ക് ആയിരുന്നു തൃശ്ശൂർക്കാരുടെ ക്രിസ്മസ് കേക്ക്. കാശുള്ളവർ പഞ്ചസാര അലിയിച്ചുണ്ടാക്കുന്ന ഐസിങ് അലങ്കരിച്ച കേക്ക് വാങ്ങും. അക്കാലത്ത് കാൽ കിലോയുടെ പ്ലം കേക്ക് വരെ കിട്ടുമായിരുന്നു.

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് ക്രിസ്മസിന് രണ്ടുമൂന്നു ദിവസം മുമ്പ് കൊടകരയിലെ അമ്മായിയുടെ വീട്ടിൽ നിന്ന് ഒരു പൊതി എത്തിയത്. ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ, എണ്ണയുടെ മിനുപ്പു പടർന്ന ഒരു കുഞ്ഞു പൊതിക്കെട്ട്. മണം പിടിച്ചു മണംപിടിച്ച് തുറന്നു നോക്കിയപ്പോൾ പ്ലം കേക്കാണ്. മുകളിൽ അണ്ടിപ്പരിപ്പ് വിതറിയ ചെറിയും ടൂട്ടി ഫ്രൂട്ടിയും ഒക്കെയുള്ള ഒരു കേക്ക്. അതിൻറെ ഓരോ തരിയിലും എന്തൊരു രുചിയായിരുന്നു. മൊരിഞ്ഞ തലപ്പാവും മാർദ്ദവവുമുള്ള കേക്ക്. പിന്നീട് കഴിച്ച എല്ലാ കേക്കിലും തിരഞ്ഞത് അന്നത്തെ കേക്കിൻ്റെ കൊതിപ്പിക്കുന്ന രുചിയാണ്. ഓവൻ അത്ര പരിചിതമല്ലാത്ത കാലത്ത് ഇലക്ട്രിക് ഓവനിലോ മറ്റോ ആണ് അമ്മായി അത് തയ്യാറാക്കിയത്. ആ ക്രിസ്മസിന് അത് വിശേഷപ്പെട്ട ഒരു മധുരമായിരുന്നു. വലുതായതിനുശേഷമാണ് അമ്മായിയോട് അതിൻ്റെ റെസിപ്പി ചോദിച്ചത്. മൈദയും പഞ്ചസാര പൊടിച്ചതും എണ്ണയും തുല്യ അളവിലെടുക്കും. അര കിലോ മൈദ കൊണ്ട് ആണെങ്കിൽ എട്ടോ ഒമ്പതോ നാടൻ കോഴിമുട്ട. പിന്നെ വാനില എസൻസും ബേക്കിംഗ് പൗഡറും അണ്ടിപ്പരിപ്പും ചെറിയും ഒക്കെ ചേർത്താൽ മതി. അമ്മായി കൈ കൊണ്ടാണ് കേക്ക് മാവ് കുഴച്ചെടുത്തിരുന്നത്. സ്നേഹവും കൂടി ചേർത്തായിരിക്കണം മാവ് മൃദുവാക്കിയിരുന്നത്. അല്ലാതെ ഇത്ര രുചി വരാൻ കാരണമില്ല. അതായിരുന്നു എൻറെ പ്രിയപ്പെട്ട ക്രിസ്മസ് ഗന്ധവും.annie , christmas memories, iemalayalam
ക്രിസ്മസ് തലേന്ന് അമ്മ നന്നേ പുലർച്ചെ എഴുന്നേൽക്കും. ആദ്യ പണി പച്ചരി വെള്ളത്തിലിടലാണ്. അടുക്കളപ്പണി ഒതുങ്ങി കഴിഞ്ഞാൽ തേങ്ങയും ചിരകി വെയ്ക്കും. വട്ടയപ്പം ഉണ്ടാക്കാനുള്ള വട്ടം കൂട്ടലാണ്. തേങ്ങ തുമ്പപ്പൂപോലെ ഉതിർന്നു കിടക്കണം. എന്നാലേ വട്ടേപ്പത്തിന് നല്ല നിറം കിട്ടൂ. നാലു മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്ത പച്ചരി മില്ലിൽ കൊടുത്താൽ വട്ടേപ്പത്തിൻ്റെ പാകത്തിന് പൊടിച്ചു തരും. തേങ്ങയുടെ പാൽ നല്ല കട്ടിയിൽ പിഴിഞ്ഞെടുക്കും. അതിലാണ് പൊടി കുഴച്ചുവെക്കുക. കുറച്ചു തേങ്ങ അരച്ചും ചേർക്കും. പറമ്പിലെ ചെത്തുകാരനോട് ഒരാഴ്ച മുമ്പേ കള്ള് പറഞ്ഞുറപ്പിച്ചു വെച്ചിട്ടുണ്ടാവും. ഒരു ഗ്ലാസ് കള്ളോക്കെയേ ആവശ്യം ഉണ്ടാവൂ. ബാക്കി അമ്മ ഞങ്ങൾക്ക് ഒഴിച്ചു തരും. കള്ളും പഞ്ചസാരയും തേങ്ങാപ്പാലും അരിപ്പൊടിയും ഒരുമിച്ച് ചേരുമ്പോൾ ഉയരുന്ന ഒരു മണമുണ്ട്. തവികൊണ്ട് മാവ് ഇളക്കുമ്പോൾ പഞ്ചസാര തരികൾ പാത്രത്തിൽ ഉരഞ്ഞ് കേൾക്കുന്ന ഒച്ചയ്ക്ക് തന്നെ ഭംഗിയുണ്ടായിരുന്നു. നാലു മണി ആകുമ്പോഴേക്കും മാവ് പൊങ്ങിവരും. പിന്നെ എണ്ണ പുരട്ടിയ സ്റ്റീൽ പാത്രങ്ങളിൽ മാവൊഴിച്ച് ആവിയിൽ വേവിച്ച് എടുക്കും. തൃശ്ശൂർക്കാരുടെ ക്രിസ്മസ് പലഹാരം വട്ടേപ്പം ആണ്. അല്ലെങ്കിൽ കള്ളപ്പം. ചെലര് ഇതേ മാവ് തന്നെ പിറ്റേന്ന് കള്ളപ്പം ആക്കി എടുക്കും.എല്ലാ നാട്ടിലേയും പോലെ വട്ടേപ്പം ഇറച്ചിക്കറി കൂട്ടിയല്ല, മീൻകറി കൂട്ടിയാണ് തൃശ്ശൂർക്കാർ കഴിക്കുക. മാങ്ങ പൂളിയിട്ട് തേങ്ങാപ്പാൽ ഒഴിച്ച് കുഞ്ഞുള്ളി വട്ടത്തിലരിഞ്ഞ് കാച്ചിയെടുത്ത ബ്രാല്(വരാൽ) കറി കൂട്ടിതന്നെ കഴിക്കണം. വട്ടേപ്പത്തിൻ്റെ മധുരവും ബ്രാല് കറിയുടെ നേർത്ത പുളിയും നല്ല കോമ്പിനേഷനാണ്. വീട്ടിൽ വിരുന്നിനെത്തുന്നവർക്കും അയൽപക്കത്തുകാർക്കും കരോളിനു വരുന്നവർക്കുമെല്ലാം ഇതുതന്നെയാണ് ക്രിസ്മസ് പലഹാരമായി വിളമ്പുന്നത്.annie , christmas memories , iemalayalam
നല്ല നാടൻ ഗരംമസാലയിട്ട് വരട്ടി എടുത്ത പോത്തിറച്ചി കറിയും എരിവിൻ്റെ ബഹളമൊന്നും ഇല്ലാത്ത ചുവന്ന നിറമുള്ള പോർക്ക് ഇറച്ചിക്കറിയും തേങ്ങാപ്പാലിൽ വേവിച്ചെടുത്ത നാടൻ കോഴി ഇറച്ചിയും ഒക്കെ ഉണ്ടാവും.ഇറച്ചിയിൽ കഷണങ്ങൾ ഇട്ട് വെക്കുന്നതാണ് സാധാരണ പതിവെങ്കിൽ ആഘോഷങ്ങൾക്ക് അത് ഒഴിവാക്കും. മീൻ വറുക്കലോക്കെ കുറവാണ്. പകരം നെയ്യ് ഇല്ലാത്ത പോത്തിറച്ചിയുടെ കഷണം ഇഞ്ചിയും പച്ചമുളകും ഉപ്പും കറിവേപ്പിലയും കൂട്ടി കുനുകുനാന്ന് കൊത്തിയെടുക്കുകയോ ഉരലിലിട്ട് ഇടിച്ച് എടുക്കുകയോ ചെയ്ത്, സ്പൂൺ വട്ടത്തിൽ ആകൃതി വരുത്തി, എണ്ണയിൽ മെല്ലെ മൊരിച്ചെടുക്കുന്ന കട്ലറ്റാണ് തൃശ്ശൂർക്ക് പ്രിയം. പിന്നെ സർളാസ് ഉണ്ടാവും. പച്ചക്കറിയോ മറ്റ് അനുസാരികളോ അന്നത്തെ ദിവസം അടുക്കളയിൽ വേവിക്കുകയേയില്ല.കേടാവാതിരിക്കാൻ ചൂടാക്കും തോറും, കുറുകി വരുന്നതാണ് കറികൾ എല്ലാം തന്നെ. ക്രിസ്മസ് പിറ്റേന്ന് ആവുമ്പോഴേക്കും ഇറച്ചിക്കറിയും മീൻ കറിയുമെല്ലാം കൊതിപ്പിക്കുന്ന ഒരു പരുവത്തിൽ എത്തിയിട്ടുണ്ടാവും. ചോറും പാത്രത്തിൻ്റെ അരികിൽ ഒരു തുണ്ട് കറി മതി.

annie , christmas memories , iemalayalam
കെട്ടും ഭാണ്ഡവും മുറുക്കി കോട്ടയത്ത് പൊറുക്കാൻ എത്തിയ ആദ്യകാലങ്ങളിൽ അമ്പരപ്പായിരുന്നു. നിറയെ വളവും തിരിവും കയറ്റവും ഇറക്കവും ഒക്കെയുള്ള നാട്. ചുവന്നു തീ നിറത്തിൽ ഇരിക്കുന്ന മീൻകറിയും കപ്പയും ഇഷ്ട രുചികളിൽ ഇടംപിടിച്ചത് ഇവിടെനിന്നാണ്. അതുപോലെ കപ്പ ബിരിയാണിയും. കോട്ടയംകാരുടെ ദേശീയ ഭക്ഷണം തന്നെ കപ്പയും മീനുമാണ്. അത് ക്രിസ്മസ് ആണേലും ഈസ്റ്റർ ആണേലും മാറ്റമൊന്നുമില്ല. ക്രിസ്മസ് ഏറ്റവും നന്നായി ആഘോഷിക്കുന്നത് കോട്ടയംകാർ ആണെന്ന് തോന്നിയിട്ടുണ്ട്. വീട്ടമ്മമാർ നവംബർ അവസാനം ആവുമ്പോഴേക്കും വീഞ്ഞു ഭരണികൾ പുറത്തെടുത്തു വെയിലത്തു വെച്ച് ഉണക്കാൻ തുടങ്ങും. പ്ലം കേക്കിനുള്ള ഫ്രൂട്ട്സ് റമ്മിൽ കുതിർത്തുവയ്ക്കും. ഡിസംബർ ഒന്നാം തീയതി മുതൽ നക്ഷത്രവിളക്കുകളും ക്രിസ്മസ് റീത്തുകളും അലങ്കാരങ്ങളും സാന്താക്ലോസും ചുവപ്പും വെളുപ്പും നിറത്തിലുള്ള മേശവിരികളുമായി വീടിനെ ക്രിസ്മസ് നിറത്തിലേക്ക് മാറ്റും. ഈ സമയത്ത് ഓരോ വീടുകളും ഓരോ കാഴ്ചകളാണ് സമ്മാനിക്കുക. ക്രിസ്മസിനു വേണ്ടി ഇത്രയേറെ ഒരുങ്ങുന്ന വേറൊരു ജില്ലക്കാർ കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. അത്രയേറെ പകിട്ടോടെ അവർ ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങും. ഏറ്റവും കൂടുതൽ ഹോം ബേക്കേഴ്സ് ഉള്ള നാട് കൂടിയാണ് കോട്ടയം. കേക്കും കുക്കീസും കപ്പ് കേക്കുകളും വീട്ടിൽ തന്നെ തയ്യാറാക്കുന്നവർ ധാരാളം ഉള്ള ഇടം. ഡിസംബർ പകുതി കഴിയുമ്പോഴേക്കും വീഞ്ഞും കേക്കുകളും തയ്യാറായി കഴിയും. വീടുകളിൽ ചെന്നാൽ കേക്ക് കഷണങ്ങളും വൈനുമായി അവർ സൽക്കരിക്കും.annie , christmas memories , iemalayalam
പാതിരാ കുർബാന കഴിഞ്ഞെത്തുന്ന ക്രിസ്മസിൻ്റെയന്ന് കാലത്ത് കള്ളപ്പവും കരിമീൻ മപ്പാസുമാണ് കോട്ടയം സ്പെഷ്യൽ. അല്ലേൽ കപ്പ പന്നിയിറച്ചിയോ മീൻ കറിയോ കൂട്ടി കഴിക്കും. ഉണക്കകപ്പ ആഘോഷങ്ങൾക്കു ഉപയോഗിക്കുക പതിവില്ല. കുതിർത്ത പച്ചരി മധുരകള്ളും തേങ്ങയും ചേർത്ത് അരച്ചു, കപ്പി കാച്ചി, പുളിപ്പിച്ച് ചുട്ടെടുക്കുന്ന അപ്പങ്ങൾ. സവാളയും ഇഞ്ചിയും പച്ചമുളകും വഴറ്റിയതിൽ സുഗന്ധവ്യഞ്ജനങ്ങളും കുറുകിയ തേങ്ങാപ്പാലും ചേർത്ത് തിളക്കുമ്പോൾ കരിമീൻ മുറിക്കാതെ ഇട്ടു വേവിച്ചു, മീതെ തക്കാളി കഷണങ്ങൾ നിരത്തി ഉണ്ടാക്കുന്ന കൊതിയൂറും മപ്പാസ്. കൊഴുത്ത പാലിൻ്റെ നിറത്തിനു മീതെ എണ്ണ മിനുങ്ങി കിടക്കും. അപ്പത്തിൻ്റെ ലെയ്സ് അരികുകളിലേക്ക് മപ്പാസിൻ്റെ ചാറ് കിനിഞ്ഞിറങ്ങി വരുമ്പോഴുണ്ടാകുന്ന രുചിയിൽ ക്രിസ്മസ് പൊടിപൊടിക്കും.

കോഴിയോ ബീഫോ കൊണ്ട് സ്‌റ്റൂവും ഉണ്ടാക്കുക പതിവുണ്ട്.പന്നിയിറച്ചി പൊതുവേ ഉലർത്തുകയാണ് ചെയ്യാറുള്ളത് എങ്കിലും കുറച്ചു നീട്ടി ചാറാക്കിയും വെക്കും. പന്നിയിറച്ചി കഷണങ്ങളാക്കി കുഞ്ഞുള്ളിയും ഇഞ്ചിയും പച്ചമുളകും ലേശം മഞ്ഞൾപൊടിയും മസാലയും ചേർത്ത് വേവിക്കുക.സവാളയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും വഴറ്റി മസാല ചേർത്ത് മൂപ്പിച്ച് വേവിച്ച ഇറച്ചിയും ചേർത്ത് തേങ്ങാപ്പാൽ ഒഴിച്ചു പാകപ്പെടുത്തി എടുത്താൽ അപ്പത്തിൻ്റെ കൂടെ കഴിക്കാൻ നല്ലൊരു കറിയാണ്.annie , christmas memories, iemalayalam
മീൻ വിട്ടൊരു കളിയില്ല കോട്ടയംകാർക്ക്.വെട്ടു കഷണം മീനുകൾ കടുകും ഉലുവയും താളിച്ച് മസാലകൾ അരച്ചെടുത്ത പേസ്റ്റ് നന്നായി മൂപ്പിച്ചു കുടംപുളി തിളപ്പിച്ച വെള്ളം ഒഴിച്ചു തിളച്ചുവരുമ്പോൾ മീനുകൾ പെറുക്കി ഇട്ടു വേവിച്ചെടുക്കും. ബീഫ് പെരളനോ വറുത്തോ എടുക്കും. നാടൻ താറാവ് പപ്പും പൂടയും പറിച്ച് തൊലി കളയാതെ കുരുമുളക് ചേർത്ത് കറിവയ്ക്കും. എത്ര കറി ഉണ്ടേലും അല്പം മോരു കാച്ചിയതോ എന്തേലും ഒരു പച്ചക്കറിയോ കോട്ടയംകാർക്ക് വേണം.കാബേജ് തോരൻ, അച്ചിങ്ങ പയർ മെഴുക്കുപുരട്ടി അങ്ങനെ എന്തേലും ആവും.തൈര് ചേർത്ത സാലഡുമുണ്ടാവും. ഭക്ഷണശേഷം ഒരു പുഡ്ഡിങ്ങോ മധുര വിഭവമോ കഴിച്ചാലേ മനസ്സിന് ഇണക്കം വരൂ.മുട്ടയും പഞ്ചസാരയും വാനില എസ്സൻസും എല്ലാം പാകപെടുത്തിയുണ്ടാക്കുന്ന കാരമൽ പുഡ്ഡിംങ്, ബ്രഡ് പുഡിങ് എന്നിവയാണ് സാധാരണ തയാറാക്കുന്നത്.

മനോഹരമായ ഒരു കാഴ്ച പോലെയാണ് ക്രിസ്മസ് ദിനത്തിലെ ഊണുമേശ. വിഭവങ്ങളെല്ലാം ഭംഗിയോടെ അടുക്കി വയ്ക്കും. അതു കാണുമ്പോൾ തന്നെ ഹൃദയം നിറയും.പുതിയതെന്തും പരീക്ഷിക്കാൻ ഇഷ്ടമാണ് കോട്ടയംകാർക്ക്. വൈനുകളിലും കേക്കുകളിലും കറികളിലും റൈസുകളിലും എന്തിന് സാലഡിൽ വരെ ഓരോ വർഷവും പരീക്ഷണം നടത്താൻ തുനിയും. അതുകൊണ്ടുതന്നെ കോട്ടയത്ത് ഓരോ ക്രിസ്മസിനും ഓരോ രുചികളാണ്.

Read More: കന്റോൺമെന്റിലെ ക്രിസ്‌മസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook