ലോകമെമ്പാടുമുള്ള ജനങ്ങൾ എല്ലാ വർഷവും ഡിസംബർ 25ന് യേശുവിന്റെ ജനനത്തെ അനുസ്‌മരിച്ച് ക്രിസ്‌മസ് ആഘോഷിക്കാറുണ്ട്. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ കന്യാമറിയത്തിന്റയും ജോസഫിന്റെയും മകനായി യേശു ജനിച്ചു എന്നാണ് ഐതിഹ്യം.

റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റാന്റിൻ ചക്രവർത്തിയാണ് 336 എഡിയിൽ ഡിസംബർ 25 യേശുവിന്റെ ജനനത്തെ അനുസ്‌മരണാർത്ഥം ക്രിസ്‌മസ് ആഘോഷിക്കാൻ ഉത്തരവിറക്കിയത്. നൂറ്റാണ്ടുകൾക്ക് ശേഷം ലോക വ്യാപകമായി ക്രിസ്‌മസ് ആഘോഷിക്കാൻ തുടങ്ങി. ഡിസംബർ 24ന് ആഘോഷങ്ങൾ തുടങ്ങി ഡിസംബർ 25ന് അവസാനിക്കുന്ന രീതിയിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്‌മസ് ആഘോഷിക്കുന്നത്.

കന്യാമറിയത്തിനും ജോസഫിനും പരിശുദ്ധാത്മാവിന്റെ കടാക്ഷത്തിൽ ജനിച്ച മകനാണ് യേശുവെന്നാണ് ബൈബിളിൽ പറയുന്നത്. ലോകത്തെ രക്ഷിക്കാൻ ഒരു ദൈവ പുത്രൻ പിറക്കുന്നുണ്ടെന്നും, അവനെ യേശു എന്ന് വിളിക്കണം എന്നും ഉണ്ണിയേശുവിന്റെ ജനനത്തെക്കുറിച്ച് മാലാഖ പ്രവചിച്ചിരുന്നു, കാലിത്തൊഴുത്തിൽ പിറന്ന ദൈവ പുത്രനെ കാണുവാൻ ആദ്യമെത്തിയത് ആട്ടിടയന്മാരായിരുന്നു. പിന്നീട് ദൂരദേശത്ത് നിന്നും വിലയേറിയ സമ്മാനങ്ങളുമായി മൂന്ന് രാജാക്കന്മാരെത്തിയെന്നുമാണ് ബൈബിൾ പറയുന്നത്.

ക്രിസ്‌തീയ വിശ്വാസികൾക്ക് ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ് ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്‌മസ്. ലോകത്തിന്റെയും ജനങ്ങളുടേയും രക്ഷയ്ക്കും പാപമോചനത്തിനായും ദൈവപുത്രൻ സ്വയം ബലി അർപ്പിച്ചു എന്നാണ് വിശ്വാസം. ക്രിസ്തുവിന്റെ കുരിശ് മരണം ജനങ്ങളുടെ പാപമോചനത്തിനായി സ്വയം ബലി നൽകിയതാണ് എന്നാണ് ക്രിസ്തീയ വിശ്വാസം.

ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി പള്ളികളിൽ പാതിരാവോളം നീണ്ടു നിൽക്കുന്ന പാതിരാ കുർബാന ഉണ്ടാകും. കൂടാതെ ക്രിസ്‌മസ് കരോളും, ക്രിസ്‌മസ് പാപ്പയും, കേക്കും, വീഞ്ഞുമടങ്ങുന്ന ക്രിസ്‌മസ് വിരുന്നും ക്രിസ്‌മസിന്റ അവിഭാജ്യ ഘടകമാണ്.

ക്രിസ്‌മസിന്റ മറ്റൊരു ആകർഷണം പുൽക്കൂടും, നക്ഷത്രവും, ക്രിസ്‌മസ് ട്രീയുമാണ്. വർണ്ണ കടലാസുകളും, അലങ്കാര മണിയും, സമ്മാനങ്ങളും കൊണ്ടാണ് ക്രിസ്‌മസ് ട്രീ നിർമ്മിക്കുന്നത്. ചുവപ്പ്, പച്ച, സ്വർണ്ണനിറം, വെള്ള എന്നീ നിറങ്ങളാണ് പ്രധാനമായും ക്രിസ്‌മസ് അലങ്കാരങ്ങളിൽ ഉൾപ്പെടുത്തുന്നത്. വെള്ള ശാന്തിയെയും സമാധാനത്തേയും, ചുവപ്പ് യേശുവിന്റ തിരു രക്തത്തെയും, പച്ച മരണാനന്തര ജീവിതത്തെയും, സ്വർണ്ണ നിറം രാജകീയതേയും പ്രതിനിധീകരിക്കുന്നു.

കുടുബാംഗങ്ങൾ ഒന്നിച്ചിരുന്നുള്ള ക്രിസ്‌മസ് വിരുന്നാണ് മറ്റൊരു പ്രത്യേകത. മത്സ്യ മാംസ വിഭവങ്ങളും വീഞ്ഞും കേക്കും അടങ്ങിയതായിരിക്കും ക്രിസ്‌മസ് വിരുന്ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook