കൊച്ചി: ചിന്നാര്‍ വന്യ ജീവി സങ്കേതത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി റാഗി ബിരിയാണിയുടെ രുചി ആസ്വദിക്കാം. സംസ്ഥാനത്തു തന്നെ ആദ്യമായി റാഗി, കൂവരക് ബിരിയാണികള്‍ വിജയയകരമായി ഉണ്ടാക്കിയത് ചിന്നാര്‍ വന്യജീവി സങ്കേതമായിരിക്കാം.

“ആദ്യമായാണ് ഒരു വന്യജീവി സങ്കേതത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് റാഗി, കൂവരക് എന്നീ പരമ്പരാഗത ആദിവാസി ഭക്ഷ്യ വിഭവങ്ങള്‍ ഉപയോഗിച്ചു പ്രത്യേകമായി തയാറാക്കുന്ന വിഭവങ്ങള്‍ ലഭ്യമാക്കുന്നത്,” ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു പറയുന്നു.

കേരളാ ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഒന്നരമാസം നീണ്ട പരിശീലന പരിപാടികളുടെ ഭാഗമായാണ് വൈവിധ്യങ്ങളായ ആഹാര പദാര്‍ഥങ്ങള്‍ തയാറാക്കിയത്. പരിസ്ഥിതി അവബോധം, വിനോദ സഞ്ചാരികളുമായി ഇടപെടാനുള്ള പരിശീലനം, ഇരുപതോളം വൈവിധ്യങ്ങളായ ആഹാര പദാര്‍ഥങ്ങള്‍ തയാറാക്കാനുള്ള പരിശീലനം എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടന്നതെന്ന് വന്യജീവി സങ്കേതം അധികൃതര്‍.

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഇക്കോ ടൂറിസം പ്രോഗ്രാമുകളില്‍ ജോലി ചെയ്യുന്ന 55 ജീവനക്കരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ആദിവാസി ഭക്ഷ്യവിഭവങ്ങള്‍ തയാറാക്കുന്നതില്‍ പ്രത്യേക പരിശീലനം നേടിയവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. പോഷക ഗുണത്തിലും ഗുണനിലവാരത്തിലും ചെറു ധാന്യങ്ങളുടെ രാജാവയ റാഗി ഉപയോഗിച്ച് വൈവിധ്യങ്ങളായ പത്തോളം സ്വാദിഷ്ടമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തയാറാക്കി.

ഇതില്‍ റാഗി, വരഗ് എന്നിവ ഉപയോഗിച്ചു തയാറാക്കിയ ചിക്കന്‍, വെജിറ്റബിള്‍ ബിരിയാണികള്‍, റാഗി പത്തിരി റാഗി ലഡു, റാഗി പക്കാവട, തിന ലഡു, ചാമ ലഡു, റാഗി മുറുക്ക്, തിന അതിരസം, ചക്ക അച്ചാര്‍, പക്കാവട, ചക്കക്കുരു പൂരി, ചക്കക്കുരു ചപ്പാത്തി എന്നിവയാണ് പ്രത്യേകമായി തയാറാക്കിയ വിഭവങ്ങളെന്ന് പ്രഭു പറഞ്ഞു. പ്രത്യേകമായി തയാറാക്കിയ ഈ വിഭവങ്ങള്‍ വനം വകുപ്പിന്റെ ആലാംപെട്ടി, കരിമുട്ടി, ചിന്നാര്‍ എന്നിവിടങ്ങളിലുള്ള ഇക്കോ ഷോപ്പുകളിലൂടെ സഞ്ചാരികള്‍ക്കു ലഭ്യമാകുമെന്നും അധികൃതര്‍.

ചെറുധാന്യങ്ങളില്‍ നിന്ന് കൂടുതല്‍ മൂല്യ വര്‍ധിത ഉള്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തുന്നത് ആദിവാസികള്‍ക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും വിപണി ഉറപ്പാക്കാനും സഹായിക്കുമെന്ന് പിഎം പ്രഭു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook