ബെയ്ജിങ്: ഡോക്ടര്‍ എത്താത്തതു കൊണ്ട് ചികിത്സ നിഷേധിക്കപ്പെടുകയും ശസ്ത്രക്രിയ വൈകുകയും ചെയ്ത് ജീവന്‍ പോലും അപകടത്തിലായ നിരവധി പേരുടെ കഥകള്‍ ദിനം പ്രതി നമ്മള്‍ മാധ്യമങ്ങളില്‍ കാണാറുണ്ട്. അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി ഊരുകളില്‍ ഇങ്ങനെ ചികിത്സ നിഷേധിക്കപ്പെട്ട, അശ്രദ്ധകൊണ്ടും അവഗണന കൊണ്ടും ജീവന്‍ നഷ്ടപ്പെട്ട എത്രയോ പേര്‍. എന്നാല്‍ ഡോക്ടര്‍ അടുത്തില്ലെങ്കിലും ശസ്ത്രക്രിയയും ചികിത്സയും മുടങ്ങാത്ത അവസ്ഥയാണെങ്കിലോ. കഥയല്ല, ഇത് യാഥാര്‍ത്ഥ്യമാണ്.

സംഭവം നടന്നത് ചൈനയിലാണ്. 1800 മൈലുകള്‍ അതായത് മൂവായിരം കിലോമീറ്റര്‍ അകലെനിന്നു ഡോ. ലിങ് സിപേയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് റൊബോട്ടുകളാണ് ശസ്ത്രക്രിയ നടത്തിയത്. 5ജി മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ സഹായത്തോടെ നടത്തുന്ന ലോകത്തെ ആദ്യ റിമോര്‍ട്ട് ബ്രെയിന്‍ സര്‍ജറിയുമാണിത്.

ബെയ്ജിങ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ലിങ് സിപേയ് റൊബോട്ടുകളുടെ സഹായത്തോടെ രോഗിയുടെ തലച്ചോറില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചുകൊണ്ടാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്തിരുന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ആള്‍ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോള്‍ അദ്ദേഹം ദക്ഷിണ ചൈനയിലെ സാന്‍യയിലായിരുന്നു. തുടര്‍ന്നു 5ജി നെറ്റ്വര്‍ക്കിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ഇത് മൂന്നു മണിക്കൂര്‍ നീണ്ടു നിന്നതായി ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്റര്‍നെറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റൊബോര്‍ട്ടുകളെയാണ് ശസ്ത്രക്രിയയ്ക്കായി ഉപയോഗിച്ചത്. ഇവയുടെ സഹായത്തോടെ, ഹൃദയത്തില്‍ പേസ് മേക്കര്‍ എന്ന പോലെ തലച്ചോറില്‍ ഡീപ് ബ്രെയിന്‍ സ്റ്റിമുലേറ്റര്‍ ഇംപ്ലാന്റ് ഘടിപ്പിക്കുകയാണ് ചെയ്തത്.

നേരിയ പിഴവ് പോലും രോഗിയുടെ ശരീരം തളര്‍ന്നുപോകുന്ന അവസ്ഥയുണ്ടാക്കും. തലച്ചോറിന്റെ പ്രത്യേക മേഖലയിലാണ് ഇലക്ട്രോഡുകള്‍ ഘടിപ്പിക്കേണ്ടത്. ആശുപത്രിയില്‍നിന്നു ലഭിച്ച തല്‍സമയ വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണു ഡോ. സിപേയ് ശസ്ത്രക്രിയാ റൊബോട്ടുകള്‍ക്കു നിര്‍ദേശം നല്‍കിയത്.

ശസ്ത്രക്രിയ താന്‍ നേരിട്ടുനടത്തുന്നതായി അനുഭവപ്പെട്ടെന്ന് ഡോ. സിപേയ് അറിയിച്ചു. ഇത്തരം ശസ്ത്രക്രിയകള്‍ വ്യാപകമാക്കാനുള്ള നീക്കത്തിലാണു ചൈന.

നാഡികള്‍ക്ക് സംഭവിക്കുന്ന തകരാറാണ് പാര്‍ക്കിന്‍സണ്‍സിന്റെ കാരണം. ഇത് ശരീരത്തിലെ ഇലക്ട്രിക്കല്‍ സിഗ്നലുകളെ നിയന്ത്രണാതീതമാക്കുന്നു. മസിലുകളില്‍ വിറയവല്‍ ഉള്‍പ്പൈടെ സംഭവിക്കാം.

കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ഒരു കോടി ആളുകളാണ്‍ പാര്‍ക്കിന്‍സണ്‍സ് ബാധിതരായുള്ളത്. യുകെയില്‍ മാത്രം 1,45,000 രോഗികള്‍ ഉണ്ട്. ശരീരത്തിലേക്ക് ഉപകരണം ഘടിപ്പിക്കുക വഴി സിഗ്നലുകളെ നിയന്ത്രണവിധേയമാക്കുകയും മസിലുകളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്ക് കൊണ്ടുവരികയും ചെയ്യാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook