Children’s Day 2020: സ്വാതന്ത്ര്യസമര നായകനും സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് രാജ്യമെങ്ങും ശിശുദിനമായാണ് ആചരിച്ചു വരുന്നത്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഏറെ പ്രശസ്തമാണ്. ആ സ്നേഹം തിരിച്ച് കുട്ടികൾക്കും അദ്ദേഹത്തിനോടുണ്ടായിരുന്നു, അവർ നെഹ്റുവിനെ സ്നേഹത്തോടെ ചാച്ചാ നെഹ്റു എന്നു വിളിച്ചു.

ശിശുദിനത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികളും പ്രസംഗമത്സരവുമെല്ലാം സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലെ ശിശുദിനാഘോഷവും ഓൺലൈനാണ്.

ആധുനിക ഇന്ത്യയുടെ ശിൽപിയായാണ് രാജ്യം നെഹ്റുവിനെ ആദരിക്കുന്നത്. കശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിലുള്ള ബ്രാഹ്മണ കുടുബത്തില്‍ ജനിച്ചതിനാല്‍, അദ്ദേഹം പണ്ഡിറ്റ് ജവഹര്‍ലാല്‍ എന്നും എന്നറിയപ്പെട്ടു. ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നാണ് നെഹ്റു ബിരുദം കരസ്ഥമാക്കിയത്. വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്റു അലഹബാദ് കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു. പിന്നീട് അഭിഭാഷകജോലി വിട്ട് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്റു താൽപര്യപ്പെട്ടത്.

Read more: Childrens Day Wishes: ശിശുദിനാശംസകൾ കൈമാറാം

മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പ്പോരാളിയായി പ്രവർത്തിച്ച നെഹ്റു ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ്, രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടി.

1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സകൾ തുടർന്നുവെങ്കിലും മേയിൽ രോഗനില വഷളായി. മേയ് 27 ന് രോഗം മൂര്‍ഛിച്ച് അദ്ദേഹം അന്തരിച്ചു. തന്റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണമെന്നും വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകളില്‍ വിതറണമെന്നുമായിരുന്നു നെഹ്റുവിന്റെ അന്ത്യാഭിലാഷം. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ചിതാഭസ്മം അലഹാബാദിലെ ത്രീവേണീ സംഗമത്തില്‍ ഒഴുക്കുകയും ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറുകയും ചെയ്തു.

Children’s Day Speech for Kids: ശിശുദിനപ്രസംഗം സ്കൂളുകളിൽ

സ്കൂളുകളിൽ അവതരിപ്പിക്കാനുള്ള ശിശുദിന പ്രസംഗം തയ്യാറാക്കും മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മനോഹരമായൊരു പ്രസംഗം തയ്യാറാൻ നിങ്ങളെ സഹായിക്കും.

പ്രസംഗത്തിനുള്ള വിവരങ്ങള്‍ ശേഖരിക്കുക

ഒരു വിഷയമെടുത്ത് കഴിഞ്ഞാല്‍ അതിന് വേണ്ട പഠനങ്ങള്‍ തുടങ്ങി വിവരങ്ങള്‍ ശേഖരിക്കുക. നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കാന്‍ അധ്യാപകരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടുക.

പല ഭാഗങ്ങളാക്കി തിരിക്കുക

നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ച്‌  കഴിഞ്ഞാൽ   ശേഖരിച്ച വിവരങ്ങളെ കൃത്യമായ രീതിയിൽ അടുക്കി വെയ്ക്കുക.

എഴുതി തുടങ്ങുക

പ്രസംഗം എഴുതി തയ്യാറാക്കുക. ആമുഖവും കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്യഭാഗവും ഉപസംഹാരവും വേണം. ശിശുദിനത്തിന്റെ പ്രസക്തി, നെഹ്റു മുന്നോട്ട് വെച്ച ആശയങ്ങൾ, ജീവിതവീക്ഷണം തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുത്താം. പിന്നീട് അതേക്കുറിച്ച് നിങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരണം. പ്രസംഗം മുഴുവന്‍ ഒരു വിഷയത്തിലേക്കൊതുക്കി, നല്ല വാക്കുകളാല്‍ ഉപസംഹാരം ഒരുക്കുക.

കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷ

പ്രസംഗം തയ്യാറാക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷയുടെ പ്രയോഗമെന്നുളള കാര്യം മറക്കരുത്. പ്രസംഗം കൂടുതല്‍ ആകര്‍ഷണമാക്കാന്‍ നെഹ്റുവിന്റെ പ്രശസ്തമായ വചനങ്ങൾ ചേര്‍ക്കാവുന്നതാണ്.

നെഹ്റുവിന്റെ 10 മഹത് വചനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്

2. മറ്റുള്ളവർ‌ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ‌ പ്രധാനം നമ്മൾ എന്താണെന്നുളളതാണ്

3. ഒരാൾ വാങ്ങുന്ന ശമ്പളമോ, ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത്

4. ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്

5. രാജ്യത്തിന്റെ സേവനത്തിൽ പൗരത്വം അടങ്ങിയിരിക്കുന്നു

6. വസ്തുതകൾ വസ്തുതകളാണ്, നിങ്ങളുടെ ഇഷ്‌ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല

7. സമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും

8. മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം

9. ഒരു ജനതയുടെ കല അവരുടെ മനസിന്റെ യഥാർഥ കണ്ണാടിയാണ്

10. നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook