Children’s Day 2018:എല്ലാ വര്‍ഷവും നവംബര്‍ 14ന് ഇന്ത്യയൊട്ടാകെ ശിശുദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്ഹാലാല് നെഹ്റുവിന്റെ സ്മരണാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ജന്മദിനം നാം ശിശുദിനമായി കൊണ്ടാടുന്നത്. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സ്നേഹപൂര്‍വ്വം എല്ലാവരും അദ്ദേഹത്തെ ചാച്ച നെഹ്റു എന്നു വിളിച്ചു.
കുട്ടികള്‍ക്ക് കൂടുതല്‍ സ്നേഹം നല്‍കേണ്ടതിന്റെ, കരുതലും അടുപ്പവും പകരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക കൂടിയാണ് ആ ദിനം. ‘ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക. നമ്മള് അവരെ വളര്‍ത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുക,’ എന്ന് പറഞ്ഞത് നെഹ്റുവാണ്.
കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ ശക്തമായി വാദിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു നെഹ്റു. ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഓള് ഇന്ത്യാ ഇന്സ്റ്റിറ്റിയൂറ്റ്സ് ഓഫ് ടെക്നോളജി, ദി ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂറ്റ്സ് ഓഫ് മാനേജ്മെന്റ്, ദി നാഷണല്‍ ഇന്സ്റ്റിറ്റിയൂറ്റ്സ് ഓഫ് ടെക്നോളജി എന്നിവയുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച ആള് കൂടിയാണ് നെഹ്റു.
അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14ന് സ്കൂളുകളിലും കോളേജുകളിലും സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളോടുള്ള സ്നേഹവും അടുപ്പവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പല അധ്യാപകരും ഈ പരിപാടികളുടെ ഭാഗമാകുന്നത് പതിവാണ്.
1964ല്‍ നെഹ്റുവിന്റെ മരണശേഷമാണ് ഇന്ത്യയില്‍ നവംബര്‍ 14 ശിശുദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനും മുമ്പ് പല രാജ്യങ്ങളിലും നവംബര്‍ 20 ശിശുദിനമായി ആഘോഷിക്കാറുണ്ട്. ഐക്യരാഷ്ട്ര സഭ ആഗോള ശിശുദിനമായി ആഘോഷിക്കുന്നതും നവംബര്‍ 20 ആണ്.