കുട്ടികളെ വളർത്തുന്നതിന്റെ കഷ്‌ടപ്പാടുകൾ പല മാതാപിതാക്കളും പറയാറുണ്ട്. എന്നാൽ ഈ കഷ്‌ടപ്പാടെല്ലാം സഹിച്ചാലും അച്ഛന്റെയും അമ്മയുടെയും ‘ഭാവി’ക്ക് നല്ലതാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാകുന്നത്. കാരണം മക്കളുണ്ടെങ്കിൽ ആയുസ്സ് കൂടുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഒരു കുട്ടിയെങ്കിലുമുളളവരാണെങ്കിൽ വാർദ്ധക്യത്തോട് അടുത്തവർക്ക് കുട്ടികളില്ലാത്തവരെക്കാളും കൂടുതൽ ആയുസ്സ് ഉണ്ടാകുമെന്നാണ് പഠനം തെളിയിച്ചത്. അതിൽതന്നെ സ്ത്രീകളെക്കാളും മക്കളുളള പുരുഷന്മാരാണ് കൂടുതൽ കാലം ജീവിക്കുന്നത്. പക്ഷേ മക്കൾ ആണായാലും പെണ്ണായാലും ഈ നിരക്കിനെ അത് ബാധിക്കില്ല.

അറുപത് വയസ്സിന് മുകളിലുളളവരെയാണ് പഠനത്തിന് വിധേയരാക്കിയത്. നൂറു വയസ്സു വരെയുളളവർ പഠനത്തിന് വിധേയരായിരുന്നു. 80-ാം വയസ്സിൽ മക്കളില്ലാത്തവരെ അപേക്ഷിച്ച് കുട്ടികളുളള പുരുഷന്മാർക്ക് 7.4 ശതമാനം മാത്രമാണ് മരണ സാധ്യത കൽപിക്കുന്നത്. മക്കളില്ലാത്തവർക്ക് ഇത് 8.3 ശതമാനമാണ് കണക്കാക്കുന്നത്.

അതേസമയം, അവിവാഹിതരായ പുരുഷന്മാർക്ക് 90 വയസ്സിന് മുകളിൽ 1.47 ശതമാനം മരണ സാധ്യത പറയുമ്പോൾ വിവാഹിതരായവർക്ക് 0.6 ശതമാനം വിലയിരുത്തുന്നു. മക്കളില്ലാത്ത ദമ്പതികൾ വാർദ്ധക്യത്തിലേക്കെത്തുമ്പോഴാണ് കൂടുതൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതെന്നും എപിഡമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ