ഡിറ്റോക്സ് പാനീയങ്ങൾക്ക് ഇന്നു ആവശ്യക്കാരേറെയാണ്. ശരീരത്തെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കുമെന്നും മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും വർധിപ്പിക്കാൻ ഈ പാനീയങ്ങൾ സഹായിക്കുമെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. ഈ പാനീയങ്ങൾക്ക് ധാരാളം ഗുണങ്ങളുണ്ട്, പ്രധാനമായും ദഹനാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇവയ്ക്ക് കഴിയും.
ഡിറ്റോക്സ് പാനീയങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുമെന്ന് കരുതുന്നു. ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. കാരണം ഈ പാനീയങ്ങളുടെ കലോറി അളവ് കുറവാണ്. വ്യത്യസ്ത ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നിരവധി ഡിറ്റോക്സ് പാനീയങ്ങളുണ്ട്. അവയിൽ ചിലതെങ്കിലും നിങ്ങൾ കുടിച്ചിട്ടുണ്ടാകും.
ഈ പാനീയങ്ങൾക്ക് ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും, നിങ്ങൾ ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ അവ സഹായകരമാണോ എന്നറിയാൻ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുക. അതുപോലെ, നിങ്ങൾക്ക് ഗുണകരമായ ഒരു പാനീയം മറ്റൊരാൾക്ക് അങ്ങനെ ആകണമെന്നില്ല. ഇതെപ്പോഴും മനസിൽ വയ്ക്കുക. അതുപോലെ, ഡിറ്റോക്സ് പാനീയങ്ങൾ മറ്റ് പോഷകഗുണമുള്ള ഭക്ഷണങ്ങൾക്ക് പകരമല്ല, ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്താവുന്നവ മാത്രമാണ്.
നാലു ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു ഡിറ്റോക്സ് പാനീയത്തെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ. ആർതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഗ്രീൻ ആപ്പിൾ, കുക്കുമ്പർ, സെലറി, ഇഞ്ചി എന്നിവയാണ് ഇതിന് ആവശ്യമായിട്ടുള്ളത്.
ആന്റിഓക്സിഡന്റുകൾ നിറഞ്ഞ ഈ പാനീയം ചർമ്മം തിളങ്ങാനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും, മൊത്തത്തിലുള്ള ആരോഗ്യത്തിനും, ശരീരത്തിൽനിന്നും വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ഈ പാനീയം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളുടെ ആരോഗ്യ ഗുണത്തെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.
- ആപ്പിൾ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്
- കുക്കുമ്പർ ഒരു ആന്റിഓക്‌സിഡന്റാണ്, ശരീരത്തിൽ ജലാംശം വർധിപ്പിക്കാൻ സഹായിക്കുന്നു
- സെലറി ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ്
- ഇഞ്ചി രുചി നൽകുന്നു
തയ്യാറാക്കുന്ന വിധം
നാല് ചേരുവകളും ചെറുകഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. മിക്സി ജാറിലാക്കി അരച്ചെടുക്കുക. ഒരു ഗ്ലാസിൽ ഒഴിച്ച് കുടിക്കുക.