ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണ് ചായ. രാവിലെ എണീറ്റ് ഒരു കപ്പ് ചായ കുടിച്ചാൽ കിട്ടുന്ന ഊർജം ഒന്നു വേറെ തന്നെയാണ്. അമേരിക്കയിൽ ചായ വിറ്റ് കോടീശ്വരി ആയിരിക്കുകയാണ് ഒരു വനിത. കൊളറാഡോ സ്വദേശിയായ ബ്രൂക്ക് എഡ്ഡിയാണ് ചായ കച്ചവടത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നത്.

2002 ൽ ഇന്ത്യയിലെത്തിയപ്പോഴാണ് ചായ കച്ചവടം എന്ന ആശയം എഡ്ഡിയുടെ മനസിൽ ഉണ്ടാകുന്നത്. ഇന്ത്യയിൽനിന്നും കൊളറാഡോയിൽ തിരികെയെത്തിയ എഡ്ഡി പല റസ്റ്ററന്റുകളിൽനിന്നും ചായ കുടിച്ചുവെങ്കിലും അവയ്ക്കൊന്നും ഇന്ത്യയിൽനിന്നുളള ചായയുടെ സ്വാദ് ഉണ്ടായിരുന്നില്ല. അങ്ങനെ 2006 ൽ എഡ്ഡി സ്വന്തമായി ചായ ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. ‘ഭക്തി ചായ’ എന്ന് അതിന് പേരിടുകയും ചെയ്തു.

ആദ്യമൊക്ക ചായയുമായി തന്റെ കാറിൽ സഞ്ചരിച്ചാണ് വിറ്റിരുന്നത്. അതിനുശേഷം ബൗൾഡർ, കൊളറാഡോ എന്നിവിടങ്ങളിലെ ചില റസ്റ്ററന്റുകളിൽ നൽകിത്തുടങ്ങി. 2007 ൽ സ്വന്തമായി ഒരു വെബ്സൈറ്റ് രൂപീകരിച്ചു. ഇതിലൂടെ നിരവധി ഉപഭോക്താക്കളെ കിട്ടുകയും ‘ഭക്തി ചായ’യുടെ പ്രശസ്തി മറ്റു പല ഇടങ്ങളിലേക്ക് എത്തുകയും ചെയ്തു. ഇന്ന് അമേരിക്കയിലുടനീളം ഭക്തി ചായ പ്രേമികളുണ്ട്.

വൈബ്സൈറ്റ് രൂപീകരിച്ച് ഒരു വർഷത്തിനുശേഷം ജോലി ഉപേക്ഷിച്ച് എഡ്ഡി മുഴുവൻ സമയവും ഭക്തി ചായ ബിസിനസിലേക്ക് കടന്നു. തുടർന്ന് അങ്ങോട്ട് കമ്പനിയുടെ വളർച്ച പെട്ടെന്നായിരുന്നു. 2014 ലെ മികച്ച സംരംഭകർക്കുളള അവാർഡ് പട്ടികയിൽ 5-ാം സ്ഥാനത്തായിരുന്നു എഡ്ഡി. ഈ വർഷത്തെ കമ്പനിയുടെ വരുമാനം 7 മില്യൻ ഡോളറാണ്.

കോളറാഡോയിലെ ഹിപ്പി മാതാപിതാക്കളുടെ മകളായാണ് ബ്രൂക്ക് എഡി ജനിച്ചത്. ഇരട്ടക്കുഞ്ഞുങ്ങളാണ് എഡ്ഡിക്കുളളത്. ജീവിതത്തിൽ എപ്പോഴും പുതുമയുളളത് എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ ചായ ബിസിനസിലേക്ക് എത്തിയതെന്ന് എഡ്ഡി പറഞ്ഞതായി ഒരു അമേരിക്കൻ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook