ലോക്ക് ഡൗൺ കാലത്ത് വീണുകിട്ടിയ സമയം കുടുംബത്തിനൊപ്പം ഫലപ്രദമായി ആഘോഷിക്കുകയാണ് താരങ്ങൾ. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും കുക്കിംഗ് പരീക്ഷണത്തിനുമൊക്കെ വേണ്ടി സമയം നീക്കി വയ്ക്കുന്നവരും ഏറെയാണ്. നദിയ മൊയ്തു, റിമി ടോമി, നവ്യ നായർ, മാലാപാർവ്വതി തുടങ്ങിയവരെല്ലാം കുക്കിംഗ് പരീക്ഷണങ്ങളിലാണ്.

മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നായ മിക്സ്ചർ എങ്ങനെയുണ്ടാക്കാം എന്നാണ് നദിയ മൊയ്തു പരിചയപ്പെടുത്തുന്നത്. എരിവിന്റെയും ഉപ്പിന്റെയുമൊക്കെ സ്വാദുള്ള മിക്സ്ചർ എന്ന കറുമുറു വിഭവം എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് ഒരു വീഡിയോയിലൂടെ വിശദീകരിക്കുകയാണ് താരം.

തനിക്കേറ്റവും പ്രിയപ്പെട്ട നാടൻ ബീഫ് റോസ്റ്റ് എങ്ങനെയുണ്ടാക്കാം എന്നാണ് റിമി ടോമി പരിചയപ്പെടുത്തുന്നത്. ലോക്ക്‌ഡൗൺ കാലമായതിനാൽ ദിവസവും എന്തെങ്കിലുമൊക്കെ പുതിയ വിഭവങ്ങൾ പരീക്ഷിച്ചു നോക്കുകയാണ് താനെന്നും റിമി പറയുന്നു.

കഴിഞ്ഞ ദിവസം ചിക്കൻ റോസ്റ്റ്, പെപ്പർ ചിക്കൻ, ഫിഷ് കറി, ഡേറ്റ്സ് പിക്കിൾ എന്നിവ വിജയകരമായി ഉണ്ടാക്കി നോക്കിയ അനുഭവവും റിമി ടോമി പങ്കുവച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഇടക്കാലത്ത് തരംഗമായി മാറിയ ഡാൽഗോണ കോഫിയും ചക്കക്കുരു ഷേക്കും വിജയകരമായ പരീക്ഷിച്ച കഥയാണ് നവ്യയ്ക്ക് പറയാനുള്ളത്. സൗത്ത് കൊറിയൻ സ്പെഷലായ ഡാൽഗോണ വീട്ടിൽ പരീക്ഷിച്ച് വിജയിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെയാണ് നവ്യ ആരാധകരുമായി പങ്കിട്ടത്.

വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഡാൽഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡർ, പഞ്ചസാര, പാൽ, ഐസ് ക്യൂബ്സ് എന്നിവ ചേർത്താണ് ഡാൽഗോണ കോഫി തയ്യാറാക്കുന്നത്. കോഫി പൗഡർ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, 2 ടേബിൾ സ്പൂൺ ചൂട് വെള്ളം എന്നിവ നല്ലതുപോലെ മിക്സ്‌ ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് മൂന്നു നാല്‌ വട്ടം ബീറ്റ്‌ ചെയ്യുക. ഒരു ഗ്ലാസ്സിൽ ഐസ്ക്യൂബ് ഇട്ടശേഷം മുക്കാൽ ഭാഗം തണുത്ത പാൽ ഒഴിക്കാം. മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം വയ്ക്കുകയാണ് ചെയ്യുന്നത്. തന്റേതായ ചില ടിപ്സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട്.

പാചകം ചെയ്ത് അധികം ശീലമില്ലെങ്കിലും ലോക്ക്‌ഡൗൺ കാലത്ത് തകൃതിയായി പാചകപരീക്ഷണങ്ങൾ നടക്കുന്നതിന്റെ സന്തോഷത്തിലാണ് മാലാ പാർവ്വതി. “കഴിഞ്ഞ ദിവസം ഞാനൊരു അവ്‌ലോസ് പൊടി ഉണ്ടാക്കി. കായവും കുരുമുളകും ജീരകപ്പൊടിയുമൊക്കെയിട്ട് അൽപ്പം പരിഷ്കരിച്ച് വേറെ ഒരു സ്വാദ് കൊടുത്തു. അത് കഴിച്ചിട്ട് മകൻ അനന്തകൃഷ്ണന്‍ അത്ഭുതത്തോടെ, ‘അമ്മയൊരു കുക്കായിരുന്നു അല്ലേ?’ എന്ന് ചോദിച്ചു. 26-ാം വയസിലാണ് അവനത് തിരിച്ചറിയുന്നത്, അതിന് ലോക്ക്‌ഡൗൺ വേണ്ടി വന്നു. ഇതു വരെ കാണാത്ത എന്റെ ‘ഒരു വേർഷൻ’ അവനിപ്പോഴാണ് കാണുന്നത്, ഞാനുമതെ.”

Read more: എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ; മാലാ പാർവ്വതി പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook