scorecardresearch

ഒരു കപ്പ് കാപ്പിക്കിരുവശം...

ആദ്യമായും അവസാനമായും ഒരു പൊതുവിടത്തിലിരുന്നു ആരെയും നോക്കാതെ പൊട്ടിക്കരഞ്ഞിട്ടുള്ളതും അങ്ങനെ കരയാൻ പോലുമിട നൽകും വിധത്തിൽ സ്വന്തമെന്നു തോന്നിപ്പിച്ചതും സിസിഡിയായിരുന്നു

ആദ്യമായും അവസാനമായും ഒരു പൊതുവിടത്തിലിരുന്നു ആരെയും നോക്കാതെ പൊട്ടിക്കരഞ്ഞിട്ടുള്ളതും അങ്ങനെ കരയാൻ പോലുമിട നൽകും വിധത്തിൽ സ്വന്തമെന്നു തോന്നിപ്പിച്ചതും സിസിഡിയായിരുന്നു

author-image
Niyathi R Krishna
New Update
cc d, niyathi r krishna, iemalayalam

വി.ജി.സിദ്ധാർത്ഥയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾക്ക് കീഴെ സിസിഡി എന്ന് വായിക്കുന്ന വരികളിൽ നിന്നൊക്കെയും ഓർമകളുടെ കാപ്പി മണം വിരുന്നു വന്നു കൊണ്ടിരിക്കുകയാണ്. “A Lot Can Happen Over a Cup of Coffee” ഒരാൾക്ക് മരണമെന്നർത്ഥം സമ്മാനിക്കുമ്പോൾ മറ്റൊരുപാട് പേർക്കത് ജീവിതമാകാം. വിട്ടു പോകാൻ കൂട്ടാക്കാത്ത ഓർമ്മകളാവാം. “ഓർമകൾക്കില്ല ചാവും ചിതകളും...ഊന്നുകോലും ജരാനര ദുഖവും..." എന്നല്ലേ മഴ പാടുന്നത്.

Advertisment

ഹോമിയോ കുട്ടിയായിരുന്ന എനിക്ക് ചെറുപ്പത്തിൽ പനിക്കുമ്പോൾ മാത്രം കിട്ടിയിരുന്ന ഒരു പാനീയമായിരുന്നു കാപ്പി. ചായ വിട്ടു കാപ്പിയിലേക്കു മാറുന്നത് ഡൽഹിയിലെ ഡിഗ്രിക്കാലം മുതലാണ്. അന്നൊക്കെ സിസിഡി സാധാരണക്കാരായ കോളേജ് പിള്ളാർക്കിടയിൽ ഒരു ആഡംബരമാണ്. അന്നൊരിക്കലും രുചിച്ചിട്ടില്ല മോക്കയും ലാറ്റെയും ഡെവിൾസ് ചോക്കലേറ്റുമൊന്നും. ഇരുപതു രൂപക്ക് കമലാ നഗറിൽ നിന്ന് കോൾഡ് കോഫി കിട്ടും. അതിനപ്പുറം ചിലവാക്കാൻ പണമുണ്ടായിരുന്നില്ല. അതും ഒരു കപ്പ് കാപ്പിക്കേ...!

എന്നാൽ, പോകെ പോകെ സിസിഡി ശൃംഖലകളുടെ ജനകീയത, രാജ്യത്താകമാനമുള്ള മറ്റു കാപ്പിക്കടകളെ തെല്ലൊന്നുമല്ല സ്വാധീനിച്ചതും മാറ്റിമറിച്ചതും. ഭക്ഷണ ശാല എന്നതിനപ്പുറം ഒറ്റക്കും കൂട്ടമായും വന്നിരുന്നു സമയം ചെലവിടാനും സംസാരിക്കാനും എന്തിന്, ആഘോഷങ്ങളും മീറ്റിങ്ങുകളും പെണ്ണുകാണലും വരെ നടത്താനും പറ്റുന്ന ഒരു 'സ്വകാര്യ' പൊതുവിടമായി മാറുകയായിരുന്നു മോഡേൺ കാപ്പിക്കടകൾ.

സ്വന്തമായി വരുമാനമൊക്കെയായ ശേഷമാണ്, കൂട്ടുകാർക്കൊപ്പം ചെന്നിരിക്കാൻ അത്രയും ആംബിയൻസ് ഉള്ള ഒരു സ്ഥലമെന്ന നിലയിൽ, യാത്രക്കിടയിൽ വൃത്തിയുള്ള ബാത്റൂമും ഒരു കപ്പ് കാപ്പിയുമെന്ന ചിന്തയിൽ, കാത്തിരിക്കാൻ/സമയം കൊല്ലാൻ/ഇടക്കെന്തെങ്കിലുമെഴുതാൻ എന്നൊക്കെയുള്ള നാനാവിധ ആവശ്യങ്ങളിൽ സിസിഡിയിൽ പോകാൻ തുടങ്ങിയത്. ആദ്യമായും അവസാനമായും ഒരു പൊതുവിടത്തിലിരുന്നു ആരെയും നോക്കാതെ പൊട്ടിക്കരഞ്ഞിട്ടുള്ളതും അങ്ങനെ കരയാൻ പോലുമിട നൽകും വിധത്തിൽ സ്വന്തമെന്നു തോന്നിപ്പിച്ചതും സിസിഡി തന്നെയായിരുന്നു.ccd, niyathi r krishna , iemalayalam

Advertisment

ഓർമ്മകൾ വ്യക്തിപരമാണ്, വികാര ഭരിതമാണ്. അതിന്റെ പ്രസക്തി സമയവും കാലവും നിശ്ചിത വ്യക്തിയുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്നു. എങ്കിലും ചില ഓർമകൾക്ക്, മറ്റു പലരുടേതും എന്ന് തോന്നിപ്പിക്കുന്ന ഒരു "സെയിം പിഞ്ച്" സമാനതയുണ്ടാവും. എത്ര സിസിഡി ഓർമ്മകളുണ്ടാവും അതുപോലെ നമുക്ക്?

കോൾഡ് കോഫിയും മോക്കയും പോലെയുള്ള രണ്ടു പേർ അവിടെത്രയോ തവണ വന്നിരുന്നു വർത്തമാനം പറഞ്ഞിട്ടുണ്ടാവാം. പിന്നീട് ഒരു ദിവസം, വാക്കുകൾ കിട്ടാതെ, മിണ്ടാട്ടമില്ലാതെ, അതേ കസേരകളിലിരുന്നു സ്പിനാച് കോൺ സാൻവിച്ചും ഹേസൽ നട്ട് പേസ്ട്രിയും പങ്കിട്ടു കഴിച്ചിട്ടുണ്ടാവാം.

കാപ്പി കപ്പിൽ നിന്ന് മുഖമുയർത്തി നോക്കുമ്പോൾ, തന്നെ മാത്രം നോക്കിയിരിക്കുന്ന രണ്ടു കണ്ണുകളിൽ തെളിഞ്ഞ സ്നേഹം ഒരുവളവിടെ വച്ച് തിരിച്ചറിഞ്ഞിട്ടുണ്ടാവാം. അന്നാ കണ്ണുകളിൽ തെരുതെരെ ഉമ്മ വക്കണമായിരുന്നുവെന്ന് ഇന്നും കൊതിക്കുന്നുണ്ടാവാം.

പൊട്ടിക്കരഞ്ഞു കൊണ്ടു താനെഴുതിയ കത്ത്, കയ്യിൽ പിടിച്ച കാപ്പിക്കപ്പിൽ നിന്ന് മുഖമെടുക്കാതെ, എന്ത് പറയണമെന്നറിയാതെ, ഒരു പെൺകുട്ടി തൻറെ കൂട്ടുകാരിക്ക് കൈമാറിയിട്ടുണ്ടാവാം.v g siddhartha , niyathi r krishna, iemalayalam

'ഞാൻ ഇവിടെ നിന്നെങ്ങനെ പോകും? ഇനി എങ്ങോട്ട് പോകും?' എന്ന നിസ്സഹായതയിൽ നീറി കരയുമ്പോൾ 'എവിടെയാണെങ്കിലും ഞാൻ നോക്കിക്കോളാ'മെന്ന ഉറപ്പു നൽകി ചേർത്ത് പിടിച്ചൊരു സ്നേഹം ഒരുവളുടെ കണ്ണീർ തുടച്ചിട്ടുണ്ടാവാം. 'ഞാൻ നോക്കിക്കോളാ'മെന്ന വാക്കു തരാനാകാത്ത മറ്റൊരാൾ ഒന്ന് കാണാനും മിണ്ടാനുമാഗ്രഹിച്ച് വെളിയിലെവിടെയോ കാത്തു നിന്ന് മടങ്ങിപ്പോയിട്ടുണ്ടാവാം.

ഒരുപാടൊരുപാടു വര്ഷങ്ങള്ക്കു ശേഷം പരസ്പരം കണ്ട രണ്ടു പേർ ഒന്നിച്ചിരുന്നു ജീവിതമെന്ന തമാശയോർത്തു ചിരിക്കുകയും വിങ്ങുകയും ചെയ്തിട്ടുണ്ടാവാം. അതിനിടയിലും അവൾ ഫോണിൽ ഒരാളുടെ മാത്രം മെസേജ് കാത്തിരിക്കുകയും, പൊടുന്നനെ ചില്ലു മതിലിനപ്പുറത്തു കൂടി കടന്നു പോയ കാറിൽ നിന്നും രണ്ടു പിണക്ക കണ്ണുകൾ പുറത്തേക്കു വന്നവളുടെ ഹൃദയത്തിൽ തൊടുകയും ചെയ്തിരിക്കാം. ഒറ്റക്കാകാൻ ഒട്ടും പാടില്ലാത്തൊരു രാത്രിയിൽ, കൂട്ടുവന്നു നിന്നൊരുവൾക്കൊപ്പം, ഏറെ ദൂരം ഡ്രൈവ് ചെയ്ത് പോയി ഏറ്റവും പരിചിതമായ സോഫയിലിരുന്ന് ഏറ്റവും രുചികരമായ മോക്ക കുടിച്ച് ചിരിച്ചും വർത്തമാനം പറഞ്ഞും 'നീയങ്ങകലെ ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാവാം. എന്നാലും ചിയേഴ്സ്,' എന്നുള്ളിലുള്ളവനോട് പറഞ്ഞ് കണ്ണിൽ നുരഞ്ഞു പൊന്തിയ വിഷാദത്തെ തോല്പിച്ചിട്ടുണ്ടാവാം.

അങ്ങനെയങ്ങനെ, കണ്ടുമുട്ടിയും വേർപിരിഞ്ഞും ആഘോഷിച്ചും വിട പറഞ്ഞും എത്രയെത്ര കാപ്പിക്കപ്പുകൾ നിറയുകയും ഒഴിയുകയും കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തിരിക്കാം...പ്രിയപ്പെട്ടൊരാൾക്ക് ഇനിയും ഞാനും നിങ്ങളുമൊക്കെ പിറന്നാൾ കേക്ക് ഓർഡർ ചെയ്യും, കുപ്പിയുടെ മാത്രം ഭംഗി കൊണ്ട് മിനറൽ വാട്ടർ വാങ്ങും, പൈസയില്ലാ കാലങ്ങളിൽ ഒരു ബട്ടർസ്കോച് കപ്പും വാങ്ങി കുറെ നേരം അതും നുണഞ്ഞു സമയം കളയും. മരിച്ചൊരാൾ പോയാലും അയാൾ യാഥാർഥ്യമാക്കിയ സ്വപ്നം തലയുയർത്തി തന്നെ അവിടെ നിൽക്കും.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: