മുടിയിൽ ഷാംപൂ പതിവായി ഉപയോഗിക്കുന്നവരാണെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഷാംപൂ ഉപയോഗിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പല കാര്യങ്ങളുമുണ്ട്. അവയെക്കുറിച്ചുള്ള അറിവ് മുടിക്ക് ഗുണം ചെയ്യുകയും അവയെ ബലവും മനോഹരവുമാക്കാൻ സഹായിക്കുകയും ചെയ്യും.
ഷാംപൂവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളെക്കുറിച്ച് ഡോ.ജയ്ശ്രീ ശരദ് വിവരിച്ചിട്ടുണ്ട്.
ഷാംപൂ മാറ്റുന്നത് മുടികൊഴിച്ചിൽ തടയും
ഷാംപൂ മാറ്റുന്നത് മുടികൊഴിച്ചിൽ തടയുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇത് സത്യമല്ല, ഒരു മിഥ്യ മാത്രമാണ്. ”ഷാംപൂ തലയോട്ടി വൃത്തിയാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വരണ്ടതോ കൊഴുപ്പുള്ളതോ ആയ തലയോട്ടിയുടെ ഘടനയക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ഷാംപൂ മാറ്റണം. ഷാംപൂ മാറ്റിയതുകൊണ്ട് മുടികൊഴിച്ചിൽ നിയന്ത്രിക്കാനാവില്ല,” അവർ പറഞ്ഞു.
ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും
നമ്മളെല്ലാവരും ഇത് കേട്ടിട്ടുണ്ടാകും. നമ്മളിൽ പലരും ദിവസവും മുടിയിൽ ഷാംപൂ ഉപയോഗിക്കാത്തതിന്റെ കാരണം ഇതാണ്. എന്നാൽ വിദഗ്ധർ അങ്ങനെ കരുതുന്നില്ല. തലയോട്ടിയിൽ അഴുക്ക് അല്ലെങ്കിൽ തലയിൽ വിയർപ്പ് അടിഞ്ഞുകൂടുകയാണെങ്കിൽ, മുടി വൃത്തിയായി സൂക്ഷിക്കാൻ ദിവസവും ഷാംപൂ ചെയ്യേണ്ടതുണ്ടെന്ന് ഡോ.ജയ്ശ്രീ പറഞ്ഞു.
സൾഫേറ്റ് ഷാംപൂ മുടിക്ക് ദോഷകരമാണ്
തലയോട്ടിയിലെ അഴുക്കും എണ്ണയും വൃത്തിയാക്കാൻ സഹായിക്കുന്ന സൾഫേറ്റ് ഒരു ശുദ്ധീകരണ ഏജന്റായതിനാൽ ഇത് കേവലം ഒരു മിഥ്യയാണെന്ന് വിദഗ്ധർ വെളിപ്പെടുത്തി. ”നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് ഷാംപൂ തിരഞ്ഞെടുക്കണം. ഷാംപൂവിലെ സൾഫേറ്റ് ചില മുടിത്തരങ്ങൾക്ക് അനുയോജ്യമല്ലായിരിക്കാം. അതിനാൽ, ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഡെർമറ്റോളജിസ്റ്റുമായി ബന്ധപ്പെടുക,” അവർ വ്യക്തമാക്കി.
മുടിയിഴകളിൽ ഷാംപൂ പുരട്ടണം
നിങ്ങളും ഇത് കേട്ടിട്ടുണ്ടാകും, എന്നാൽ തലയോട്ടിയിൽ ഷാംപൂ പുരട്ടണം എന്നതാണ് സത്യം. അഴുക്ക്, വിയർപ്പ് ലവണങ്ങൾ, എണ്ണ എന്നിവ കളയാനും നിർജീവ ചർമ്മത്തിൽനിന്ന് മുക്തി നേടാനും ഷാംപൂ മുടിയിഴകളേക്കാൾ തലയോട്ടിയിൽ പുരട്ടണമെന്ന് ഡോ.ജയ്ശ്രീ നിർദേശിച്ചു.