scorecardresearch
Latest News

നരച്ച മുടി പിഴുതെടുക്കുന്നത് കൂടുതൽ നരയ്ക്ക് കാരണമാകുമോ?

‘നര വീണ മുടി പറിച്ചെടുക്കരുത്, അത് കൂടുതൽ മുടികൾ നരയ്ക്കാൻ കാരണമാകും’ ഈ ഉപദേശം കേൾക്കാത്തവർ കുറവായിരിക്കും, ഇതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? വിദഗ്ധർ പറയുന്നതു കേൾക്കൂ

hair greying, hair greying reason

മുടി നരക്കുന്നതിനെ പ്രായമാവുന്നതിന്റെ ലക്ഷണമായാണ് പലരും നോക്കി കാണുന്നത്. എന്നാൽ പ്രായമാവുന്നതിന്റെ ലക്ഷണം മാത്രമല്ല നര. ജനിതകശാസ്ത്രം, പുകവലി, മലിനീകരണം, പെർനിഷ്യസ് അനീമിയ, പോഷകക്കുറവ് പോലുള്ള കാര്യങ്ങളും മുടി അകാലത്തിൽ നരയ്ക്കുന്നതിന് കാരണമാകാറുണ്ട്. മുടിക്കു നിറം നല്‍കുന്ന മെലാനിന്‍ എന്ന വസ്തു ഉത്പാദിപ്പിക്കുന്ന അളവ് രോമകൂപങ്ങളില്‍ കുറയുമ്പോഴാണ് മുടി നരയ്ക്കുന്നത്.

മുടിയിൽ ആദ്യ നര വീണു തുടങ്ങുമ്പോൾ തന്നെ പലർക്കും ടെൻഷനാണ്. അവിടെയിവിടെയായി പ്രത്യക്ഷപ്പെടുന്ന നരച്ച മുടികൾ പറിച്ചുകളയാൻ ശ്രമിക്കുന്നവരും ഏറെയാണ്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ മിക്കവരും കേൾക്കുന്ന ഒരു ഉപദേശമാണ്, ‘നര വീണ മുടി പറിച്ചെടുക്കരുത്, അത് കൂടുതൽ മുടികൾ നരയ്ക്കാൻ കാരണമാകുമെന്ന്’. ഇതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? വിദഗ്ധർ പറയുന്നതു കേൾക്കൂ

നര വീണ മുടി പറിച്ചെടുത്താൽ അത് കൂടുതൽ മുടികൾ നരയ്ക്കാൻ കാരണമാകുമെന്നത് വലിയൊരു നുണയാണ് എന്നാണ് ഡെർമറ്റോളജിസ്റ്റായ ഡോ. ജുഷ്യ സരിൻ പറയുന്നത്. “ഓരോ മുടിയിഴയും സ്വതന്ത്രമാണ്, മറ്റൊന്നുമായി ബന്ധപ്പെട്ടല്ല കിടക്കുന്നത്. ഓക്സിഡേറ്റീവ് കേടുപാടുകൾ കാരണമാണ് നിങ്ങളുടെ മുടിയുടെ നിറം നഷ്ടപ്പെടുന്നത്, ഒപ്പം. ജനിതകശാസ്ത്രവും പോഷകാഹാര കുറവുകളുമെല്ലാം ഇതിന് കാരണമാകും, ”ഡോ. ജുഷ്യ വ്യക്തമാക്കുന്നു.

അതിനാൽ തന്നെ ഒരു മുടി പറിച്ചാൽ അത് അടുത്തുള്ള മറ്റു മുടിയിഴകളെ ബാധിക്കുന്ന കാര്യമല്ല. “മുടി നരയ്ക്കുന്നത് സ്വാഭാവികമായൊരു പ്രക്രിയയാണ്. ഇത് കഴിക്കുന്ന പോഷകാഹാരത്തെയും നിങ്ങളുടെ ജനിതകശാസ്ത്രത്തെയും ആശ്രയിച്ചിരിക്കും, ” ”ഡോ. ജുഷ്യ കൂട്ടിച്ചേർത്തു.

മുടി നരച്ചു തുടങ്ങിയാൽ, അവ കളറടിക്കാം. അതല്ല, നരച്ച മുടി പൂർണമായും ഒഴിവാക്കാനാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കിൽ മുടിയിഴകൾ പറിച്ചെടുക്കുന്നത് ഒരു നല്ല ഓപ്ഷനല്ലെന്നും ഡോ. ജുഷ്യ വിശദീകരിക്കുന്നു. “മുടി വെട്ടുന്നതാണ് കുറച്ചു കൂടി മികച്ച മാർഗം. അല്ലാതെ, പറിച്ചെടുക്കാൻ പോയാൽ അത് മുടിവേരുകൾക്ക് കേടുപാടുകൾ വരുത്തുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും, ചിലരിൽ കഷണ്ടിയ്ക്കും കാരണമാവാറുണ്ട്.”

സമാനമായ അഭിപ്രായം തന്നെയാണ് കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റായ ഡോ. റിങ്കി കപൂറും പങ്കുവയ്ക്കുന്നത്. ഒരു നരച്ച മുടി പിഴുതുമാറ്റിയാൽ ആ ഏരിയയിൽ പിന്നീട് വരുന്നതെല്ലാം നരച്ച മുടികളാവുമെന്നോർത്ത് വിഷമിക്കേണ്ടെന്ന് റിങ്കി കപൂർ പറയുന്നു. “ഒരു നരച്ച മുടി നീക്കം ചെയ്താൽ അതിന്റെ സ്ഥാനത്ത് പത്തെണ്ണം കൂടി വളരുമെന്ന് പറയുന്നത് സത്യമല്ല. ഒരു ഫോളിക്കിളിൽ നിന്നും ഒരു മുടി മാത്രമേ വികസിക്കുകയുള്ളൂ. അതായത്, ഒരു നരച്ച മുടി പറിച്ചെടുത്താൽ ആ ഫോളിക്കിൽ നിന്ന് ഒരു പുതിയ നരച്ച മുടി കൂടി കിളിർത്തുവരും. പിഗ്മെന്റ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ ആ ഏരിയയിൽ സജീവമല്ലാത്തതാണ് വരുന്ന പുതിയ മുടിയും വെളുത്തതായിരിക്കാൻ കാരണം. മുടി പറിച്ചെടുക്കുന്നതുവഴി ആവർത്തിച്ച് സമ്മർദ്ദം വരികയാണ്, ഇത് രോമകൂപങ്ങൾക്ക് ആഘാതം ഏൽപ്പിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും പാടുകൾ ഉണ്ടാകുകയും ചെയ്യും. കഷണ്ടിയുടെ വികാസത്തിന് പോലും കാരണമായേക്കാം.”

മുടി നരയ്ക്കുന്നത് എങ്ങനെ തടയാം?

ജനിതകശാസ്ത്രമായ ഘടകങ്ങളോ പ്രായമോ കാരണമാണ് മുടി നരയ്ക്കുന്നതെങ്കിൽ യാതൊന്നിനും അതിനെ തടയാൻ കഴിയില്ല. എന്നാൽ വൈദ്യശാസ്ത്രപരമായ പ്രശ്‌നങ്ങളാൽ നിറം നഷ്‌ടപ്പെടുകയാണെങ്കിൽ പരിഹാരമുണ്ടെന്നുമാണ് വിദഗ്ധർ പറയുന്നത്. “അകാലനര പോലുള്ള പ്രശ്നങ്ങളിൽ പലപ്പോഴും ഭക്ഷണക്രമവും വിറ്റാമിനുകളുടെ കുറവുമൊക്കെ കാരണമാവാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ അവസ്ഥ മോശമാകുന്നത് തടയാൻ സാധിക്കും. ഭക്ഷണ ശീലങ്ങളിൽ മാറ്റം കൊണ്ടുവന്നാൽ മുടി നരയ്ക്കുന്നതിനെ തടയാൻ സാധിക്കും. ആന്റി ഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണത്തിലൂടെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സാധിക്കും,” റിങ്കി കപൂർ പറയുന്നു.

പഴങ്ങൾ, പച്ചക്കറികൾ, ഗ്രീൻ ടീ, ഒലിവ് ഓയിൽ, സീഫുഡ് തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. “വൈറ്റമിൻ കുറവുള്ളവരിലും നര കാണാറുണ്ട്, അത്തരം അപര്യാപ്തത ഉള്ളവർ വിറ്റാമിൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. പാൽ, സാൽമൺ, ചീസ് എന്നിവ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടങ്ങളാണ്. ഷെൽഫിഷ്, മുട്ട, മാംസം എന്നിവയിൽ വിറ്റാമിൻ ബി-12യും ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സപ്ലിമെന്റുകൾ ഉപയോഗിച്ചും ഈ കുറവുകൾ പരിഹരിക്കാൻ കഴിയും.”

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Can plucking grey hair lead to more grey hair