മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഒട്ടുമിക്ക പേരും മാമ്പഴം കഴിക്കുമ്പോൾ, ചിലർ മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങളെ ഭയന്ന് കഴിക്കാറില്ല. മാമ്പഴം മുഖക്കുരുവിന് കാരണമാകുമെന്നത് ശരിയാണ്, പക്ഷേ അതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സത്യമല്ല.
മാമ്പഴം ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ശരീര ആരോഗ്യത്തിന് സഹായിക്കുന്ന അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ് മാമ്പഴം. ഇത് ചർമ്മത്തിന് അനുയോജ്യമായ ഭക്ഷണമാണെന്ന് കരുതുകയാണ് ന്യൂട്രീഷ്യനിസ്റ്റ് റിതു ഖനേജ. മുഖക്കുരു പ്രശ്നങ്ങൾ നേരിടുന്നവർക്കു പോലും മാമ്പഴം കഴിക്കാമെന്ന് അവർ പറയുന്നു.
മാമ്പഴം കഴിച്ചാൽ ചിലർക്ക് മുഖക്കുരു ഉണ്ടാകുന്നത് എന്തുകൊണ്ടെന്നും അവർ വിശദീകരിച്ചിട്ടുണ്ട്. ”ഇൻസുലിൻ പ്രതിരോധശേഷിയുള്ള ആളുകൾക്ക് ഉയർന്ന ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ മാമ്പഴം കഴിച്ചാൽ മുഖക്കുരു വർധിക്കും, അതായത് ഇത് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുന്നു. മാമ്പഴം മാത്രമല്ല, ഉയർന്ന ഗ്ലൈസെമിക് സൂചിക (ചോക്ലേറ്റുകൾ, മിഠായികൾ, പേസ്ട്രികൾ, ജങ്ക് ഫുഡ് മുതലായവ) ഉള്ള ഏതൊരു ഭക്ഷണവും ശരീരത്തിൽ ഇൻസുലിൻ വർധനവിന് കാരണമാകും. ഇത് സെബം എന്ന സ്രവം ഉത്പാദനം വർധിപ്പിച്ച് മുഖക്കുരു കൂട്ടും.”
ചർമ്മത്തിന് മാമ്പഴം കൊണ്ടുള്ള ചില ഗുണങ്ങൾ
- മാമ്പഴം ആന്റി ഓക്സിഡന്റുകളാൽ നിറഞ്ഞതാണ്. ഇത് ചർമ്മത്തിന്റെ ആന്തരിക പാളികളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ബാക്ടീരിയകളിൽ നിന്നും ചർമ്മപ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനും സഹായിക്കുന്നു.
- മാമ്പഴം കഴിക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കും.
- കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, മാംഗിഫെറിൻ എന്നിവ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ ഇടയാക്കും.
- സൂര്യാഘാതത്തിൽ നിന്ന് സംരക്ഷണം നൽകുന്നു.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മാമ്പഴം ചർമ്മത്തിന് ഗുണം ചെയ്യുന്നതിനാൽ, ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പക്ഷേ അതിന്റെ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.