കേക്കുകളോടുള്ള പ്രണയമാണ് ഏറെ സാമ്പത്തിക സുരക്ഷിതത്വമുള്ള ജോലി വിട്ട് ബേക്കിംഗിലേക്ക് തിരിയാൻ ഭാവന ബേബി മാളിയേക്കൽ എന്ന പെൺകുട്ടിയ്ക്ക് പ്രചോദനമായത്. പാഷനു പിന്നാലെയുള്ള ഭാവനയുടെ ആ യാത്ര വെറുതെയായില്ല. ഇന്ന് കൊച്ചിയിലെ ഏറ്റവും മികച്ച കേക്ക് ആർട്ടിസ്റ്റുമാരിൽ ഒരാളാണ് ഭാവന. നടൻ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ നടി അസിൻ തോട്ടുങ്കൽ എന്നു തുടങ്ങി സുപ്രിയ മേനോൻ വരെയുള്ളവരുടെ പ്രിയപ്പെട്ട കേക്ക് ബേക്കറാണ് ഭാവന.

എറണാകുളം സ്വദേശിയായ ഭാവന വല്ലാർപ്പാടം ടെർമിനിലിൽ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിലെ ജോലി രാജിവച്ചാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. “കോളേജിൽ പഠിക്കുമ്പോൾ തന്നെ എനിക്ക് ബേക്കിംഗിൽ താൽപ്പര്യമുണ്ട്, മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. സമയം കിട്ടുമ്പോൾ ഒരു ഹോബി പോലെ കേക്ക് ബേക്കിംഗ് പരീക്ഷണങ്ങൾ വീട്ടിലും നടത്തുമായിരുന്നു കോളേജ് പഠനം കഴിഞ്ഞ് പിന്നെ എംബിഎയ്ക്ക് ചേർന്നു. കോഴ്സ് കഴിഞ്ഞ് ഒരു ജോലി കിട്ടാൻ കുറച്ചു സമയമെടുത്തു. അതിനിടയിൽ ഒരു ടൈം പാസ് എന്ന രീതിയിൽ ഞാനൊരു ബേക്കിംഗ് ക്ലാസ്സിനു ചേർന്ന് കൂടുതൽ കാര്യങ്ങൾ പഠിച്ചു. കൂട്ടുകാരും കുടുംബക്കാരുമൊക്കെ ഓർഡറുകൾ തരാൻ തുടങ്ങി. വല്ലാർപ്പാടം ടെർമിനിലിൽ ജോലി കിട്ടിയപ്പോൾ പിന്നെ കിട്ടുന്ന ഫ്രീ ടൈമിലായി കേക്ക് ഡിസൈൻ ചെയ്യലും ബേക്കിംഗുമൊക്കെ. നാലു വർഷത്തോളം ഞാൻ അവിടെ ജോലി ചെയ്തു, പാരലൽ ആയി ബേക്കിംഗും കൊണ്ടുപോയി. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഓർഡറുകൾ കൂടുതൽ വരാൻ തുടങ്ങി, ജോലിയും ബേക്കിംഗും കൂടെ ഒന്നിച്ചു കൊണ്ടുപോവാൻ പറ്റില്ല എന്നായപ്പോഴാണ് ജോലി ഉപേക്ഷിച്ച് എന്റെ പാഷനു പിറകെ ഇറങ്ങിത്തിരിച്ചത്,” ഭാവന പറയുന്നു.
“മനസ്സിൽ കുറേ ചോദ്യങ്ങളുണ്ടായിരുന്നു ആദ്യം. ജോലി വിട്ടിട്ട് ഇതിലേക്ക് വരുമ്പോൾ വേണ്ടത്ര ഓർഡർ കിട്ടുമോ? ജോലിയ്ക്ക് കുറച്ചുകൂടി സുരക്ഷിതത്വമുണ്ട്. പ്രതീക്ഷിച്ചതുപോലെ വേണ്ടത്ര ഓർഡറുകൾ കിട്ടിയില്ലെങ്കിൽ എന്തുചെയ്യും? അങ്ങനെ നൂറായിരം സംശയങ്ങൾ. സത്യത്തിൽ ജോലിയും കേക്കിംഗും രണ്ടും എനിക്കു ഇഷ്ടമായിരുന്നു, രണ്ടും ഒന്നിച്ചുകൊണ്ടുപോവാൻ കഴിയില്ല എന്ന അവസ്ഥയിൽ ഒരു ഉറച്ച തീരുമാനം എടുക്കുക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി.”
“വീട്ടിൽ തന്നെയായിരുന്നു ആദ്യം ബേക്കിംഗ് ഒക്കെ ചെയ്തു കൊണ്ടിരുന്നത്. വീട്ടിൽ അമ്മയും സഹോദരനുമുണ്ട്. അമ്മയാണ് എപ്പോഴും എന്റെ സഹായി. അമ്മയ്ക്കും ബേക്കിംഗിൽ വളരെ താൽപ്പര്യമുണ്ട്. ഇപ്പോൾ സഹായത്തിന് ഒരാളെ കൂടി എടുത്തു. ഒരു സ്റ്റുഡിയോ എടുത്ത് ബേക്കിംഗ് ഒക്കെ അവിടേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ.”

“സ്ഥിരമായ പഠനം ആവശ്യമുള്ള ഒരു കാര്യമാണ് ബേക്കിംഗ്. നമ്മളെ സമീപിക്കുന്ന ക്ലൈന്റിന് പലപ്പോഴും കൃത്യമായ ഐഡിയയോ നിർദ്ദേശങ്ങളോ ഉണ്ടാവും. പ്രത്യേകിച്ചും കുട്ടികളുടെ പിറന്നാളിനൊക്കെ ഒരുക്കുന്ന കേക്കുകൾ. നമുക്ക് പരിചയമില്ലാത്ത കാർട്ടൂൺ കഥാപാത്രങ്ങളാവും. അതിനെ കുറിച്ച് ഹോം വർക്ക് ചെയ്ത് വേണം ഡിസൈൻ ഒരുക്കാൻ. ബേക്കിംഗിൽ 50 ശതമാനം കാര്യങ്ങളും നമ്മൾ സ്വയം പഠിച്ചെടുക്കുന്നതാണ്. ചെയ്ത് ചെയ്ത് കൂടുതൽ മനോഹരമാകും. ആദ്യം ഒരു ഷുഗർ ഫ്ളവർ ഒക്കെയുണ്ടാക്കാൻ ഞാൻ മണിക്കൂറുകൾ എടുക്കുമായിരുന്നു, ഇപ്പോൾ വളരെ ഈസിയാണ്. ചില പുതിയ ഡിസൈനുകളൊക്കെ ചെയ്യുമ്പോൾ രാത്രി മൊത്തം ഇരുന്ന് ജോലി ചെയ്തിട്ടുണ്ട്. എന്റെ പാഷൻ കൂടി ആയതുകൊണ്ടാവാം ഒരിക്കലും ഒരു ജോലിയുടെ മടുപ്പ് തോന്നിയിട്ടേയില്ല,” ഭാവന കൂട്ടിച്ചേർക്കുന്നു.

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബേക്കർ
“ഒരു ഇവന്റ് പ്ലാനർ വഴിയാണ് ആദ്യം സുപ്രിയ മേനോന്റെ ഓർഡർ എന്നിലേക്ക് എത്തുന്നത്. പിന്നീട് എല്ലാം സുപ്രിയ നേരിട്ട് വിളിച്ച് ഓർഡർ തരും. ഒരു കസ്റ്റമർ എന്നതിനേക്കാൾ ഒരു സുഹൃത്തു കൂടിയാണ് സുപ്രിയ ഇപ്പോൾ. നമ്മുടെ ഡിസൈൻ നല്ലതാണെങ്കിൽ ഒട്ടും മടിയില്ലാതെ സുപ്രിയ അഭിനന്ദിക്കും. അതൊക്കെ സന്തോഷമാണ്. നിവിൻ പോളിയുടെ ഭാര്യ റിന്ന, ധ്യാൻ ശ്രീനിവാസന്റെ ഭാര്യ എന്നിവരും സ്ഥിരം കസ്റ്റമേഴ്സ് ആണ്. ഇൻസ്റ്റഗ്രാം പേജ് വഴിയാണ് അവരും ആദ്യം സമീപിക്കുന്നത്. അസിനും കൊച്ചിയിലുള്ളപ്പോൾ സ്ഥിരമായി ഓർഡർ തരാറുണ്ട്. അസിന്റെ മാനേജറാണ് ആദ്യം വിളിച്ചത്, അസിനു വേണ്ടി ഭർത്താവിന്റെ പിറന്നാൾ കേക്ക് ചെയ്യാൻ. പിന്നെ ക്രിസ്മസ്, മകളുടെ പിറന്നാൾ തുടങ്ങി നാലഞ്ചു വിശേഷാവസരങ്ങളിൽ കൂടി കേക്കുകൾ ഡിസൈൻ ചെയ്തു നൽകി,” ഭാവന പറയുന്നു.






അസിന്റെ മോളുടെ പിറന്നാളിന് ഒരുക്കിയ കേക്കും, പൃഥ്വിരാജിന്റെ പിറന്നാളിനായി സുപ്രിയ ഓർഡർ തന്ന ‘ആട് ജീവിതം തീമിലുള്ള കേക്കും തനിക്കേറെ വെല്ലുവിളിയായിരുന്നെന്ന് ഭാവന പറയുന്നു. “മകളുടെ പിറന്നാളിനായി അസിൻ തന്ന കേക്ക് ഏറെ ഡിസൈനുകൾ ഉള്ളതായിരുന്നു. കൃത്യമായൊരു സ്കെച്ച് തന്നെ വരച്ചു തന്നിരുന്നു ആൾ, അത് ചെയ്തു തീർക്കാൻ ഏറെ സമയമെടുത്തു. സുപ്രിയയ്ക്ക് വേണ്ടി ആട് ജീവിതം തീമിലുള്ള കേക്കും ചലഞ്ചിംഗ് ആയിരുന്നു, അത്തരമൊരു ഡിസൈൻ ഞാനാദ്യമായി ചെയ്യുകയായിരുന്നു അന്ന്.”
റെഡി മിക്സ്, പ്രീമിക്സ് സാധനങ്ങളോ ആർട്ടിഫിഷൽ ഫില്ലിംഗ്സോ ഒന്നും ഉപയോഗിക്കാതെയാണ് ഭാവനയുടെ കേക്ക് മേക്കിംഗ്. “മൈദ, മുട്ട ഒക്കെ ഉപയോഗിച്ച് വേണ്ടതൊക്കെ വീട്ടിൽ തന്ന ഉണ്ടാക്കും. അതിപ്പോൾ ഫ്രൂട്ട് ഫില്ലിംഗോ, ചോക്ക്ളേറ്റ് ഫില്ലിംഗോ, കാരമലോ ഒക്കെയാണെങ്കിലും ഞങ്ങൾ തന്നെ ഇവിടെയുണ്ടാക്കുന്നതാണ്,” ഭാവന പറയുന്നു.
നാലായിരത്തോളം കേക്കുകളാണ് ഇതിനകം ഭാവനയുടെ ‘ഭാവന’യിൽ വിരിഞ്ഞത്. ഏറെ പാഷനോടെ തന്റെ കേക്ക് ബേക്കിംഗ് പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണ് ഈ ചെറുപ്പക്കാരി.