പൃഥ്വിരാജും മോഹൻലാലും കേന്ദ്രകഥാപാത്രങ്ങളായ സിനിമയാണ് ‘ബ്രോ ഡാഡി’. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണിത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
സിനിമയിൽ മോഹൻലാലിന്റെയും പൃഥ്വിയുടെയും വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു, പ്രത്യേകിച്ച് പൃഥ്വിയുടെ ക്യൂബൻ കോളർ ഷർട്ടുകൾ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സുജിത് സുധാകരനാണ് ബ്രോ ഡാഡിക്കു വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ബ്രോ ഡാഡിക്കു വേണ്ടി പ്രത്യേക കളർ ബോർഡ് തയ്യാറാക്കിയിരുന്നുവെന്നും കണ്ടു പരിചയമില്ലാത്ത ഐസി ബ്ലൂ, ബേബി പിങ്ക്, ലാവൻഡർ ഷേഡുകളും മിസ്റ്റി ഗ്രേ-കോറൽ കോംബിനേഷനുള്ള പുതുമകളും പരീക്ഷിച്ചുവെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സുജിത് പറഞ്ഞു.
മോഹൻലാലിനുവേണ്ടി 20 കോസ്റ്റ്യൂമാണ് തയ്യാറാക്കിയത്. കഥാപാത്രത്തിനു കുർത്ത വേണമെന്നു സംവിധായകൻ പൃഥ്വിരാജ് നിർദേശിച്ചിരുന്നു. അങ്ങനെയാണു ലിനൻ കുർത്തകൾ ചെയ്തതെന്ന് സുജിത് പറഞ്ഞു. സാരികൾക്കു സവിശേഷമായ വ്യക്തിത്വം നൽകിയാണു മീനയുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. സാറ്റിൻ സാരികളാണ് ഇവയെല്ലാം. കനിഹയുടേതു കോട്ടൺ സാരികളാണു മാത്രമെന്നും സുജിത് പറഞ്ഞു.
പൃഥ്വി ഉപയോഗിക്കുന്ന 15 ഷർട്ടിൽ 13 എണ്ണവും പ്രത്യേകം ഡൈ, പ്രിന്റ് ചെയ്തെടുത്തതാണ്. ലൂസ് ഫിറ്റ് പാറ്റേൺ ആണ് അദ്ദേഹത്തിനു ചെയ്തത്. പൃഥ്വിയുടെ ഷർട്ടിന്റെ മറ്റൊരു പ്രത്യേകത ക്യൂബൻ കോളറാണ്. ഇപ്പോൾ ട്രെൻഡിങ് ആണിതെന്നും സുജിത് അഭിമുഖത്തിൽ വ്യക്തമാക്കി.
ക്യൂബൻ കോളർ ഷർട്ടുകൾ
വ്യത്യസ്ത സ്റ്റൈലിലുള്ള വസ്ത്രങ്ങളിലൊന്നാണ് ക്യൂബൻ കോളർ ഷർട്ടുകൾ. വിവിധ രൂപങ്ങളിലും അനിമേഷൻ പ്രിന്റുകളിലുമുള്ള ക്യൂബൻ കോളർ ഷർട്ടുകൾ ഇപ്പോൾ ട്രെൻഡാണ്. ചൂട് കുറവായതിനാൽ വേനൽക്കാലത്തെ മികച്ച തിരഞ്ഞെടുപ്പായിരിക്കും ഈ ഷർട്ടുകൾ.
ക്യൂബൻ കോളർ ഷർട്ടുകൾ എവിടെ നിന്നു വാങ്ങാം?
ഓൺലൈൻ ഷോപ്പിങ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, മിൻത്ര അടക്കമുള്ളവയിൽ ഇവ ലഭ്യമാണ്. സുജിത് സുധാകരന്റെ ലേബലുകളുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പൃഥ്വിരാജ് ധരിച്ച ക്യൂബൻ കോളർ ഷർട്ടുകൾ ലഭ്യമാണ്.
Read More: അച്ഛനുണ്ടായിരുന്നെങ്കില്‍ ‘ബ്രോ ഡാഡി’ ഇഷ്ടപ്പെടുമായിരുന്നു; പൃഥ്വിക്ക് നന്ദിയുമായി സുപ്രിയ