സ്വന്തം കുഞ്ഞിന് വിശന്നാല്‍ ആ അമ്മമാര്‍ ആരെയും നോക്കില്ല, അവര്‍ രണ്ടു പേരും മാത്രമായിരിക്കും ഈ ലോകത്ത് എന്നൊക്കെയാണ് പറയാറ്. എന്നാൽ തുറിച്ചു നോട്ടങ്ങൾ കാരണം കുഞ്ഞ് കരഞ്ഞാലും മുലയൂട്ടാൻ കഴിയാറില്ലെന്ന് നമ്മുടെ നാട്ടിലെ അമ്മമാർക്ക് നന്നായറിയാം. അവർക്കൊക്കെ കണ്ട് പഠിക്കാവുന്നതാണ് വിവാഹ ചടങ്ങിനിടെ കുഞ്ഞിന് വിശന്നപ്പോള്‍ മുലയൂട്ടിക്കൊണ്ട്, മാതൃസ്നേഹത്തിന്റെ മാഹാത്മ്യം ലോകത്തിന് കാണിച്ചു കൊടുത്ത ബ്രസീലുകാരിയായ ഈ അമ്മയെ.

വിവാഹ വേഷത്തില്‍ വരനൊപ്പം വിവാഹ ചടങ്ങില്‍ നില്‍ക്കുന്നതിനിടെയാണ് ഡാനിയെല്ലി കത്സ്യു എന്ന ഇരുപത്തിനാലുകാരി തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടിയത്. ചെറുചിരിയോടെ വരനായ കാലെ റിയോയും(26) അരികിലുണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ കൂടിയായ മോണിക്ക കാര്‍വലോ എന്ന യുവതി ഈ മനോഹരമായ നിമിഷം തന്റെ ക്യാമറയില്‍ പകർത്തി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ചിത്രങ്ങൾ വൈറലായത്.

എവിടെ വെച്ചും, ഏത് സമയത്തും, കുഞ്ഞ് ആവശ്യപ്പെടുമ്പോള്‍ മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ക്ക് മാനസികമായി ധൈര്യം നല്‍കുകയാണ് താന്‍ ലക്ഷ്യം വെച്ചതെന്ന് മോണിക്ക പറയുന്നു. മനോഹരം എന്നാണ് ചിത്രം കണ്ടവര്‍ കമന്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ