വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം സ്വന്തമാക്കുന്ന പലരേയും നമ്മള്‍ കണ്ടിട്ടുണ്ട്. ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങളില്‍ പോലും പരാജയം സമ്മതിച്ച് സ്വയം ഓടിയൊളിക്കുന്നവര്‍ക്ക് പ്രചോദനമാണ് ഇത്തരക്കാര്‍. അങ്ങനെ തന്റെ ജീവിതം കൊണ്ട് ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് അരിസോണയില്‍ നിന്നുമുള്ള ഈ യുവതി.

ഇരുകൈകളുമില്ലാതെ പൈലറ്റായിരിക്കുകയാണ് ജെസീക്ക കോക്ക്‌സ്. ജന്മാ തന്നെ ജസീക്കയ്ക്ക് രണ്ട് കൈകളുമില്ലായിരുന്നു. പക്ഷെ വിമാനങ്ങള്‍ എന്നും അവളുടെ സ്വപ്‌നങ്ങളില്‍ നിറഞ്ഞു നിന്നു. ഒരു പൈലറ്റാവുകയെന്ന മോഹം കുഞ്ഞുന്നാളിലെ അവളുടെ ഉള്ളില്‍ വളര്‍ന്നു. രണ്ട് കൈകളുമില്ലാതിരുന്നിട്ടും അതൊരു തടസമാണെന്ന് ജസീക്ക കരുതിയില്ല, പകരം കാലുകള്‍ കൊണ്ട് വിമാനം പറത്താന്‍ പഠിച്ചു, ലൈസന്‍സും നേടി.

ഇത് മാത്രമല്ല, കാലുകള്‍ കൊണ്ട് പിയാനോ വായിക്കാനും കാര്‍ ഓടിക്കാനും ജസീക്ക പഠിച്ചു. തീര്‍ന്നില്ല, സ്‌കൂബാ ഡൈവിങ്ങിലും തായിക്കൊണ്ടോയിലും ജസീക്ക തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. തന്നെ പോലെ ഭിന്ന ശേഷിയുള്ള വ്യക്തികളെ പ്രചോദിപ്പിക്കാനായി 20 ല്‍ പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ജസീക്ക മോട്ടിവേഷണല്‍ സ്പീക്കറെന്ന നിലയിലും പ്രശസ്തയാണ്.

”ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്, പിന്നിലേക്ക് പോയി ജീവിതം മാറ്റാന്‍ സാധിക്കുമായിരുന്നുവെങ്കിലെന്ന്. ജീവിതം ഒരു പക്ഷെ മറ്റൊന്നായേനെ. എന്നാല്‍ എന്റെ ജീവിതം എനിക്ക് വേണ്ട പോലെ ജീവിക്കാന്‍ കഴിയുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ട് തന്നെ മിക്കവരിലും അത് ചലനമുണ്ടാക്കുന്നു. എനിക്കും റോള്‍ മോഡലുകളുണ്ടായിരുന്നു. അതിനാല്‍ അടുത്ത തലമുറയിലേക്ക് ഇത് പകര്‍ന്നു കൊടുക്കുക എന്റെ ഉത്തരവാദിത്വമാണ്” ജസീക്ക പറയുന്നു.

മനസില്‍ ആഗ്രഹമുണ്ടെങ്കിലും വിമാനം പറത്താന്‍ ആദ്യം ജസീക്കയ്ക്ക് പേടിയായിരുന്നു. പിന്നാലെ പഠിച്ചെടുത്തു. അരിസോണയിലെ സര്‍വ്വകലാശാലയില്‍ നിന്നും 2005ല്‍ ബിരുദം നേടിയതിന് പിന്നാലെയാണ് ജസീക്ക പൈലറ്റ് ആകാനുള്ള പഠനം ആരംഭിച്ചത്. മൂന്ന് വര്‍ഷം നീണ്ട കഠിനാധ്വാത്തിലൂടെയാണ് വിമാനം പറത്താന്‍ പഠിച്ചത്. ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നുമാണ് ജസീക്ക വിമാനം പറത്താനുള്ള ലൈസന്‍സ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook