വാഷിംഗ്ടണ്‍: സൂര്യഗ്രഹണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം ജനിച്ച കുട്ടിക്ക് മാതാപിതാക്കള്‍ പേരിട്ടത് ‘സൂര്യഗ്രഹണം’ എന്ന്. ചരിത്രത്തലാദ്യമായി സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. ചരിത്രം മുഹൂര്‍ത്തം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് എക്ലിപ്സ് എലിസബത്ത് യൂബാംഗ്സ് ജനിച്ചത്.

അര്‍ദ്ധരാത്രിയോടെയാണ് നിനച്ചിരിക്കാതെ ഫ്രീഡം യൂബാംഗ്സിന് പ്രസവവേദന അനുഭവപ്പെട്ടത്. മൂത്ത മകള്‍ക്കൊപ്പം സൂര്യഗ്രഹണം ദര്‍ശിക്കാന്‍ തയ്യാറെടുക്കവെയാണ് ഫ്രീഡം യൂബാംഗ്സിനെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ‘വയലറ്റ്’ എന്നായിരുന്നു പേരിടാന്‍ നേരത്തേ തീരുമാനിച്ചിരുന്നതെന്ന് ഫ്രീഡം പറഞ്ഞു. എന്നാല്‍ പ്രകൃതി തന്നെ കുട്ടിക്ക് പേരിട്ടതായും ഇവര്‍ പറഞ്ഞു.

ആഗസ്ത് 21 നാണ് അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും ഇരുട്ടിലാക്കി യുഎസ് ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. 48 സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായി ദൃശ്യമാകുന്ന ആദ്യത്തെ സൂര്യഗ്രഹണം അതിന്റെ എല്ലാ സൂക്ഷ്മതയോടും കൂടി തന്നെ രാജ്യം ദര്‍ശിച്ചു.

അമേരിക്കന്‍ സമയം രാവിലെ 10.16 ന് തുടങ്ങിയ ഗ്രഹണം അവസാന സംസ്ഥാനമായ സൗത്ത് കാരൊലിനയില്‍ ദൃശ്യമായപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഓരോ സ്ഥലത്തും രണ്ട് മിനിറ്റ് 40 സെക്കന്റ് നേരമാണ് ചന്ദ്രന്‍ സൂര്യനെ മറച്ചത്.

ഇനി ഇതുപോലെ ഒരു സൂര്യഗ്രഹണം ദൃശ്യമാവണമെങ്കില്‍ 2024 വരെ കാത്തിരിക്കണം. അതിനാല്‍ ഈ ഗ്രഹണത്തെ പൂര്‍ണ്ണമായും പഠനവിധേയമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും അമേരിക്ക പൂര്‍ത്തിയാക്കിയിരിക്കുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തങ്ങളുടെ വെബ്‌സൈറ്റില്‍ ഗ്രഹണം തത്സമയം കാണാന്‍ അവസരമൊരുക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ