Want to boost hair growth naturally? Here are some simple tips: കേശസംരക്ഷണം എന്നത് വളരെയേറെ സമയം ചെലവഴിക്കേണ്ട ഒന്നാണ് എന്നും വിലകൂടിയ ഒട്ടേറെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ടതുമാണെന്ന ചിന്ത നിങ്ങൾക്കുണ്ടാകാൻ ഇടയുണ്ട്. എന്നാൽ, കേശസംരക്ഷണം നമ്മുടെ ദിനചര്യയുടെ ഭാഗമാക്കിയാൽ എല്ലാം എളുപ്പമാണ്. മുടി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അത് കൊണ്ട് തന്നെ അതിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടു ചില അടിസ്ഥാനകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ നന്നായി ഭക്ഷണം കഴിക്കുന്നത് വരെ, പ്രത്യേകിച്ചും നിങ്ങൾ മുടിയുടെ വലിപ്പവും ഉള്ളും കൂടണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ.
മുടിയുടെ വളർച്ച കൂട്ടുന്നതിനും അതിനെ ആരോഗ്യമുള്ളതാക്കുന്നതിനുമായി ലളിതമായ ചില നുറുങ്ങുകൾ നമുക്ക് പ്രയോഗിക്കാവുന്നതാണ്. ‘നറിഷ് മന്ത്ര’യുടെ സിഇഒയും സ്ഥാപകയുമായ റിത്കിത ജയസ്വാൾ ഇതിനായി ചില പൊടിക്കൈകൾ പങ്കു വെക്കുന്നു.
പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക
നമ്മുടെയെല്ലാം മുടി കെരാറ്റിൻ എന്ന പോഷകത്താൽ നിർമ്മിക്കപ്പെടുന്നതാണ്, അതു കൊണ്ടാണ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണക്രമം മുടി വളർച്ച വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് എന്ന് പറയുന്നത്. ശരിയായ ഭക്ഷണക്രമം മുടിയുടെ ആരോഗ്യം നിലനിർത്താനും മൃദുത്വവും തിളക്കവും കരുത്തും നിലനിർത്താനും സഹായിക്കും.
ജലാംശം നിലനിർത്തുക ( ആവശ്യത്തിന് വെള്ളം കുടിക്കുക)
ശരീരഭാഗങ്ങളെപ്പോലെ തന്നെ മുടിക്കും വെള്ളം ആവശ്യമാണ്, മുടിയുടെ സംരക്ഷണത്തിന് ജലാംശം നിലനിർത്തുക എന്നത് നിർണായക ഘടകമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ മുടിയിൽ ജലാംശം ഉറപ്പാക്കുന്നു; അത് മുടിയിഴകൾ പൊട്ടാനുള്ള സാധ്യത കുറയ്ക്കുന്നു.
സ്ഥിരമായി മസാജ് ചെയ്യുക
ഹെയർ മസാജ് ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. മുടി വളർച്ചയെ സഹായിക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനും മസാജ് ഗുണരമാണെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. തലയോട്ടിയിലെ മസാജ് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിക്ക് കൂടുതൽ ഓക്സിജനും പോഷണവും പമ്പ് ചെയ്യാൻ രക്തക്കുഴലുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
രാസവസ്തുക്കൾ ഒഴിവാക്കുക
വിഷമയമായ രാസവസ്തുക്കൾ മുടിക്ക് നല്ലതല്ല, അതിനാൽ അവ ഉപയോഗിക്കാതിരിക്കുക എന്നതാണ് എപ്പോഴും നല്ലത്. മുടിയിൽ നിറമടിക്കുന്നത് (ഹെയർ കളറിങ്) പോലുള്ള പല സ്റ്റൈലിങ് ട്രെൻഡുകളും മുടിയുടെ വേരുകൾക്ക് മേൽ സമ്മർദ്ദം നൽകുന്നു. അത് മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാൽ, പാരബെൻസും സൾഫേറ്റും പോലുള്ള വിഷ രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്ത പ്രകൃതിദത്ത ഷാംപൂവും കണ്ടീഷണറുകളും ഉപയോഗിക്കാവുന്നതാണ്.
സ്റ്റൈലിങ് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക
അമിതമായ ചൂട് മുടിക്ക് നല്ലതല്ല, അത് മുടിയെ വരണ്ടതാക്കുന്നു. ഇതു കാരണം മുടി പൊട്ടിപ്പോകാനും അറ്റം പിളരാനും കൂടുതൽ സാധ്യതയുണ്ട്. അതു കൊണ്ട് കേളിംഗ് റോഡ്, സ്‌ട്രെയിറ്റനറുകൾ, ബ്ലോ ഡ്രയർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. കൂടാതെ, നിങ്ങളുടെ മുടി സ്റ്റൈലിങ്ങിന് മുമ്പ് മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ നിർബന്ധമായും ഉപയോഗിക്കണം.
‘മുടി വളർച്ചയ്‌ക്കുള്ള ഈ പ്രകൃതിദത്ത നുറുങ്ങുകൾ പ്രകൃതിദത്ത മുടി സംരക്ഷണ ഉൽപ്പന്നങ്ങളുമായി സംയോജിപ്പിച്ചാൽ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കും. ആരോഗ്യമുള്ള മുടി ഒരു ദിവസത്തെ ജോലിയല്ല, ഇതിന് സമയവും ചെറിയ പരിശ്രമവും ആവശ്യമാണ്,’ റിത്കിത ജയസ്വാൾ പറയുന്നു.