ബോളിവുഡിൽ സിനിമാതാരങ്ങളേക്കാൾ ചർച്ച ചെയ്യപ്പെടുന്നത് അവരുടെ മക്കളെ കുറിച്ചാണ്. അവർ പ്രത്യക്ഷപ്പെടുന്ന പാർട്ടികൾ, ആഘോഷങ്ങൾ, അവാർഡ് നിശകൾ എന്തിന് അവരുടെ അവധിക്കാല ആഘോഷങ്ങൾ വരെ വാർത്തകളിടം പിടിക്കാറുണ്ട്. ഐശ്വര്യ- അഭിഷേക് ദന്പതികളുടെ കുഞ്ഞുമകൾ ആരാധ്യ പോലും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞു സെലിബ്രിറ്റിയാണ്.
2017 ൽ ബോളിവുഡ് സിനിമയിലും ഫാഷനിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ചില താരങ്ങളുടെ മക്കൾ. ഇവരുടെ സിനിമാ പ്രവേശനവും അവർ തീർക്കുന്ന ഫാഷൻ വിസ്മയങ്ങളും കാണാൻ ബോളിവുഡ് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.
സാറാ അലി ഖാൻ
സാറാ അലി ഖാനെ അറിയില്ലേ? സെയ്ഫ് അലി ഖാൻ- അമൃത സിങ് ദന്പതികളുടെ മകൾ. ഫാഷൻ ലോകത്തെ മിന്നും താരമാണ് സാറയിപ്പോൾ. ന്യൂ ഇയർ ആഘോഷത്തിൽ വെള്ള വസ്ത്രത്തിൽ പ്രത്യക്ഷയായ സാറയുടെ ലുക്കും സ്റ്റെലും ഇതിനോടകം ഏറെ പ്രശംസ നേടി കഴിഞ്ഞു. ഈ വർഷം സിനിമ രംഗത്തും ചുവടു വയ്ക്കാനൊരുങ്ങുകയാണ് സെയ്ഫിന്റെ മകൾ. കരൺ ജോഹർ നിർമ്മിക്കുന്ന ഹൃത്വിക്ക് റോഷൻ ചിത്രത്തിൽ സാറാ അഭിനയിക്കുമെന്നു കേൾക്കുന്നു. ഒപ്പം ബോളിവുഡിലെ പ്രമുഖ ബാനറുമായി താരത്തിന്റെ അരങ്ങേറ്റ ചർച്ചകൾ പുരോഗമിക്കുകയാണ്. പക്ഷേ ഇതിലൊന്നും തന്നെ ഔദ്യോഗിക വിശദീകരണങ്ങൾ ഇതു വരെ വന്നിട്ടില്ല. വെള്ളിത്തിരയിൽ അരങ്ങേറിയാലും ഇല്ലേലും ഫാഷൻ രംഗത്ത് സാറ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്.
ജാൻവി കപൂർ
ശ്രീദേവി- ബോണി കപൂർ താര ദന്പതികളുടെ മകൾ ജാൻവി കപൂറും സിനിമ ലോകത്തേയ്ക്ക് എത്തുകയാണ്. മറാഠി ചിത്രം സായ്റത്തിന്റെ റീമേക്കിലൂടെ ജാൻവിയും വെള്ളിത്തിരയിലെത്തുമെന്നാണ് പ്രതീക്ഷ. 2016 തൊട്ടേ വാർത്തകളിലെ താരമാണ് ജാൻവി. ബോയ്ഫ്രണ്ടിനോടൊപ്പമുള്ള ജാൻവിയുടെ ചിത്രം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. ഫാഷൻ രംഗത്തെ ജാൻവിയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ജാൻവിയുടെ വസ്ത്രധാരണവും മേക്കപ്പും ഇതിനോടകം ഫാഷൻ ലോകത്ത് ചർച്ചയായി കഴിഞ്ഞു.
കരൺ ഡിയോൾ
മകനായ കരണിനെ സിനിമയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സണ്ണി ഡിയോൾ. പക്ഷെ സിനിമയിലേയ്ക്ക് യോജിക്കുന്ന നായികയെ കണ്ടെത്താൻ ഇതു വരെ സാധിച്ചിട്ടില്ലെന്ന് ചില വൃത്താന്തങ്ങൾ പറയുന്നു. പൽ പൽ ദിൽ കേ പാസ് ( Pal Pal Dil Ke Paas) ആണ് കരൺ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന സിനിമ. എന്നാൽ സിനിമയിലെത്തുന്നതിനു മുൻപേ ഈ യുവ താരത്തിന്റെ കിടിലൻ ലുക്കുകൾ പ്രേക്ഷകരുടെ ശ്രദ്ധ നേടി കഴിഞ്ഞു.
അഹാൻ ഷെട്ടി
സുനിൽ ഷെട്ടിയുടെ മകനും ഈ വർഷം വെള്ളിത്തിരയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. സാജിദ് നദിയാദ് വാല യുടെ ബ്രോക്കാണ് ( Sajid Nadiadwala film Broke) അഹാന്റെ ആദ്യ ചിത്രം. അഹാൻ ഫാഷൻ രംഗത്തും തന്റേതായ ഇടം കണ്ടെത്തുമെന്നുറപ്പാണ്.
സുഹാന ഖാൻ
ഭാവിയിലെ സൂപ്പർതാരമെന്നാണ് ഈ 16 കാരി ബോളിവുഡിലറിയപ്പെടുന്നത്. ഷാരൂഖ് ഖാൻ- ഗൗരി ഖാൻ ദന്പതികളുടെ മകൾ സുഹാന വാർത്താ ലോകത്തെ മിന്നും താരമാണ്. സുഹാനയും ഈ വർഷത്തിൽ വെള്ളിത്തിരയിലെത്തുമെന്ന് സിനിമാ വൃത്തങ്ങൾ പറയുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള സുഹാനയുടെ ചിത്രങ്ങൾ ഇതിനോടകം ഫാഷൻ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഒപ്പം കിങ് ഖാനൊപ്പമുള്ള ഫോട്ടോഷൂട്ടിലെ ലുക്കും സുഹാനയെ ഫാഷൻ രംഗത്തെ പ്രിയങ്കരിയാക്കുന്നു.
ആര്യൻ ഖാൻ
ഷാരൂഖ് ഖാന്റെ മകനായ കുഞ്ഞുഖാനും വെള്ളിത്തിരയിൽ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈയടുത്താണ് ആര്യൻ ഖാൻ ഇൻസ്റ്റഗ്രാമിലൂടെ തന്റെ സാന്നിധ്യമുറപ്പിച്ചത്. ഇതിനോടകം തന്നെ പെൺകുട്ടികളുടെ പ്രിയം നേടിയെടുക്കാൻ കുട്ടി ഖാന് കഴിഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ഓരോ ചിത്രവും ആര്യന്റെ ഫാഷൻ സെൻസ് വിളിച്ചോതുന്നതാണ്.
കൃഷ്ണ ഷെറോഫ്
ഷെറോഫ് കുടുംബത്തിൽ നിന്നൊരാൾ കൂടി സിനിമയിലെത്തുകയാണ്. ജാക്കി ഷെറോഫ്- ആയിഷ ഷെറോഫ് ദന്പതികളുടെ മകൾ കൃഷ്ണ ഷെറോഫ്. സഹോദരനായ ടൈഗർ ഷെറോഫിന്റെ ചിത്രം മുന്ന മൈക്കലിൽ അസിസ്റ്റ് ചെയ്യുകയാാണ് കൃഷ്ണയിപ്പോൾ. 2017 ൽ ക്യാമറയുടെ പിന്നണിയിൽ നിന്ന് കൃഷ്മയും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുമെന്ന് സിനിമാ ലോകം പറയുന്നു. കിടിലൻ ലുക്കിലൂടെ ഫാഷൻ ലോകം കീഴടക്കി കൊണ്ടിരിക്കയാണ് ഈ ഷെറോഫ് സുന്ദരി.
നവ്യ നവേലി നന്ദ
ബോളിവുഡ് ലോകം ആകാംക്ഷയോടെ നോക്കുന്ന മറ്റൊരു താര പുത്രി നവ്യ നവേലി നന്ദയാണ്. ശ്വേത ബച്ചന്റെ മകളുടെ സിനിമാ പ്രവേശനത്തെ ക്കുറിച്ച് ഇതുവരെ ഒന്നും കേട്ടില്ലെങ്കിലും ഫാഷൻ ലോകത്തെ ഐക്കണുകളിലൊരാളാണ് നവ്യ.