സൗന്ദര്യപരിപാലനത്തിന് പ്രകൃതിദത്തമായ നിരവധിയേറെ തെറാപ്പികളുണ്ട്. അതിലൊന്നാണ് മഡ് ബാത്ത്. ബോളിവുഡ് നടി ഉർവശി റോട്ടേല മഡ് ബാത്തിനിടെ പകർത്തിയ ചിത്രങ്ങൾ ഇന്നലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിനു പിന്നാലെ മഡ് ബാത്തിനെ കുറിച്ചും അതിന്റെ ഗുണവശങ്ങളെ കുറിച്ചുമുള്ള അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.
“മഡ് ബാത്തിന്റെ ആദ്യക്കാലപ്രണയിനികളിൽ ഒരാൾ ക്ലിയോപാട്രയാണ്, അതേസമയം ആധുനികകാലത്തെ ആരാധകരിൽ ഞാനുമുണ്ട്. ബലേറിക് ബീച്ചിലെ ചുവന്ന ചെളിമണ്ണ് ആസ്വദിക്കുന്നു,” എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ഉർവശി കുറിച്ചത്.
ചർമ്മപരിപാലനത്തിന് വളരെ നല്ല ഒന്നാണ് ധാതു സമ്പുഷ്ടമായ മണ്ണ്. ചർമ്മസുഷിരങ്ങളിലെ മാലിന്യങ്ങൾ പുറന്തള്ളാനും ചർമ്മം മൃദുവാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ശാരീരിക വേദനകൾ ലഘൂകരിക്കാനുമുള്ള കഴിവ് മണ്ണിനുണ്ട് എന്നാണ് പറയപ്പെടുന്നത്.
ആയിരത്തിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു സൗന്ദര്യപരിചരണ രീതിയായ മഡ് ബാത്ത് ഇന്ന് പല ലക്ഷ്വറി സ്പാ സെന്ററുകളിലും ലഭ്യമാണ്. എന്നാൽ എല്ലാവർക്കും യോജിച്ച ഒന്നല്ല മഡ് ബാത്ത് തെറാപ്പി. ഗർഭിണികളായ സ്ത്രീകൾ, രക്തസമ്മർദ്ദം കൂടുതലോ കുറഞ്ഞതോ ആയ വ്യക്തികൾ, ഹൃദയസംബന്ധമായ അസുഖമുള്ളവർ, ശരീരത്തിൽ മുറിവുകൾ ഉള്ളവർ, അലർജി ഉള്ളവർ എന്നിവരൊന്നും ഡോക്ടറുടെ നിർദ്ദേശം കൂടാതെ മഡ് ബാത്ത് ചെയ്യാൻ പാടുള്ളതല്ല.
Read more: ചർമ്മത്തിലെ ചൊറിച്ചിൽ സിംപിളായി പരിഹരിക്കാം