ബൊളീവിയയിലെ തന്റെ കൊച്ചുവീടിനു പുറത്തെ പരുപരുത്ത ബെഞ്ചിൽ വെയിലു കായാൻ ഫ്ലോറെസ് മുത്തശ്ശി ഇരിക്കുന്നതു കണ്ടാൽ കല്ലിൽ കൊത്തിയ ഒരു പുരാതനകാല പ്രതിമയെന്നെ പറയൂ. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ ഫ്ലോറെസ് മുത്തശ്ശിയാണെന്നാണ് ബൊളിവീയയിലെ സകാബക്കാരുടെ വിശ്വാസം. 1900 ഒക്ടോബർ 26 ന് ബൊളിവീയൻ പർവ്വതനിരകൾക്കരികിലെ ഒരു മൈനിംഗ് ക്യാംപിലാണ് ജൂലിയ ഫ്ളോറെസ് കോൾഗ് ജനിച്ചത്.

ലോക റെക്കോർഡ് പ്രകാരം 117 വയസ്സുള്ള നാബി താജിമ എന്ന ജാപ്പനീസ് സ്ത്രീയായിരുന്നു ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ സ്ത്രീ.​ എന്നാൽ ഈ വർഷം ആദ്യം അവർ മരണപ്പെട്ടിരുന്നു. നാബി താജിമയുടെ മരണത്തോടെയാണ് ഫ്ളോറെസ് കോൾഗ് ആ റെക്കോർഡിലേക്കെത്തുന്നത്.​എന്നാൽ ഔദ്യോഗികമായി ആ റെക്കോർഡ് കരസ്ഥമാക്കാനൊന്നും ഫ്ലോറെസ് മുത്തശ്ശി ഇതുവരെ ശ്രമിച്ചിട്ടില്ല.

ഒരു നൂറ്റാണ്ട് തികച്ച സംഭവബഹുലമായ ജീവിതത്തിനിടയിൽ രണ്ടു ലോകമഹായുദ്ധങ്ങൾക്കാണ് ഫ്ളോറെസ് മുത്തശ്ശി സാക്ഷിയായിരിക്കുന്നത്. ഒരു നൂറ്റാണ്ടിനിടെയുണ്ടായ ബൊളീവിയൻ വിപ്ലവങ്ങൾക്കെല്ലാം സാക്ഷിയാണ് ഈ 118കാരി. 3000 ആളുകൾ മാത്രമുണ്ടായിരുന്ന സകാബ എന്ന തന്റെ ഗ്രാമം, അഞ്ചു പതിറ്റാണ്ടിനിടെ വളർന്ന് 1,75,000 ത്തിലേറെ ജനസാന്ദ്രതയുള്ള തിരക്കേറിയ നഗരമായി മാറിയത് കാണാനുള്ള അപൂർവ്വഭാഗ്യവും ഈ മുത്തശ്ശിക്ക് ലഭിച്ചു.

ഈ 118-ാം വയസ്സിലും ഊർജ്ജസ്വലയാണ് ഫ്ളോറെസ് മുത്തശ്ശി. ബൊളീവിയൻ സംഗീതോപകരണമായ ഷരൻഗോ (ഒരുതരം ഗിറ്റാർ) വായിക്കുകയും നാടൻ തനിമയുള്ള പാട്ടുകൾ പ്രാദേശികഭാഷയായ കെച്വവയിൽ ആലപിക്കുകയും ചെയ്യും.

ഫ്ളോറെസ് മുത്തശ്ശി തന്റെ പ്രിയപ്പെട്ട വളർത്തുപൂച്ചയ്‌ക്കൊപ്പം

മിനിന എന്ന പൂച്ചയും ബ്ലാൻക്വിറ്റ എന്ന കുഞ്ഞൻ പട്ടിയുമാണ് ഫ്ളോറെസ് മുത്തശ്ശിയുടെ സന്തതസഹചാരികൾ. തന്റെ വളർത്തുപട്ടികളും പൂച്ചകളും കോഴികളുമൊക്കെയായി സദാ തിരക്കിലാണ് ഫ്ളോറെസ് മുത്തശ്ശി. 65 വയസ്സുള്ള മരുമകൾ അഗസ്റ്റിന ബെർണയ്ക്കൊപ്പമാണ് അവിവാഹിതയായ ഈ മുത്തശ്ശിയുടെ താമസം.

പാട്ടും കളികളും തമാശകളുമൊക്കെ ഇഷ്ടപ്പെടുന്ന ഫ്ളോറെസ് മുത്തശ്ശി എപ്പോഴും ആക്റ്റീവാണെന്നാണ് അഗസ്റ്റിന പറയുന്നത്. വളർത്തുപട്ടികളിലെ പ്രിയപ്പെട്ടവൻ ബ്ലാൻക്വിറ്റ തെരുവിൽ അലയാൻ പോയി തിരിച്ചെത്താൻ വൈകിയാൽ ഉഗ്രരൂപിണിയായി മാറാനും ഫ്ളോറെസ് മുത്തശ്ശിയ്ക്ക് ഞൊടിനേരം മതിയെന്നാണ് അഗസ്റ്റിനയുടെ വെളിപ്പെടുത്തൽ.

ബൊളീവിയൻ മലനിരകളിൽ ആടുകളെയും ലാമകളെയും മേയ്ച്ചാണ് ഫ്ലോറെസ് തന്റെ ബാല്യം ചെലവഴിച്ചത്. പിന്നീട് താഴ്‌വാരത്തേക്ക് താമസം മാറിയ ഫ്ളോറെസ് പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തും വിറ്റും ഉപജീവനം നടത്തി. ഈ പ്രായത്തിലും ആരോഗ്യകരമായ ഡയറ്റ് പിന്തുടരുകയാണ് ഫ്ളോറെസ്. ആഘോഷവേളകളിൽ അൽപ്പം കേക്കും സോഡയും കഴിക്കുന്നതൊഴിച്ചാൽ അനാരോഗ്യകരമായ യാതൊരുവിധ ഭക്ഷണശീലവും ഈ മുത്തശ്ശിക്കില്ല.

‘ലിവിംഗ് ഹെറിറ്റേജ്’ എന്നാണ് സകാബ മേയറുടെ കാര്യാലയം ഫ്ളോറെസ് മുത്തശ്ശിയെ വിശേഷിപ്പിക്കുന്നത്. മേയറുടെ ഓഫീസും പ്രൈവറ്റ് ഫൗണ്ടേഷനും ചേർന്ന് ഫ്ളോറെസ് മുത്തശ്ശിയുടെ വീട് നവീകരിച്ചുകൊടുക്കുകയും നടക്കാനായി ഒരു നടപ്പാതയൊരുക്കി കൊടുക്കുകയും ചെയ്തു. രാത്രികളിലും മറ്റും ബാത്ത്റൂമിൽ പോകാൻ അസൗകര്യം ഉണ്ടാവാതിരിക്കാനായി ഫ്ളോറെസിന്റെ മുറിയോട് ചേർന്ന് ഒരു ബാത്ത് റൂമും ടോയ്‌ലറ്റും കൂടി ഒരുക്കി കൊടുക്കാനും ഇവർ തയ്യാറായി.

കുറച്ചുവർഷങ്ങൾക്കു മുൻപു വരെ വളരെ ചടുലമായി തന്നെ നടന്നു കൊണ്ടിരുന്ന വ്യക്തിയാണ് ഫ്ളോറെസ് മുത്തശ്ശി. ഇടയ്ക്ക് ഒന്നു വീണ് നടുവിന് പരുക്കേറ്റതിനെ തുടർന്ന് ഇനിയൊരിക്കലും ഫ്ലോറെസ് മുത്തശ്ശിക്ക് നടക്കാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. ​എന്നാൽ ഡോക്ടർമാരുടെ പ്രവചനങ്ങളെല്ലാം തെറ്റിച്ച് ഫ്ലൊറെസ് വീണ്ടും പരസഹായമില്ലാതെ തന്റെ നടപ്പ് വീണ്ടെടുത്തു.

അൽപ്പം കേൾവിക്കുറവുണ്ടെങ്കിലും ആ പരാധീനതയെ മറികടക്കാനായി, സദാ ജാഗരൂകയാണ് മുത്തശ്ശി. സ്വയം ബേക്ക് ചെയ്ത കേക്കും നാടൻ പാട്ടുകളുമായി തന്നെ കാണാനെത്തുന്നവരെയൊക്കെ സ്നേഹത്തോടെ സ്വീകരിച്ചിരുത്തി ജീവിതം ഒരുത്സവം പോലെ ആഘോഷിക്കുകയാണ് ഫ്ളോറെസ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ