പക്ഷികളിൽ ഉയർന്ന പകർച്ചവ്യാധിയും കഠിനമായ ശ്വാസകോശ സംബന്ധമായ രോഗവും ഉണ്ടാക്കുന്ന ഒരു തരം ഇൻഫ്ലുവൻസ വൈറസാണ് പക്ഷിപ്പനിക്ക് കാരണമാവുന്ന എച്ച് 5 എൻ 1 വൈറസ് എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു.
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആലപ്പുഴയിൽ സന്ദർശനം നടത്തിയിരുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പനിക്ക് കാരണമായ എച്ച് 5 എൻ 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ കേന്ദ്ര സംഘം നടത്തും.
Read More: പക്ഷിപ്പനി: കേന്ദ്രസംഘം ആലപ്പുഴയിലെത്തി, കോട്ടയത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് കലക്ടർ
പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹിമാചലിലെ പോങ് ടാം വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയ ചത്ത ദേശാടന പക്ഷികളില്‍ എച്ച്-5 എന്‍-1 സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം.
പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ഉയരുന്ന ഒരു സംശയമാണ് കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് ഈ സാഹചര്യത്തിൽ സുരക്ഷിതമാണോ എന്നത്. പക്ഷിപ്പനി കാരണം, ചില പ്രദേശങ്ങളിൽ കോഴി വിലയിൽ വലിയ ഇടിവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്.
ലോകാരോഗ്യ സംഘടന എന്താണ് പറയുന്നത്?
“ശരിയായി തയ്യാറാക്കി വേവിക്കുന്നിടത്തോളം” ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വൈറസ് ചൂടേറ്റാൽ നശിക്കുന്നതായതിനാൽ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെൽഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാൽ ആ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നത്.
Read More: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
“ഒരു സാധാരണ മുൻകരുതൽ എന്ന നിലയിൽ, നല്ല ശുചിത്വ രീതികൾ പാലിച്ച് കോഴിയോ മുട്ടയോ മറ്റു പക്ഷികളുടെ മാംസമോ എന്നിവ എല്ലായ്പ്പോഴും പാചകത്തിനായി തയ്യാറാക്കണമെന്നും കോഴി ഇറച്ചി ശരിയായി പാകം ചെയ്യണമെന്നും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു,” എന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു.