ഭക്ഷണത്തോട് വിരക്തി തോന്നുന്നത് മാത്രമല്ല, അത്യാര്‍ത്തി തോന്നുന്നതും ഒരു രോഗമാണ്. ബിഞ്ച് ഈറ്റിങ് എന്ന വിഭാഗത്തിലാണ് ഈ രോഗം പെടുന്നത്. വാരിവലിച്ച് ഭക്ഷണം കഴിച്ച് മദോന്മത്തരാകുന്ന അവസ്ഥയ്ക്കാണ് ബിഞ്ച് ഈറ്റിങ് എന്ന് പറയുന്നത്. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുക, ശാരീരികമായി അസ്വസ്ഥരാവുന്നതുവരെ ഭക്ഷണം കഴിക്കുക എന്നതൊക്കെയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
സാധാരണ ഭക്ഷണം കഴിക്കാനെടുക്കുന്ന സമയത്തിലും വളരെക്കുറച്ച് സമയം കൊണ്ടാണ് ഇത്തരക്കാര്‍ ഭക്ഷണം കഴിക്കുന്നത്. കഴിക്കാനിരിക്കുന്ന ഭക്ഷണത്തെപ്പറ്റി മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്ന ശീലമുള്ള ഇവര്‍ക്ക് കഴിച്ച ഭക്ഷണത്തിന്റെ അളവോ എണ്ണമോ ഒന്നും ഓര്‍മയുണ്ടാവില്ല.
ബിഞ്ച് ഈറ്റിങ് ഡിസോര്‍ഡര്‍ ഇല്ലാതാക്കാന്‍ ചില മാര്‍ഗങ്ങള്‍:
അമിതമായ ഡയറ്റിങ്ങിലൂടെ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്നും സ്വയം വിലക്കാതിരിക്കുക. കലോറീസ് അടങ്ങിയതോ, ജങ്ക് ഫുഡോ മിതമായ അളവില്‍ കഴിക്കുക. നാരുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുക.
ധാരാളം വെള്ളം കുടിക്കുക. നിര്‍ജലീകരണം ബിഞ്ച് ഈറ്റിങ് ഡിസോര്‍ഡറിന്റെ പ്രധാന കാരണമാണ്. ശരീരത്തെ ജലീകരിക്കുക വഴി ഇത് വലിയൊരു പരിധിവരെ തടയാന്‍ സാധിക്കും. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും, മെറ്റബോളിസം കൂട്ടും, ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ആവശ്യത്തിന് ഉറക്കമാണ് മറ്റൊരു പ്രധാനമാര്‍ഗം. ദിവസം എട്ടുമണിക്കൂര്‍ ഉറക്കം ഉറപ്പു വരുത്തുക. ഉറക്കക്കുറവ് വിശപ്പിനെ ബാധിക്കും. ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും സമയക്രമം പാലിക്കാന്‍ ശ്രമിക്കണം.
അടുക്കള വൃത്തിയായി സൂക്ഷിക്കുക. ധാരാളം ജങ്ക് ഫുഡ് അടുക്കളയില്‍ സൂക്ഷിക്കുന്നത് ബിഞ്ച് ഈറ്റിങ്ങിന് ഇടവരുത്തും. പകരം ആരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടുക്കളയില്‍ കരുതിവയ്ക്കുക. ചിപ്‌സ്, ചോക്ലേറ്റ്, കാന്‍ഡീസ്, തണുത്ത പദാര്‍ത്ഥങ്ങള്‍ എന്നിവ ശേഖരിച്ചു വയ്ക്കുന്നത് ഒഴിവാക്കുക.
മാനസിക പിരിമുറുക്കം. കൊഴുപ്പടങ്ങിയതും ആരോഗ്യകരമല്ലാത്തതുമായ ഭക്ഷണത്തിനു പുറകെ ആളുകള്‍ പോകുന്നതിന്റെ ഒരു പ്രധാന കാരണം മാനസിക പിരിമുറുക്കമാണ്. ഡയറ്റ് ചെയ്യുന്ന ആളുകള്‍ പോലും മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോള്‍ അമിത അളവില്‍ ഇത്തരം ഭക്ഷണം കഴിക്കുന്നു.