കോവിഡ് പ്രതിസന്ധിയിൽ വേണ്ടെന്നുവച്ചിരുന്ന പല അവാർഡ് ചടങ്ങുകളും പതിയെ തിരികെ വന്നു തുടങ്ങുകയാണ്. ആദ്യം ഓസ്കർ, ഇപ്പോഴിതാ ബിൽബോർഡ് മ്യൂസ്ക് അവാർഡ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ബിൽബോർഡ് മ്യൂസ്ക് അവാർഡ് പരിപാടി നടന്നത്.
നിരവധി താരങ്ങളാണ് ഇത്തവണത്തെ ബിൽബോർഡ് മ്യൂസ്ക് അവാർഡ് ഷോയിൽ എത്തിയത്. പക്ഷേ പുരസ്കാര ചടങ്ങിൽ തിളങ്ങിയത് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസുമായിരുന്നു. പുരസ്കാര ചടങ്ങിൽനിന്നുളള ചിത്രങ്ങൾ പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഡോള്ച്ചേ ആന്‍ഡ് ഗബാന ഗൗണായിരുന്നു പ്രിയങ്ക ധരിച്ചത്. ആഡംബര ബ്രാന്‍ഡായ ബുഗറിയുടെ ആഭരണങ്ങളാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. പച്ച ഷര്‍ട്ടും, പാന്റ്സും, ജാക്കറ്റുമായിരുന്നു നിക്കിന്റെ വേഷം.
ഭർത്താവ് നിക് ജൊനാസിനൊപ്പം ലൊസാഞ്ചൽസിലാണ് പ്രിയങ്കയുടെ താമസം. 2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ പലരും പ്രിയങ്കയെ കളിയാക്കി. ഹോളിവുഡിലെ ചില മാധ്യമങ്ങൾ ഇരുവരും അധികം വൈകാതെ വേർപിരിയുമെന്നുവരെ എഴുതി. പക്ഷേ അതിനൊന്നും മറുപടി പറയാൻ പ്രിയങ്ക തയ്യാറായില്ല. നിക്കുമായുളള വിവാഹം ജീവിതം വിജയിക്കാനുളള കാരണം താരം പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.