അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഭാവനയുടേയും നവീന്റേയും പ്രണയം പൂവണിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ഒരുപക്ഷെ ഈ കൂട്ടുകാരികളായിരിക്കും. സയനോര, ഷഫ്‌ന, ശ്രിത ശിവദാസ്, രമ്യ നമ്പീശന്‍, മൃദുല മുരളി, ശില്‍പ ബാലന്‍. ഉയര്‍ച്ചയിലും തളര്‍ച്ചയിലും ഭാവനയ്‌ക്കൊപ്പം നിന്ന ഈ പെണ്‍കുട്ടികള്‍ തന്നെയായിരുന്നു ഒരര്‍ത്ഥത്തില്‍ ആ വിവാഹത്തിലെ താരങ്ങളും.

Bhavana friends

വിവാഹത്തിന്റെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കി വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രഫി ഒരുക്കിയ വീഡിയോ തുടങ്ങുന്നത് ഈ ആറു കൂട്ടുകാരികളുടെ ആശംസകളോടെയാണ്. ഭാവന തങ്ങള്‍ക്കെത്ര പ്രിയപ്പെട്ടവളാണെന്ന് ഓരോ വാക്കിലും നോക്കിലും അവര്‍ പറയുന്നുണ്ട്.

വിവാഹത്തിന് ഭാവനയ്ക്ക് സര്‍പ്രൈസൊരുക്കാനും തങ്ങളാലാവുന്ന വിധം ഓരോ നിമിഷവും കൂട്ടുകാരിയെ സ്‌നേഹിക്കാനും സന്തോഷിപ്പിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. വിവാഹ വിരുന്ന് നടക്കുന്ന ഹാളിലേക്ക് എത്തിയ ഭാവനയെയും നവീനെയും നൃത്തം ചെയ്താണ് ഇവര്‍ വരവേറ്റത്. വിവാഹവിരുന്നിലെ ഭാവനയുടെ വേഷം അതിമനോഹരമായിരുന്നു. ബോളിവുഡ് നടികളെ ഓര്‍മിപ്പിക്കുന്ന തരത്തിലുളള ലെഹങ്കയായിരുന്നു ഭാവന അണിഞ്ഞിരുന്നത്.

പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ