ചർമ്മ സംരക്ഷണത്തിൽ മോയിസ്ച്യുറൈസറും സൺസ്ക്രീനും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇവ ഒഴിവാക്കാൻ കൂടാത്തവയാണ്. ഏതുതരം ചർമ്മക്കാരാണെങ്കിലും സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ എസ്പിഎഫ് 30 അല്ലെങ്കിൽ അതിനുമുകളിൽ ആണെന്ന് ഉറപ്പു വരുത്തണം. സണ്‍സ്ക്രീന്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ സൂര്യപ്രകാശമേറ്റ് ചർമ്മം കരിവാളിക്കുന്നത് ഒഴിവാക്കാം.
സ്ട്രെച്ച് മാർക്കുകൾ തടയാൻ മോയിസ്ച്യുറൈസറിന് കഴിയും. ക്രീമുകൾക്കോ എണ്ണകൾക്കോ സ്ട്രെച്ച് മാർക്കുകൾ പൂർണമായും മാറ്റാൻ കഴിയില്ല, പക്ഷേ അതിന്റെ തീവ്രതയെങ്കിലും നിയന്ത്രിക്കാനാകും. അതിനുള്ള ഏക മാർഗം മോയ്സ്ച്യുറൈസ് ആണ്.
ഭൂരിഭാഗം പേരും മോയിസ്ച്യുറൈസറും സൺസ്ക്രീനും ഉപയോഗിക്കാറുണ്ടെങ്കിലും, അവ പുരട്ടുന്നതിനുള്ള ശരിയായ രീതി അറിയില്ല. ക്രീമുകൾ പുരട്ടുന്നതിനുള്ള ശരിയായ രീതി എങ്ങനെയെന്ന് ഇൻസ്റ്റഗ്രാം വീഡിയോയിൽ കാണിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.അഞ്ചൽ പന്ത്.
മുഖത്ത് മുഴുവൻ ചെറിയ ഡോട്ടുകൾ ഇടുന്നതാണ് ഏത് ക്രീമും പുരട്ടാനുള്ള ഏറ്റവും നല്ല മാർഗം. ഇതിലൂടെ എല്ലാ ഭാഗങ്ങളിലും ക്രീം പുരട്ടാനാകും. ക്രീം പുരട്ടുമ്പോൾ എപ്പോഴും കണ്ണിന് താഴെയുള്ള ഭാഗത്ത് വളരെ കുറച്ചു മാത്രമേ പ്രയോഗിക്കാവൂ. ക്രീമുകൾ അമിതമാകാതെ മിതമായി ഉപയോഗിക്കുന്നതിനും പാഴാക്കാതെയിരിക്കാനും ഇതിലൂടെ കഴിയും. മുഖത്ത് ക്രീം പുരട്ടുമ്പോൾ കൈകൾ വൃത്തിയുള്ളതാണെന്ന് എപ്പോഴും ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.