പ്രണയത്തെക്കുറിച്ച് ഓരോരുത്തർക്കും പറയാൻ വെവ്വേറെ കഥകളുണ്ടാകും. ചിലർക്ക് നഷ്ടപ്രണയത്തെക്കുറിച്ചായിരിക്കാം പറയാനുണ്ടാവുക. മറ്റു ചിലർക്ക് കഠിന പ്രയത്നത്തിലൂടെ തന്റെ പ്രണയിനിയെ സ്വന്തമാക്കിയ കഥകളായിരിക്കും പങ്കുവയ്ക്കാനുണ്ടാവുക. എന്നാൽ ബെംഗളൂരു സ്വദേശിയായ ജയപ്രകാശിന്റെ പ്രണയകഥ കേട്ടാൽ നമ്മുടെ കണ്ണുകൾ ചിലപ്പോൾ ഈറനണിയും.17-ാം വയസ്സിൽ കണ്ടുമുട്ടിയ പ്രണയിനിയെ10 വർഷങ്ങൾക്കിപ്പുറം വിവാഹം ചെയ്തതിനെക്കുറിച്ച് ബീയിങ് യൂ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജയപ്രകാശ് പങ്കുവച്ചത്.

ക്ലാസ് മുറിയിലിരിക്കുമ്പോഴാണ് പുറത്തുകൂടി നടന്നുപോകുന്ന ഒരു പെൺകുട്ടി ജയപ്രകാശിന്റെ ശ്രദ്ധയിൽപ്പെട്ടത്. അവളിൽനിന്നും കണ്ണുകൾ പിൻവലിക്കാൻ ജയപ്രകാശിന് കഴിഞ്ഞില്ല. ജയപ്രകാശിന്റെ മനസ്സിൽ അപ്പോഴേക്കും അവൾ ആഴത്തിൽ പതിഞ്ഞിരുന്നു. പതുക്കെ ഇരുവരും സുഹൃത്തുക്കളായി. സുനിത എന്നായിരുന്നു അവളുടെ പേര്. പഠനം കഴിഞ്ഞപ്പോൾ ഇരുവരും വെവ്വേറെ സ്ഥലങ്ങളിലേക്ക് പോയി. വല്ലപ്പോഴും കാണുകയും ഫോൺ വിളിക്കുകയും മാത്രമായി.

2011 ൽ ജയപ്രകാശിന് ഒരു ഫോൺകോൾ വന്നു. സുനിതയുടെ കൂട്ടുകാരനാണ് വിളിച്ചത്. സുനിതയ്ക്ക് ഒരു അപകടം പറ്റിയെന്നു പറഞ്ഞു. ഉടൻതന്നെ ആശുപത്രിയിലേക്ക് പോയി. അവിടെവച്ച് സുനിതയുടെ രൂപം കണ്ടപ്പോൾ ജയപ്രകാശ് ഞെട്ടിപ്പോയി. മുടിയും പല്ലും വായും ഒന്നുമില്ലാത്ത 90 വയസ്സ് തോന്നിക്കുന്ന ഒരു പ്രാകൃതരൂപത്തെയാണ് ജയപ്രകാശ് ആശുപത്രിയിൽ കണ്ടത്. ആ നിമിഷം സുനിതയോടുളള പ്രണയം ജയപ്രകാശ് തിരിച്ചറിഞ്ഞു. അന്നു രാത്രി തന്നെ സുനിതയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവളോട് പറഞ്ഞു. പക്ഷേ അത് കേട്ടപ്പോൾ സുനിത ഉറക്കെ ചിരിക്കുകയാണ് ചെയ്തത്.

2014 ൽ ഇരുവരും വിവാഹിതരായി. ഈ വിവാഹത്തിന് അധികം ആയുസ്സുണ്ടാവില്ലെന്നാണ് അന്ന് പലരും പറഞ്ഞത്. പക്ഷേ അത് തെറ്റാണെന്ന് ജയപ്രകാശും സുനിതയും തെളിയിച്ചു. ഇപ്പോൾ രണ്ടു കുട്ടികൾക്കൊപ്പം ഇരുവരും സുഖമായി ജീവിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ