ഇഷ്‌ടപ്പെട്ട പങ്കാളിക്കൊപ്പം ജീവിക്കുകയെന്നത് സുഖകരമായ അനുഭൂതിയാണ്. വിവാഹജീവിതം മുന്നോട്ടു പോകുന്തോറും പങ്കാളിയോടുള്ള സ്‌നേഹവും കൂടും. വർഷങ്ങൾ നീണ്ട വിവാഹജീവിതത്തിൽ ഓർത്തുവയ്‌ക്കാൻ ഇഷ്‌ടപ്പെടുന്ന നിരവധി മുഹൂർത്തങ്ങളുണ്ടാകും. പങ്കാളിക്കൊപ്പം മുന്നോട്ടുള്ള ജീവിതയാത്ര ഇത് കൂടുതൽ മനോഹരമാക്കും. ഇവയ്‌ക്കു പുറമേ ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ വിവാഹജീവിതം കുറച്ചുകൂടി സുന്ദരമാക്കാം.

1. പരസ്‌പരം ഇരുവരുടെയും സ്വഭാവ പ്രത്യേകതകൾ മനസ്സിലാക്കുക
പങ്കാളിയുടെ ഇഷ്‌ട ഭക്ഷണമോ ഇഷ്‌ട വിനോദമോ മനസ്സിലാക്കുന്നതിനെക്കാൾ സ്വഭാവ പ്രത്യേകതകൾ മനസ്സിലാക്കുക. എന്തെങ്കിലും ശ്രദ്ധയോടെ ചെയ്യുന്ന സമയത്ത് ഭർത്താവ് ചിലപ്പോൾ ചൂണ്ടുവിരൽ നെറ്റിയിൽ അമർത്തിയിട്ടുണ്ടാകും. ഇതു മനസ്സിലാക്കി ചിലപ്പോൾ അനുകരിച്ചാൽ ഭർത്താവിന് നിങ്ങളോടുള്ള ഇഷ്‌ടം കൂടും. തിരിച്ചും ഭർത്താക്കന്മാർ ഭാര്യയുടെ പ്രത്യേക സ്വഭാവരീതികൾ മനസ്സിലാക്കുക. ഇത്തരം കാര്യങ്ങൾ പങ്കാളിക്ക് നിങ്ങളോടുള്ള ഇഷ്‌ടം വർധിപ്പിക്കും.

2. പരസ്‌പരം നല്ല സുഹൃത്തുക്കളാകുക
പങ്കാളിയെ നല്ല സുഹൃത്തായി കരുതുക. ഇതിലൂടെ പരസ്പര വിശ്വാസവും സ്‌നേഹവും ഉണ്ടാകും. പരസ്‌പരം നല്ല സുഹൃത്തുക്കളായി മാറുന്ന സമയത്ത് എന്റെ ഭർത്താവാണ് അല്ലെങ്കിൽ ഭരയയാണ് ഉറ്റ സുഹൃത്തെന്ന് നിസംശയം പറയാനാകും. വിവാഹജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്നായിരിക്കുമത്. വളരെ കുറച്ചുപേർക്കു മാത്രമേ ഈ സൗഭാഗ്യം ലഭിക്കാറുള്ളൂവെന്നത് ദൗർഭാഗ്യകരമായ വസ്‌തുതയാണ്.

3. സ്വഭാവ വ്യത്യസ്‌തതകളെപ്പോലെ സമാനതകളെക്കുറിച്ചും സംസാരിക്കുക
വിവാഹ ജീവിതത്തിൽ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ പരസ്‌പര ധാരണയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാവണം. പരസ്‌പരം സ്‌നേഹമുണ്ടെങ്കിൽ മാത്രമേ വിവാഹ ജീവിതം മുന്നോട്ടു നയിക്കാനാകൂ. അതിനാദ്യം വേണ്ടത് പരസ്‌പര ധാരണയാണ്. പങ്കാളിയിൽ ഇഷ്‌ടമില്ലാത്ത കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനൊപ്പം ഇഷ്‌ടമുള്ളതിനെക്കുറിച്ചും പറയുക. ഇരുവരുടെയും സ്വഭാവത്തിലെ സമാനതകളക്കുറിച്ചും സംസാരിക്കുക. ഇവയൊക്കെ പങ്കാളിയുടെ ഇഷ്‌ടം വർധിപ്പിക്കും.

4. സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ പങ്കാളിയെയും ഒപ്പം കൂട്ടുക
ജീവിതത്തിൽ എല്ലാവർക്കും പലവിധ സ്വപ്‌നങ്ങളുണ്ടാകും. വിവാഹത്തിനുശേഷം ആ സ്വപ്‌നങ്ങൾ പങ്കാളിയുമായി പങ്കുവയ്‌ക്കുക. സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള യാത്രയിൽ പങ്കാളിയെയും ഒപ്പം കൂട്ടുക. ഇരുവരും ഒരുമിച്ച് ചേർന്ന് തീരുമാനങ്ങളെടുത്ത് മുന്നേറിയാൽ സ്വപ്‌നം യാഥാർഥ്യമാകും.

5. പരസ്‌പരം വിശ്വാസം പുലർത്തുക, സത്യം പറയുക
പരസ്‌പര വിശ്വാസം വിവാഹജീവിതത്തിൽ ആവശ്യമാണ്. എന്തു കാര്യവും സത്യസന്ധമായി പങ്കാളിയോട് തുറന്നുപറയുക. ഇത് ഇരുവരും തമ്മിലുള്ള വിശ്വാസം കൂട്ടും. വിവാഹബന്ധത്തിനു കൂടുതൽ ദൃഢത നൽകും. ജീവിതത്തിലെ ഏതു വിഷമ ഘട്ടത്തിലും പങ്കാളിക്കൊപ്പം നിൽക്കുക. എപ്പോഴും ഞാൻ കൂടെയുണ്ടാകുമെന്നുള്ള തോന്നൽ പങ്കാളിയിൽ ഇതുണർത്തും.

6. ഹൃദയം തുറന്ന് സംസാരിക്കുക
പങ്കാളിയോട് ഒന്നും മറച്ചുവയ്‌ക്കാതെ സംസാരിക്കുക. അങ്ങനെ സംസാരിക്കുന്പോൾ പുറത്തുവരുന്ന വാക്കുകൾ നിങ്ങളുടെ ഹൃദയത്തി നിന്നായിരിക്കും. ആ വാക്കുകളിൽനിന്നും പങ്കാളിക്ക് നിങ്ങളുടെ ഇഷ്‌ടം വായിച്ചെടുക്കാനാകും.

7. സ്‌നേഹം ഉറച്ചതാണെങ്കിൽ വിവാഹബന്ധം ആർക്കും തകർക്കാനാവില്ല
പങ്കാളിയുമായുള്ള വിവാഹബന്ധം ഉറച്ചതാണെന്നു വിശ്വസിക്കണം. ‌പരസ്‌പരം സ്‌നേഹമുണ്ടെകിൽ മാത്രമേ ഏതൊരു ബന്ധവും നിലനിൽക്കൂ. വിവാഹ ജീവിതത്തിന്റെ അടിസ്ഥാനം സ്‌നേഹമാണ്. ഇതു മനസ്സിലാക്കി ജീവിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ