മുഖത്തെ കറുത്ത പാടുകളും മുഖക്കുരു പാടുകളും നീക്കം ചെയ്യാൻ നേന്ത്രപ്പഴത്തിന്റെ തൊലി മുഖത്ത് പുരട്ടുന്നത് നല്ലതാണെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ഇതിന് ശാസ്ത്രീയമായി എന്തെങ്കിലും അടിത്തറയുണ്ടോ എന്ന കാര്യത്തിൽ പലർക്കും സംശയം കാണും.
കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന സിലിക്ക അടങ്ങിയ വാഴപ്പഴം ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുമെന്നും പഴത്തൊലിയിൽ ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഫിനോളിക്സ് അടങ്ങിയിട്ടുണ്ട് എന്നുമൊക്കെയാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ആന്റിഓക്‌സിഡന്റുകളാലും നാരുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമായ വാഴപ്പഴം ചർമ്മത്തിന് തിളക്കം നൽകാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കും. ഇതൊരു മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും അതുവഴി ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ പറയുന്നു.
എന്നാൽ ഏത്തപ്പഴത്തോൽ മുഖത്ത് പുരട്ടുന്നത് വഴി മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്നാണ് ജിവിഷ ക്ലിനിക്കിലെ കോസ്‌മെറ്റിക് ഡെർമറ്റോളജിസ്റ്റായ ഡോ. ആകൃതി ഗുപ്ത പറയുന്നത്.
“ഏത്തപ്പഴത്തിൽ സൂര്യാഘാതം, മലിനീകരണം അല്ലെങ്കിൽ പുക എന്നിവ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഓക്‌സിഡേറ്റീവ് സ്ട്രെസ് ചുളിവുകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതിനാൽ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളോട് പോരാടുമ്പോൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. അതാണ് വാഴപ്പഴത്തെ ഒരു പ്രധാന ചർമ്മ സംരക്ഷണ ഘടകമാക്കുന്നത്. എന്നാൽ വാഴപ്പഴത്തിന്റെ തൊലിയിൽ നിന്നും, അതെത്ര പഴുത്തതായാലും, നിങ്ങൾക്ക് ആ ഗുണം ലഭിക്കണമെന്നില്ല,” ആകൃതി ഗുപ്ത കൂട്ടിച്ചേർത്തു.
സമാന അഭിപ്രായം തന്നെയാണ് കോസ്‌മെറ്റിക് ഡെർമറ്റോളജിസ്റ്റും സ്‌കിൻഫിനിറ്റി എസ്‌തറ്റിക് സ്‌കിൻ ആൻഡ് ലേസർ ക്ലിനിക്കിന്റെ സ്ഥാപകയുമായ ഡോ ജയ്ശ്രീ ശരദിനുമുള്ളത്. ഏത്തപ്പഴത്തോലിൽ ആന്റിഓക്‌സിഡന്റായ ടാനിൻ അടങ്ങിയിട്ടുണ്ടെന്ന് ജയ്ശ്രീ പറയുന്നു. ” എന്നാൽ ഇത് ചർമ്മത്തെ താൽക്കാലികമായി തിളക്കമുള്ളതാക്കുമെങ്കിലും മുഖക്കുരു പാടുകളോ കുഴികളോ ചുളിവോ ഒരു തരത്തിലും കുറയ്ക്കാൻ കഴിയില്ല,” ജയ്ശ്രീ വ്യക്തമാക്കുന്നു.