രാത്രിയിൽ നന്നായി ഉറങ്ങിയിട്ടും രാവിലെ പുറം വലിഞ്ഞു മുറുകുന്നതായും നടുവിന് വേദന എടുക്കുന്നതായും അനുഭവപ്പെടുന്നുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. ലളിതമായ ഒരു ജീവിതശൈലി മാറ്റത്തിലൂടെ പരിഹാരം കാണാൻ സാധിക്കും.
വിദഗ്ധരുടെ അഭിപ്രായത്തിൽ, എല്ലാ ദിവസവും രാവിലെ നിങ്ങൾ എങ്ങനെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ നടുവേദനയെക്കുറിച്ച് പറയാൻ കഴിയുന്നത്. രാവിലെയാണ് നടുവേദന ഉണ്ടാകാൻ ഏറ്റവും സാധ്യത കൂടുതൽ.
ഉറങ്ങുമ്പോൾ നിങ്ങളുടെ നട്ടെല്ലിലെ ഡിസ്ക് മർദ്ദം വർദ്ധിക്കുന്നു. അതായത് മറ്റേതൊരു സമയത്തേക്കാളും രാവിലെ ഡിസ്കിന് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, തെറ്റായ രീതിയിലാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതെങ്കിൽ, ഈ ഡിസ്ക് മർദ്ദം നടുവേദനയ്ക്കും മറ്റ് പ്രശ്നങ്ങൾക്കും ഇടയാക്കും.
“രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ശ്രദ്ധിക്കുക. നട്ടെല്ല് ശസ്ത്രക്രിയാ വിദഗ്ധൻ എന്ന നിലയിൽ, രാവിലെ തെറ്റായ രീതിയിൽ എഴുന്നേൽക്കുമ്പോഴോ പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ ഉണ്ടാകുന്ന വേദനയുമായി ബന്ധപ്പെട്ടാണ് പലരും എന്നെ കാണാൻ വരുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ നട്ടെല്ലിന് പരിക്കേൽക്കാതിരിക്കാതെ പുറം പരിപാലിക്കാനുള്ള മാർഗം ഉണ്ട്,” സ്പർഷ് ഹോസ്പിറ്റൽസിലെ ലീഡ് ന്യൂറോ സർജൻ ഡോ.അരവിന്ദ് ഭട്ടേജ പറഞ്ഞു.
“രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ ശരീരം തണുപ്പുള്ളതും പേശികൾ കടുപ്പമുള്ളതുമാണെന്ന് ഓർക്കുക. അത് നിങ്ങളുടെ പുറം പരിക്കേൽക്കാൻ ഏറ്റവും സാധ്യതയുള്ള സമയമാക്കി മാറ്റുന്നു,” ഡോ.അരവിന്ദ് പറഞ്ഞു.
“രോഗശമനത്തേക്കാൾ പ്രതിരോധമാണ് എപ്പോഴും നല്ലത്. അതുകൊണ്ട് രാവിലെ കിടക്കയിൽനിന്നു എഴുന്നേൽക്കുമ്പോൾ, ആദ്യം സ്വയം സ്ട്രെച്ച് ചെയ്യാൻ ഓർക്കുക. നിങ്ങൾ മലർന്നാണ് കിടക്കുന്നതെങ്കിൽ ഒരു വശത്തേക്ക് തിരിഞ്ഞ് പാദങ്ങൾ കട്ടിലിന്റെ അരികിൽ നിന്ന് പതുക്കെ മാറ്റുക. അങ്ങനെ നിങ്ങളുടെ പാദങ്ങൾ കൗണ്ടർ വെയ്റ്റായി ഉപയോഗിക്കുക. കൈയുടെ പിന്തുണയോടെ കട്ടിലിൽ നേരെ ഇരിക്കുക,” കിടക്കയിൽ നിന്ന് എഴുന്നേൽക്കാനുള്ള ശരിയായ മാർഗത്തെക്കുറിച്ച് ഡോ.അരവിന്ദ് പറയുന്നു.
രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ പുറം വേദനിക്കാതിരിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗമെന്നും വിദഗ്ധൻ പറയുന്നു.
കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ആദ്യം ഒരു വശത്തേക്ക് തിരിയുക, തുടർന്ന് എഴുന്നേൽക്കാൻ നിങ്ങളുടെ കൈകളുടെ പിന്തുണ ഉപയോഗിക്കുക. “നിങ്ങൾക്ക് രാവില ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, മുട്ടിൽ നിന്ന് നെഞ്ചിലേക്ക് കാൽ ഉയർത്തുക, തുടർന്ന് എഴുന്നേൽക്കുക എന്നിങ്ങനെ രണ്ട് ബെഡ് വ്യായാമങ്ങൾ ചെയ്യുക,”മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ സ്പൈൻ സർജൻ ഡോ.സംഭവ് ഷാ പറഞ്ഞു.
മാത്രമല്ല, മലർന്നു കിടക്കുകയാണെങ്കിൽ നേരേ എഴുന്നേൽക്കരുതെന്നും എപ്പോഴും ഒരു വശത്തേക്ക് തിരിഞ്ഞശേഷമേ എഴുന്നേൽക്കാവൂ എന്നും ഡോ. സംഭവ് നിർദേശിച്ചു. “കൂടാതെ, പെട്ടെന്ന് ചാടി എഴുന്നേൽക്കരുത്,”ഡോ. സംഭവ് പറഞ്ഞു.
“കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ, നിങ്ങളുടെ നട്ടെല്ലിന് ആയാസമുണ്ടാക്കുന്ന ചലനങ്ങളോ പ്രവർത്തനങ്ങളോ ഒഴിവാക്കേണ്ടത് പ്രധാനമാണ്. വേഗത്തിലുള്ളതോ പെട്ടെന്നുള്ളതോ ആയ ചലനങ്ങൾ ഒഴിവാക്കുക. നട്ടെല്ല് വളച്ചൊടിക്കുകയോ കൈകളിൽ മാത്രം ആശ്രയിക്കുകയോ ചെയ്യാതിരിക്കുക,” ഗുരുഗ്രാം, ന്യൂറോ സർജറി ആൻഡ് സ്പൈൻ, പാരസ് ഹെൽത്ത് ഡയറക്ടർ ഡോ. സുമിത് സിൻഹ പറഞ്ഞു.
“മുതുക്, പോസ്‌ചറിലെ പ്രശ്നം, പ്രായമായവരിൽ ഓസ്റ്റിയോപൊറോസിസ്, പേശികളുടെ ബലക്കുറവ്, തെറ്റായ കസേരകളോ മേശയോ, ടെലിവിഷൻ കാണുമ്പോഴോ ലാപ്‌ടോപ്പിൽ ജോലി ചെയ്യുമ്പോഴോ കിടക്കയിൽ ഇരിക്കുമ്പോഴോ അമിതമായ മൊബൈൽ ഉപയോഗിക്കുമ്പോഴോ ഇത് സംഭവിക്കാം,” പോസ്‌ചർ പ്രശ്‌നങ്ങളുടെ മറ്റ് കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ഡോ. സംഭവ് പറഞ്ഞു.
നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താൻ കോർ, ബാക്ക് പേശികളെ ശക്തിപ്പെടുത്തുക, നീന്തുക, ശരീരഭാരം കുറയ്ക്കുക, വിറ്റാമിൻ ഡി 3, ബി 12 എന്നിവയുടെ അളവ് നിലനിർത്തുക, ദീർഘനേരം ഒരു സ്ഥാനത്ത് തുടരാതിരിക്കുക എന്നിവയ്‌ക്ക് പതിവായി വ്യായാമങ്ങളിൽ ഏർപ്പെടണമെന്ന് വിദഗ്ധൻ പറഞ്ഞു.