ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ചർമ്മപ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. എന്നാൽ, മുഖത്തു മാത്രമല്ല, പലരുടെയും ശരീരത്തിലും മുഖക്കുരുവിന് സമാനമായ രീതിയിലുള്ള ചെറിയ കുരുക്കൾ കാണാറുണ്ട്. കൂടുതലും ശരീരത്തിന്റെ പിൻവശത്തോ ഷോൾഡറിന്റെ വശങ്ങളിലോ ഒക്കെയാണ് ഇത്തരം കുരുക്കൾ ധാരാളമായി കാണാറുള്ളത്.
വേനൽക്കാലത്താണ് ഇത്തരം കുരുക്കൾ കൂടുതലും കാണുന്നത്. ബോഡി ആഗ്നേ (Body acne) എന്നു വിളിക്കപ്പെടുന്ന ഇവ പലപ്പോഴും നേരിയ വേദനയും അസ്വസ്ഥയും ചൊറിച്ചിലും ഉണ്ടാക്കാറുണ്ട്.
ശരീരത്തിൽ ഇടയ്ക്കിടെ ഇത്തരം കുരുക്കൾ പ്രത്യക്ഷപ്പെടുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ, ശരീരത്തിലെ കുരുക്കളെ അകറ്റാനുള്ള അഞ്ചു വഴികൾ നിർദേശിക്കുകയാണ് ചർമ്മരോഗവിദ്ഗധയായ ഡോക്ടർ ഗീതിക മിതാൽ ഗുപ്ത.
“ശരീരത്തിൽ കുരുക്കളുണ്ടെങ്കിൽ അതെത്രത്തോളം അസ്വസ്ഥതയുണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ, പ്രത്യേകിച്ചും വേനൽക്കാലത്ത്! കൂടുതലായും പുറംഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ഇവ ചൂടുകാലത്ത് സാധാരണമാണ്. നമ്മുടെ ചർമ്മത്തിലെ എണ്ണമയവും വിയർപ്പും ഈ കുരുക്കൾ വഷളാകാൻ കാരണമാവും,” ഗീതിക പറയുന്നു.
പുറംഭാഗത്ത് വ്യാപകമായ രീതിയിൽ ഇത്തരം ചൂടുകുരുക്കൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതുണ്ടെന്നും ഗീതിക കൂട്ടിച്ചേർത്തു. “അല്ലാത്തപക്ഷം വീട്ടിൽ തന്നെ ചികിത്സിക്കാൻ കഴിയും,” ശരീരത്തിലെ കുരുക്കളെ തുരത്താനുള്ള പ്രതിവിധികൾ പങ്കുവച്ച് കൊണ്ട് ഗീതിക പറഞ്ഞു.
- ആഴ്ചയിൽ രണ്ടു ദിവസം ഒരു ഫിസിക്കൽ എക്സ്‌ഫോളിയേറ്റർ (സ്ക്രബ്) ഉപയോഗിക്കുക. ശരീരത്തിലെ നിർജ്ജീവ ചർമ്മം നീക്കം ചെയ്തില്ലയെങ്കിൽ, ചർമ്മത്തിന് പുറത്ത് നിർജ്ജീവ കോശങ്ങൾ പെരുകുകയും, ചർമ്മം മങ്ങിയതും പരുപരുത്തതുമായി മാറുകയും ചെയ്യും. സ്ക്രബ് ചെയ്യുന്നതിലൂടെ ഇതൊഴിവാക്കാം.
- ആഴ്ചയിൽ ഒരിക്കൽ AHA/BHA അടങ്ങിയ കെമിക്കൽ എക്സ്‌ഫോളിയേറ്റർ (ഫെയ്സ് ആസിഡുകൾ) ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കുക. പ്രത്യേകം ശ്രദ്ധിക്കുക, ഫിസിക്കൽ എക്സ്‌ഫോളിയേറ്റർ ഉപയോഗിച്ച ദിവസം തന്നെ കെമിക്കൽ എക്സ്‌ഫോളിയേറ്ററും ഉപയോഗിക്കരുത്.
- പുറത്തുപോയി വന്ന ഉടനെ കുളിക്കുക, വർക്കൗട്ടിനു ശേഷവും കുളി നിർബന്ധമാണ്.
- അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടുള്ള ഡ്രസ്സുകളാണ് അഭികാമ്യം.
- ബെൻസോയിൽ പെറോക്സൈഡ്, സാലിസിലിക് ആസിഡ്, അഡാപലീൻ, അസെലിക് ആസിഡ് അല്ലെങ്കിൽ ടീ ട്രീ ഓയിൽ എന്നിവയെല്ലാം ശരീരത്തിലെ കുരുക്കളെ തുരത്താൻ സഹായിക്കുന്നവയാണ്. ഇവയെല്ലാം തുല്യ അളവിൽ എടുത്ത് ശുദ്ധമായ വെള്ളവുമായി യോജിപ്പിച്ച് ഇടയ്ക്ക് ശരീരത്തിൽ കുരുക്കളുള്ള ഭാഗത്തായി സ്‌പ്രേ ചെയ്യുന്നതും മികച്ചൊരു പരിഹാരമാണ്.
Read more: മലബന്ധം, ഉറക്കമില്ലായ്മ എന്നിവ മാറ്റാൻ 4 എളുപ്പ വഴികൾ