എന്നും ഉറങ്ങിയും കരഞ്ഞും കഴിച്ചും കുഞ്ഞുങ്ങൾ മടുത്തിട്ടുണ്ടാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? പുതിയതായി അവർക്ക് എന്തെല്ലാം ചെയ്യാനാകും എന്തെല്ലാം നൽകാനാവും എന്ന് ആലോചിച്ചിട്ടുണ്ടോ? നിങ്ങൾ ആലോചിച്ചിട്ടില്ലെങ്കിലും കവിത കുമാറും സഹോദരി അനിതയും ചിന്തിച്ചു. അങ്ങനെ കുഞ്ഞുങ്ങൾക്കായി ഒരു സ്പാ തുടങ്ങി. ഇന്ത്യയിലല്ല, അങ്ങ് ഓസ്ട്രേലിയയിൽ.
കുഞ്ഞുങ്ങൾക്കും ഒരു മസാജ് ഒക്കെ ചെയ്ത് ഒന്നു റിലാക്സ് ചെയ്യാനുളള ഇടം. പെർത്തിലുളള ഈ ബേബി സ്പാ ചെറിയ കുട്ടികൾക്കു വേണ്ടി മാത്രമുളള സ്പായും മസാജ് പാർളറുമാണ്. അവരെ താലോലിച്ച് വെളളത്തിൽ കളിപ്പിച്ച് കുളിപ്പിക്കുന്നതു കൂടാതെ വെളളത്തിൽ പൊങ്ങി കിടന്ന് കളിക്കാനുളള അവസരവുമുണ്ട്. കുഞ്ഞുങ്ങൾക്ക് വെളളത്തിൽ പൊങ്ങി കിടക്കാനും നീന്താനുമായി പ്രത്യേക തരം ഉപകരണവും തയാറാക്കിയിട്ടുണ്ട്.
ഒരു വയസ്സു മുതൽ മൂന്ന് വയസ്സ് വരെയുളള കുട്ടികളാണ് ഇവിടെയുളളത്. കുട്ടികളോടൊപ്പം മാതാപിതാക്കൾക്കും ഇവിടെ വന്ന് കുഞ്ഞുങ്ങളെ കളിപ്പിക്കാം. ഇവിടെ കുഞ്ഞുങ്ങൾ ആഘോഷിക്കുകയാണ് അടിച്ചുപൊളിക്കുകയാണ്… വലിയവർക്ക് മാത്രമല്ലല്ലോ തങ്ങൾക്കും വേണ്ടേ കുറച്ച് അടിച്ചുപൊളി ജീവിതമൊക്കെ !
ചിത്രം കടപ്പാട്: ബേബി സ്പാ, പെർത്ത്