മുടിയുടെ സർവ സാധാരണമായ പ്രശ്‌നങ്ങളിൽ ഒന്നാണ് താരൻ. തണുപ്പും വരണ്ട കാലാവസ്ഥയുമെല്ലാം ശൈത്യകാലത്ത് താരന്റെ ശല്യം വർധിക്കാൻ കാരണമാവും. തലയോട്ടിയിൽ അസഹ്യമായ ചൊറിച്ചിലിനും താരൻ കാരണമാവാറുണ്ട്. തലയോട്ടിയിലെ അധിക എണ്ണയെ നശിപ്പിക്കുകയും ചർമ്മത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന മലസീസിയ ഗ്ലോബോസ എന്ന ഫംഗസ് ആണ് താരനു കാരണമാവുന്നത്.
ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്ന ലളിതവും എളുപ്പത്തിൽ ഫലം തരുന്നതുമായ ഒരു ആയുർവേദ ഹെയർ മാസ്ക് പരിചയപ്പെടുത്തുകയാണ് ആയുർവേദ വിദഗ്ധയായ ഡോ. ദിക്സ ഭവ്‌സർ സാവാലിയ. “ഈ ഹെയർ മാസ്‌ക് ആഴ്ചയിൽ രണ്ടുതവണ എന്ന കണക്കിൽ മൂന്നാഴ്ച ഉപയോഗിച്ചാൽ താരൻ രഹിതവും മിനുസമാർന്നതും ആരോഗ്യമുള്ളതുമായ മുടി നേടാനാവും,” ഡോ. ദിക്സ ഭവ്‌സർ പറയുന്നു.
ചേരുവകൾ
- തൈര്- 1 ടേബിൾ സ്പൂൺ
- 5-7 കറിവേപ്പില ചതച്ചത്
- 2 ഇഞ്ചോളം വലിപ്പമുള്ള ഇഞ്ചി ചതച്ചത്
തയ്യാറാക്കുന്ന രീതി
ഒരു ബൗൾ എടുത്ത് എല്ലാ ചേരുവകളും കൂട്ടിയോജിപ്പിച്ച് 30 മിനിറ്റോളം മാറ്റി വയ്ക്കുക. ശേഷം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. തൈരും കറിവേപ്പിലയും ഇഞ്ചിയും ഒത്തുചേരുമ്പോൾ അവ താരനോട് ഫലപ്രദമായി പോരാടുകയും ചൊറിച്ചിൽ അകറ്റുകയും ചെയ്യുമെന്ന് ഡോ. ദിക്സ ഭവ്‌സർ പറയുന്നു. ഫ്രഷായ കറിവേപ്പിലയും ഇഞ്ചിയും കിട്ടാനില്ലെങ്കിൽ പകരം 1 ടീസ്പൂൺ കറിവേപ്പില പൊടിയും 1 ടീസ്പൂൺ ഉണങ്ങിയ ഇഞ്ചിപ്പൊടിയും ഉപയോഗിച്ചും ഈ മാസ്ക് തയ്യാറാക്കാം.
“തൈര് പ്രോട്ടീനാൽ സമ്പുഷ്ടമാണ്. മുടിയുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ പോഷണം നൽകാൻ തൈരിനു സാധിക്കും. അതുപോലെ, കറിവേപ്പിലയ്ക്ക് ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇഞ്ചിയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി-സെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് മൃതചർമ്മം തലയോട്ടിയിൽ അടിഞ്ഞുകൂടുന്നത് തടയുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും,” ഡോ. ദിക്സ ഭവ്‌സർ കൂട്ടിച്ചേർത്തു.
തൈരിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കാൻ സഹായിക്കുന്നത്. മുടിയെ ശ്വസിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത കണ്ടീഷണർ കൂടിയാണ് തൈര്. മുടിയുടെ അറ്റം പിളരുന്നത് തടയാനും വരണ്ട സ്വഭാവം മാറ്റി തിളക്കം നൽകാനും തൈരിന് കഴിയും.