താരൻ എന്നു കേൾക്കുമ്പോൾ ശിരോചർമ്മത്തിൽ മാത്രം വരുന്ന ഒരു പ്രശ്നമായി എഴുതിതള്ളാൻ വരട്ടെ. താരനുണ്ടാക്കുന്ന പ്രശ്നങ്ങൾ തലയിൽ മാത്രം ഒതുങ്ങില്ല, മുഖത്തേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കുമെല്ലാം താരൻ വ്യാപിക്കുകയും ചർമ്മപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കൃത്യമായി ശ്രദ്ധ നൽകി താരനെ തുരത്തിയില്ലെങ്കിൽ കൂടുതൽ വഷളാകുമെന്ന കാര്യത്തിൽ സംശയമില്ല. താരനുള്ളവർ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ താരന്‍ ശല്യം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നു.
താരനുള്ളവർ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പറയുകയാണ് ആയുർവേദ ഡോക്ടറായ ജെസ്ന.
“പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക. പുളിപ്പിച്ച ഭക്ഷണങ്ങൾ, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങൾ, അധികം ഉപ്പുരസമുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ആയുർവേദ പ്രകാരം കഫ ദോഷം മൂലമുണ്ടാകുന്ന അസുഖങ്ങളിൽ ഒന്നാണ് താരൻ. അതുകൊണ്ട് കഫദോഷമുണ്ടാക്കുന്ന ഭക്ഷണങ്ങളെല്ലാം ഒഴിവാക്കുക,” ജെസ്ന പറയുന്നു.
“താരനുള്ള മറ്റൊരു പ്രതിവിധി ത്രിഫലചൂർണ്ണമാണ്. ത്രിഫലചൂർണ്ണം അര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. നന്നായി തണുത്തതിനു ശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത ഈ വെള്ളം മുടിയിൽ തേച്ചുപിടിപ്പിക്കുന്നതും താരനെ അകറ്റാൻ സഹായിക്കും. രൂക്ഷമായ താരൻ ശല്യത്തിന് ആയുർവേദത്തിൽ വേറെയുമുണ്ട് പ്രതിവിധി. ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടാവുന്നതാണ്,” ഡോക്ടർ ജെസ്ന കൂട്ടിച്ചേർത്തു.