scorecardresearch

രാത്രി തലയില്‍ എണ്ണ തേച്ചു കിടക്കാമോ?; ആയുർവേദം പറയുന്നതിങ്ങനെ

മുടിയിൽ എണ്ണ പുരട്ടേണ്ടതുണ്ടോ? എത്ര സമയം മുടിയിൽ എണ്ണ തേച്ചിടാം? കേശസംരക്ഷണത്തെ കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയുമായി ആയുർവേദ ഡോക്ടർ രേഖ

രാത്രി തലയില്‍ എണ്ണ തേച്ചു കിടക്കാമോ?; ആയുർവേദം പറയുന്നതിങ്ങനെ

രാത്രി തലയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് പിറ്റേന്ന് രാവിലെ കഴുകി കളയുന്നവരുണ്ട്. ഇങ്ങനെ ചെയ്താൽ മുടി തഴച്ചുവളരുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. എന്നാൽ, രാത്രിയിലുടനീളം തലയിൽ എണ്ണ പുരട്ടുന്നത് നല്ലതാണെന്ന പരമ്പരാഗതമായ കേട്ടറിവുകൾക്കും ശീലങ്ങൾക്കും ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് ആയുർവേദ വിദഗ്ധ ഡോക്ടർ രേഖ രാധാമണി പറയുന്നത്. മാത്രമല്ല, ഇത്തരം പ്രവണതകൾ ആളുകളിൽ കഫ പ്രകൃതിയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും അതുമൂലം ചുമ, ജലദോഷം, തലവേദന തുടങ്ങിയ രോഗങ്ങൾ പിടിപെടുകയും ചെയ്യും.

മുടിയിൽ എണ്ണ പുരട്ടണോ? എന്തിന്? എത്രത്തോളം? എത്രനേരം? അന്നും ഇന്നും ആളുകളെ കുഴക്കുന്ന കേശസംരക്ഷണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഡോക്ടർ രേഖ.

“എന്തിനാണ് നമ്മൾ മുടിയിൽ എണ്ണ തേയ്ക്കുന്നത്? മുടി വളർച്ച ത്വരിതപ്പെടുത്താൻ, ശിരാവസ്ഥി പോഷിപ്പിക്കാൻ, മുടികൊഴിച്ചിൽ തടയാൻ. അല്ലേ? അങ്ങനെയെങ്കിൽ അവയിൽ ഇതിനായുള്ള ഔഷധങ്ങളും ഉണ്ടാകണം. ഈ ഔഷധങ്ങൾ ഫലപ്രദമാവണമെങ്കിലോ, തലയിൽ നല്ല കുളിര്‍മ്മയും.” ഡോക്ടർ രേഖ പറയുന്നു. അതായത് ഒരു നല്ല ഹെയർ ഓയിലിൽ ഈ പറയുന്ന ഔഷധങ്ങളും കുളിർമയുണ്ടാക്കാൻ സഹായിക്കുന്ന മൂലകങ്ങളും വേണമെന്ന് സാരം.

എത്ര നേരം എണ്ണ തേച്ചിടണം?
നമ്മൾ ഓരോരുത്തരിലും ഭൂമി, വായു, ജലം, ആകാശം, തീ തുടങ്ങി അഞ്ചു മൂലകങ്ങളുടെ വ്യത്യസ്‌തമായ ഒരു സന്തുലനാവസ്ഥ നിലവിലുണ്ട്. അവയെ പ്രധാനമായും മൂന്ന് ദോഷങ്ങളായാണ് ആയുർവേദ വ്യവസ്ഥയിൽ പരാമർശിച്ചിരിക്കുന്നത് – വാത പിത്ത കഫ ദോഷങ്ങൾ.

“കുളിക്കുന്നതിന് ഒരു മണിക്കൂറിന് മുൻപ് മാത്രം മുടിയിൽ എണ്ണ തേച്ചാൽ മതിയാകും. മുടിയ്ക്ക് വരണ്ട പ്രകൃതിയെങ്കിൽ, അതായത് വാത സ്വഭാവമെങ്കിൽ 45-60 മിനിറ്റ് മുടിയിൽ എണ്ണ തേച്ചിടാം. പിത്ത പ്രകൃതിയെങ്കിൽ, 30 മുതൽ 45 മിനിറ്റ് വരെ. എന്നാൽ, കഫ ദോഷം, അതായത് എണ്ണമയമുള്ള മുടിയെങ്കിൽ 15 മുതൽ 20 മിനിറ്റ് വരെ മാത്രം എണ്ണ ഉപയോഗിക്കുക, പ്രത്യേകിച്ചും ജലദോഷം തുടങ്ങി രോഗങ്ങൾ പതിവായി വരുന്നവർ. കുട്ടികളെങ്കിൽ ഈ സമയം പരമാവധി 15 മിനിറ്റായി ചുരുക്കുക, കാരണം അവരിലും ഈ പറയുന്ന കഫ ദോഷമാണ് മുന്നിട്ടുനില്‍ക്കുന്നത്.” ഡോക്ടർ രേഖ രാധാമണി പറയുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Avoid leaving hair oil overnight ayurveda hair care tips