‘റോഷാക്ക്’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനായി താരങ്ങളെത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയ്ക്ക്, മമ്മൂട്ടി ചടങ്ങിൽ വച്ച് ഒരു റോളക്സ് വാച്ചും സമ്മാനമായി നൽകി. മമ്മൂട്ടിയും മറ്റു താരങ്ങളും ആഘോഷത്തിനെത്തിയ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷൻ ട്രെൻഡുകൾ നല്ലരീതിയിൽ തന്നെ പിന്തുടരുന്നവരാണ് മലയാള സിനിമയിലെ യുവാക്കൾ. അവർ ഓരോ പൊതുപരിപാടിയ്ക്ക് അണിയുന്ന വസ്ത്രങ്ങൾ അതിവേഗമാണ് ഫാഷൻ ലിസ്റ്റിലിടം നേടുന്നത്. ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടയൊന്നാണ് റോഷാക്കിന്റെ ആഘോഷ രാവിൽ ആസിഫ് അണിഞ്ഞ കറുത്ത ടീ ഷർട്ട്.
ആസിഫ് അലി എന്ന നടന്റെ ഫാഷൻ സെൻസ് മലയാള സിനിമാലോകത്ത് എന്നും ചർച്ച ചെയ്യപ്പെടാറുണ്ട്. ഒരോ സന്ദർഭത്തിനനുസരിച്ച് സ്റ്റൈൽ തിരഞ്ഞെടുക്കാൻ ആസിഫ് ശ്രമിക്കുന്നുണ്ട്. റോഷാക്കിന്റെ വിജയാഘോഷത്തിൽ മമ്മൂട്ടിയുടെ കൈയിൽനിന്ന് സമ്മാനം വാങ്ങിയപ്പോൾ ആസിഫ് അണിഞ്ഞത് ഓഫ് വൈറ്റ് എന്ന ബ്രാൻഡിന്റെ ടീ ഷർട്ടായിരുന്നു. ഇറ്റാലിയൻ കമ്പനിയായ ഓഫ് വൈറ്റ് ഒരു ലക്ഷ്വറി ബ്രാൻഡാണ്. കോട്ടനിൽ നിർമിച്ചിരിക്കുന്ന ടീ ഷർട്ടിന്റെ റൗണ്ട് നെക്കും ഷോർട് സ്ലീവുമാണ് ലുക്കിനെ എൻഹാൻസ് ചെയ്യുന്നത്. ഈ ലക്ഷ്വറി ബ്രാൻഡ് ടീ ഷർട്ടിന്റെ ഓൺലൈൻ വില 49, 975 രൂപയാണ്.
ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കൂമൻ’ ആണ് ആസിഫ് അലിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് ഒരുക്കുന്ന ‘കാപ്പ’, ജൂഡ് ആന്റണിയുടെ ‘2018’ എന്നിവയാണ് ആസിഫിന്റെ പുതിയ ചിത്രങ്ങൾ.