പുരികങ്ങൾ നമ്മുടെ മുഖത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അത് മാത്രമല്ല നമ്മുടെ രൂപത്തിൽ പെട്ടെന്ന് മാറ്റവും ഇവ കൊണ്ടുവരുന്നു. മിക്ക സ്ത്രീകളും കട്ടിയുള്ളതും നല്ല ആകൃതിയിലുള്ളതുമായ പുരികങ്ങൾ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, പലരുടെയും പുരികം ക്രമേണ കനംകുറഞ്ഞതായി മാറുകയും ഇത് ആശങ്കയ്ക്ക് കാരണമാകുകയും ചെയ്യുന്നു. പുരികത്തിന്റെ കട്ടി കൂട്ടാനായി അതിന്റെ പിന്നിലെ കാരണം മനസ്സിലാക്കേണ്ടതുണ്ട്.
പുരികത്തിന്റെ കട്ടി കുറയാനുള്ള കാരണങ്ങളെക്കുറിച്ച് ഡോ. ആഞ്ചൽ പന്ത് ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
“നിങ്ങളുടെ പുരികങ്ങൾ എപ്പോഴും നേർത്തതാണെങ്കിൽ, അവയെ കട്ടിയാക്കുന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, അവ കാലക്രമേണ അവ മെലിഞ്ഞുപോയതാണെങ്കിൽ, അത് പരിഹരിക്കാൻ കഴിയും,” ഡോ. ആഞ്ചൽ പറയുന്നു.
പ്രായം
പ്രായം കൂടുന്നതാണ് ഏറ്റവും വലിയ കാരണങ്ങളിലൊന്ന്, വിദഗ്ദ പറയുന്നു. “45 വയസ്സിനു ശേഷം, നിങ്ങളുടെ പുരികങ്ങൾ വളരെ കട്ടി കുറഞ്ഞതായി കാണപ്പെടും.”
തൈറോയ്ഡ് കുറവ്
പുരികം നഷ്ടപ്പെടുന്നത് കാരണം ആന്തരികമായിരിക്കാമെന്ന് നിങ്ങളിൽ പലരും മനസ്സിലാക്കുന്നില്ല, “തൈറോയ്ഡ് തകരാറാണ് ഏറ്റവും സാധാരണമായ മറ്റൊരു ഘടകം” എന്ന് വിദഗ്ധ ചൂണ്ടിക്കാട്ടി. ” തൈറോയ്ഡിലെ മാറ്റങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകും. എന്നാൽ നിങ്ങളുടെ പുരികത്തിന്റെ അറ്റം നേർത്തതായി നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, തൈറോയ്ഡാണ് ഇവയ്ക്ക് കാരണം.”
പുരികങ്ങൾ അമിതമായി പറിച്ചെടുക്കൽ
അധിക രോമം നീക്കം ചെയ്യുന്നതിനായി പുരികം പതിവായി നീക്കം ചെയ്യുന്ന ശീലം മിക്ക സ്ത്രീകൾക്കും ഉണ്ട്. എന്നിരുന്നാലും, “പുരികങ്ങൾ കൂടുതലായി പറിച്ചെടുക്കുന്നത് ക്രമേണ വളർച്ച കുറയുന്നതിന് ഇടയാക്കും,” വിദഗ്ദ്ധ പറഞ്ഞു. “ഓരോ തവണയും അത് പറിച്ചെടുക്കുമ്പോൾ, അത് യഥാർത്ഥ കനത്തിലേക്കും നീളത്തിലേക്കും വളരാനുള്ള സാധ്യത കുറയുന്നു.”
“പ്രായം കൂടുമ്പോൾ പുരികം കനംകുറയുന്ന കുടുംബ ചരിത്രമുണ്ടെങ്കിൽ, നിങ്ങളുടെ പുരികങ്ങൾ കഴിയുന്നത്ര കട്ടിയുള്ളതായി നിലനിർത്താൻ ശ്രമിക്കുക,” ഡോ. ആഞ്ചൽ പറഞ്ഞു.
അലോപ്പീസിയ ഏരിയറ്റ
അലോപ്പീസിയ ഏരിയറ്റ എന്ന മുടികൊഴിച്ചിൽ അവസ്ഥയാണ് പുരികം കനംകുറയുന്നതിന്റെ പ്രധാന കാരണം. “ഇത് ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ്. അവിടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം രോമകൂപങ്ങളെ തെറ്റായി ആക്രമിക്കുകയും ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു,”ഡോ. ആഞ്ചൽ പറഞ്ഞു.
പോഷകാഹാരക്കുറവ്
പോഷകാഹാരക്കുറവ് ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുമെന്നത് സത്യമാണ്. എന്നാൽ ഇത് നിങ്ങളുടെ പുരികങ്ങളുടെ കട്ടിയിലും സ്വാധീനം ചെലുത്തുമെന്ന് നിങ്ങൾക്കറിയാമോ? ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി, വിറ്റാമിൻ ഡി എന്നിവയുടെ കുറവ് പുരികത്തിന്റെ കട്ടികുറയുന്നതിന് കാരണമാകുമെന്ന് ഡോ.ആഞ്ചൽ പറഞ്ഞു.