അന്തരീക്ഷ മലിനീകരണവും സമ്മർദവും ക്രമരഹിതമായ ഭക്ഷണശീലങ്ങളും ജീവിതത്തെ ബാധിക്കുന്ന ഇന്നത്തെ കാലത്ത് ശരിയായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ചർമ്മത്തെ പരിപാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചർമ്മസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും, പലരും ഇപ്പോഴും ചില സാധാരണ തെറ്റുകൾ വരുത്താറുണ്ട്. ഇത് പൂർണമായ ഫലം നൽകില്ല.
ഡെർമറ്റോളജിസ്റ്റുകൾ പോലും വരുത്തുന്ന രണ്ട് സാധാരണ ചർമ്മസംരക്ഷണ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ഗർവീൻ വരൈച്ച്.
ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ പ്രയോഗിക്കുമ്പോൾ കഴുത്ത് ഒഴിവാക്കുക
പലരും മുഖത്ത് മാത്രമാണ് ശ്രദ്ധ വയ്ക്കുന്നത്. ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ പ്രയോഗിക്കുമ്പോൾ കഴുത്ത് പലരും ഒഴിവാക്കുന്നു. എന്നാൽ, വാർധക്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ആദ്യ ശരീര ഭാഗമാണിത്. ”ദിവസത്തിൽ 24 മണിക്കൂറും ഉപകരണങ്ങൾ നോക്കുന്നതിൽ നിന്നുള്ള അധിക സമ്മർദം മൂലം, കഴുത്ത് വാർധക്യത്തിന്റെ അകാല ലക്ഷണങ്ങൾക്ക് കൂടുതൽ ഇരയാകുന്നു. അതിനാൽ, ചർമ്മസംരക്ഷണം കഴുത്തിലേക്കും നീട്ടുന്നത് നല്ലതാണ്, പ്രത്യേകിച്ച് സൺസ്ക്രീൻ പോലുള്ളവ ഉപയോഗിക്കുമ്പോൾ. കഴുത്തിന്റെ ഭാഗം വളരെ ലോലമായതിനാൽ ഉയർന്ന ശക്തിയുള്ള റെറ്റിനോൾ, എഎച്ച്എ, ബിഎച്ച്എ എന്നിവ ഉപയോഗിക്കരുത്,” ഡെർമറ്റോളജിസ്റ്റ് പറഞ്ഞു.
”മുഖത്ത് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ പ്രയോഗിക്കുമ്പോൾ കഴുത്ത് ഭാഗം ഒഴിവാക്കരുത്. വാസ്തവത്തിൽ, ചെവിയുടെ പുറകിലും ഇത് പ്രയോഗിക്കണം. കഴുത്തിന്റെ മുൻഭാഗവും വശവും പിൻഭാഗവും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ പ്രയോഗിക്കണം,” ഗുരുഗ്രാമിലെ നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെർമറ്റോളജി കൺസൾട്ടന്റ് ഡോ.നരേൻ പ്രകാശ് പറഞ്ഞു.
സൂര്യപ്രകാശമേൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ പ്രയോഗിക്കാതിരിക്കുക
സൺസ്ക്രീൻ മുഖത്ത് മാത്രം പ്രയോഗിക്കുന്നതാണ് മറ്റൊരു സാധാരണ തെറ്റ്. സൂര്യപ്രകാശമേൽക്കുന്ന എല്ലാ ഭാഗങ്ങളിലും അതായത് കൈകൾ, കഴുത്ത് എന്നിവയിൽ സൺസ്ക്രീൻ പുരട്ടുന്നുവെങ്കിലു, ചില ഭാഗങ്ങൾ നമ്മൾ മറക്കുകയോ മടി കാണിക്കുകയോ ചെയ്യുന്നു. സ്പ്രേ സൺസ്ക്രീനുകൾ ശരീരത്തിൽ നന്നായി പ്രവർത്തിക്കുന്നു. അവ ഉപയോഗിക്കാൻ സൗകര്യപ്രദവും എളുപ്പവുമാണെന്ന് അവർ പറഞ്ഞു.
എല്ലാവരും ഒഴിവാക്കേണ്ട മറ്റ് ചില സാധാരണ ചർമ്മസംരക്ഷണ തെറ്റുകളും ഡോ.പ്രകാശ് വിശദീകരിച്ചു.
- ചർമ്മസംരക്ഷണ ഉൽപ്പന്നം പ്രയോഗിക്കുമ്പോൾ ചർമ്മം അമർത്തി തടവുകയും വലിക്കുകയും ചെയ്യുക
- ഇടയ്ക്കിടെ എക്സ്ഫോളിയേറ്റ് ചെയ്യുക
- നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ അവഗണിക്കുക
- മേക്കപ്പ് ബ്രഷുകൾ പതിവായി വൃത്തിയാക്കാതിരിക്കുക
- ചർമ്മസംരക്ഷണം തെറ്റായ ക്രമത്തിൽ പ്രയോഗിക്കുക
- ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് നീക്കം ചെയ്യാതിരിക്കുക
- ചർമ്മത്തിന്റെ തരത്തിന് ചേരാത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുക