ആരോഗ്യമുള്ള മുടിക്കും വളർച്ചയ്ക്കും കൃത്യമായ പരിപാലനം അത്യന്താപേക്ഷിതമാണ്. മുടി സംരക്ഷണത്തിനായി നിരവധി മാർഗങ്ങൾ നാം നിത്യജീവിതത്തിൽ സ്വീകരിക്കാറുണ്ട്. മുടിയിൽ ദിവസവും എണ്ണ തേയ്ക്കുന്നത് അതിലൊന്നാണ്. പക്ഷെ മുടിയിൽ എണ്ണ തേയ്ക്കുന്നത് ശരിയായ രീതിയിലല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാണ് ഫലം.
ഏത് സമയമാണ് മുടിയിൽ എണ്ണ തേയ്ക്കുന്നതിന് അനുയോജ്യം? മുടിയിൽ എണ്ണ തേച്ചതിനു ശേഷം എത്ര നേരം സൂക്ഷിക്കണം? ഏത് എണ്ണയാണ് മുടിക്ക് കൂടുതൽ നല്ലത്? എന്നിങ്ങനെ മുടിയിൽ എണ്ണ തേയ്ക്കുന്നതിനെ പറ്റി ധാരാളം സംശയങ്ങളുണ്ട്.
മുടിയിൽ എണ്ണ തേയ്ക്കുമ്പോൾ വരുത്തുന്ന തെറ്റുകളെക്കുറിച്ച് ആയുർവേദ വിദഗ്ധയായ ഡോ.ഐശ്വര്യ സന്തോഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. എന്നാൽ, അവ പിന്തുടരുന്നതിനു മുൻപ് മുടിയുടെ തരം, മുടിക്ക് ഏത് തരത്തിലുള്ള പരിചരണമാണ് ആവശ്യം? എന്നിവ മനസിലാക്കി അവരവരുടെ മുടിക്ക് ഉതകുന്ന സംരക്ഷണരീതി കണ്ടെത്തണം. മുടിയിൽ എണ്ണ തേയ്ക്കുമ്പോൾ ഒഴിവാക്കേണ്ട ചില തെറ്റുകൾ.
രാത്രി മുഴുവൻ മുടിയിൽ എണ്ണ വയ്ക്കുക അല്ലങ്കിൽ കുളി കഴിഞ്ഞ് എണ്ണ തേയ്ക്കുക
ആരോഗ്യവിദഗ്ധർ പറയുന്നതനുസരിച്ചു, രാത്രി മുഴുവൻ മുടിയിൽ എണ്ണ നിലനിർത്തുന്നത് അല്ലെങ്കിൽ കുളി കഴിഞ്ഞ് എണ്ണ തേയ്ക്കുന്നത് കഴുത്ത് വേദന, സൈനസൈറ്റിസ്, ജലദോഷം മുതലായവയ്ക്ക് കാരണമാകും.
തലയോട്ടിയിലും മുടി വേരുകളിലും അല്ലാതെ തലമുടിയിൽ മാത്രം എണ്ണ പുരട്ടുക
ആദ്യം തലയോട്ടിയിൽ നന്നായി എണ്ണ തേച്ചു പിടിച്ചതിനു ശേഷം തലമുടിയിൽ എണ്ണ തേയ്ക്കുന്നതാണ് ഉത്തമമെന്നാണ് ആയുർവേദം പറയുന്നത്. എണ്ണ തേയ്ക്കുമ്പോൾ മുടിയേക്കാളുപരി മുടി വേരുകൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.
മുടി വളർച്ചയ്ക്കായി വിപണിയിലെ എല്ലാത്തരം എണ്ണകളും പരീക്ഷിക്കുക
വിപണിയിൽ ലഭ്യമായ പലവിധ എണ്ണകൾ പരീക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മുടി വളർച്ചയ്ക്കായി കിട്ടുന്ന എല്ലാ എണ്ണകളും മുടിയിൽ പരീക്ഷിക്കരുത്.
മുടി കഴുകുവാൻ ചൂടുവെള്ളം ഉപയോഗിക്കുക
ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുമ്പോൾ കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.