ലോക വിഡ്‌ഢി ദിനമാണിന്ന്. പറ്റിക്കാനും പറ്റിക്കപ്പെടാനുമായി ഒരു ദിനം അതാണ് ഏപ്രിൽ ഒന്ന്. ലോകമെമ്പാടുമുളളവർ പ്രായഭേദമന്യേ ഈ ദിനം ആഘോഷിച്ചു കൊണ്ടിരിക്കയാണ്. പറ്റിക്കുന്നതിനങ്ങനെ പ്രായ പരിധിയൊന്നുമില്ല. ആർക്കും ആരെയും പറ്റിക്കാം എന്നുളളതാണ് ഈ ദിവസത്തിന്റെ സവിശേഷത. എന്നാൽ പറ്റിക്കലുകൾ അതിരു വിടാതെ നോക്കേണ്ടതുണ്ട്.

ചമ്മി നിൽക്കുന്നവരുടെ പ്രിയപ്പെട്ടവരുടെ മുഖം കാണാൻ രസമുളള ഒരു കാഴ്‌ച തന്നെയാണ്. എന്നെന്നും ഓർത്തോർത്ത് ചിരിക്കാവുന്നതാണ് ഈ വിഡ്‌ഢി ദിന തമാശകൾ. ഫൂളാക്കാനും ഫൂളാക്കിയും ഏവരും ഈ ദിനം ഗംഭീരമാക്കുമെങ്കിലും ഇതിന്റെ പിറവിയെ പറ്റിയോ ഈ ദിനം വന്നതിനെ പറ്റിയോ പലർക്കും വലിയ അറിവില്ല.

ഏപ്രിൽ ഫൂളുമായി ബന്ധപ്പെട്ട രസകരമായ കുറച്ച് കാര്യങ്ങളിതാ..

പ്രശസ്‌ത സാഹിത്യകാരൻ ജെഫ്രി ചോസറും ഏപ്രിൽ ഫൂളിന്റെ പിറവിയും തമ്മിൽ ചെറിയൊരു ബന്ധമുണ്ടെന്ന് എത്ര പേർക്കറിയാം. ചോസറിന്റെ കാന്റർബറി ടേൽസ് പകർത്തിയെഴുതുന്നതിലെ ഒരു പിഴവാണ് ഈ ദിവസത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. യഥാർത്ഥത്തിൽ എഴുതിയിരുന്നത് മാർച്ച് കഴിഞ്ഞുളള 32-ാം ദിവസമെന്നായിരുന്നു അതായത് മെയ് രണ്ടിന്. എന്നാൽ ചിലർ ഇത് തെറ്റായി മാർച്ച് 32 ആയി വായിച്ചു. മാർച്ചിൽ 32 ഇല്ലാത്തതിനാൽ അത് തൊട്ടടുത്ത ദിവസമായ ഏപ്രിൽ ഒന്നായി മാറി. അങ്ങനെ വിഡ്‌ഢി ദിനം ഏപ്രിൽ ഒന്നിന് ആഘോഷിച്ച് തുടങ്ങി.

Read More: ഇന്ന് ലോക വിഡ്‌ഢി ദിനം….പറ്റിക്കപ്പെടാതിരിക്കാൻ നോക്കൂ

ഹിലാരിയ: റോമിലെ പ്രധാന ആഘോഷങ്ങളിലൊന്നാണിത്. തമാശകളുടെയും സന്തോഷത്തിന്റെയും ദിവസമാണിന്ന്. റോമൻ ലാഫിങ് ഡേ എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. കളികളും മത്സരങ്ങളും സന്തോഷം നൽകുന്ന തമാശകളുടെയും ദിവസമാണ് റോമൻ ലാഫിങ് ഡേ.

മറ്റൊരു രസകരമായ സംഭവം നടന്നത് അലാസ്‌കയിലാണ്. 1974 ൽ ഒരാൾ ഏപ്രിൽ ഒന്നിന് നാട്ടുകാരെ മൊത്തം പറ്റിച്ചു. ഉറങ്ങി കിടക്കുന്ന ഒരു അഗ്നിപർവ്വതത്തിനടുത്ത് 70 ടയറുകൾ കൂട്ടിയിട്ട് കത്തിച്ചായിരുന്നു അത്. അഗ്നിപർവ്വതം പൊട്ടിയതാണെന്ന് വിചാരിച്ച് നാട്ടുകാർ മൊത്തം പേടിച്ചു. പറഞ്ഞ് കേട്ടിട്ടുളളതിൽ പ്രശസ്‌തമായ ഫൂളാക്കലുകളിൽ ഒന്നാണിത്.

2002ൽ ഏപ്രിൽ ഒന്നിന് ചന്ദ്രന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്‌ത് നാസയും ലോകത്തെ ഞെട്ടിച്ചു. ചീസ് കൊണ്ട് ഉണ്ടാക്കിയ ചന്ദ്രനെന്ന് പറഞ്ഞാണ് നാസ ആ ചിത്രം പോസ്റ്റ് ചെയ്‌തത്. 1960ൽ സ്വീഡനിലെ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ചാനൽ അതിന്റെ കളർ മാറ്റിയും നല്ല വാർത്തകൾ മാത്രം നൽകിയുമായിരുന്നു ഏപ്രിൽ ഫൂൾ വ്യത്യസ്‌തമാക്കിയത്. സെർച്ച് എഞ്ചിനായ ഗൂഗിളും ഏപ്രിൽ ഒന്നിന് വ്യത്യസ്‌തമായ തമാശകളുമായെത്താറുണ്ട്. ഗൂഗിൾ വാലറ്റ് മൊബൈൽ എടിഎം എന്ന ആശയവുമായാണ് 2013 ൽ ഗൂഗിളെത്തിയത്.

സ്കോട്ട്‌ലൻഡിലുമുണ്ട് രസകരമായ ഏപ്രിൽ ഫൂൾ കഥകൾ. ഹണ്ട് ദി ഗൗക്ക് ഡേ എന്നാണ് ഈ ദിവസം സ്കോട്ടലൻഡിൽ അറിയപ്പെടുന്നത്. വിഡ്‌ഢിയായ മനുഷ്യനെയാണ് ഗൗക്ക് എന്ന് വിളിക്കുന്നത്. ഇവിടെ കാലങ്ങളായി കണ്ട് വരുന്നത് രസകരമായ ഒരു യാത്രയാണ്. വിഡ്‌ഢിയെ കണ്ടെത്തൂ എന്ന് പറഞ്ഞുളള സന്ദേശമെഴുതി ഒരാളെ വീടുകളിൽ കയറാൻ പറഞ്ഞയയ്ക്കുന്നു. എന്താണ് സന്ദേശമെന്നറിയാതെ ഈ പാവം ഓരോ വീടും കയറിയിറങ്ങുന്നു. താൻ വിഡ്‌ഢിയാക്കപ്പെടുകയാണെന്ന് മനസിലാക്കപ്പെടുന്നത് വരെ ഈ കലാപരിപാടി നീണ്ട് നിൽക്കും.

ബിബിസിയും ഒരിക്കൽ ഏപ്രിൽ ഫൂളിന് കാഴ്‌ചക്കാരെ പറ്റിച്ചിട്ടുണ്ട്. സ്‌പാഗെട്ടി ക്രോപ്‌സ് എന്ന ഡോക്യുമെന്ററി പരിപാടി സംപ്രേക്ഷണം ചെയ്‌തു കൊണ്ടായിരുന്നു. സ്‌പാഗെട്ടിയുടെ വിളവെടുപ്പ് കാണിക്കുന്നതായിരുന്നു ആ ഡോക്യുമെന്ററി. ഈ പരിപാടി സംപ്രേക്ഷണം ചെയ്‌തതിന് ശേഷം നിരവധി വിളികളാണ് ചാനലിലേക്ക് വന്നത്. ഇതൊരു സംഭവമാണോയെന്നായിരുന്നു പലരുടെയും ചോദ്യം. 1976ലും ഇത്തരമൊരു സംഭവവുമായി ബിബിസി രംഗത്തെത്തിയിട്ടുണ്ട്. ഗ്രഹങ്ങൾ ഒരു പ്രത്യേക രീതിയിൽ നിൽക്കുമ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ കുറവുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ഇത്. ഇങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പറഞ്ഞ് നിരവധി ചാനലിലേക്ക് വിളിക്കുകയും ചെയ്‌തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ