ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും ഇറ്റലിയിൽവച്ച് രഹസ്യമായി വിവാഹിതരായത്. വിദേശത്ത് വച്ചാണെങ്കിലും പാരമ്പര്യ രീതിയിലായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഇറ്റലിയിൽനിന്നും തിരിച്ചെത്തിയ താരദമ്പതികൾ ഇന്നലെ ഡൽഹിയിൽ രാജകീയ വിരുന്നൊരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുളള നിരവധി പ്രമുഖർ വിരുഷ്ക വിവാഹ വിരുന്നിൽ പങ്കെടുത്തു.

ഡൽഹിയിലെ വിരുന്നിനുശേഷം മുംബൈയിൽ ഡിസംബർ 26ന് ബോളിവുഡിൽ ഒരുക്കിയിരിക്കുന്ന വിരുന്നിനായി കോഹ്‍ലിയും അനുഷ്കയും മുംബൈയിലേക്ക് പോയി. ഡൽഹി വിമാനത്താവളത്തിലെത്തിയ ഇരുവരെയും ക്യാമറക്കണ്ണുകൾ പിടിച്ചെടുത്തു. കറുത്ത പാന്റും ടീ ഷർട്ടും അണിഞ്ഞ് കാഷ്വലായിട്ടായിരുന്നു കോഹ്‌ലി എത്തിയത്. സബ്യാസാചി മുഖർജി ഡിസൈൻ ചെയ്ത നീണ്ട കുർത്തയും ദുപ്പട്ടയും ആയിരുന്നു അനുഷ്കയുടെ വേഷം.

കൈയ്യിൽ മൈഹന്തിയും നിറയെ വളകളും വിവാഹ മോതിരവും അണിഞ്ഞാണ് കോഹ്‌ലിക്കൊപ്പം അനുഷ്ക എത്തിയത്. അനുഷ്കയുടെ ചിത്രം കണ്ട ആരാധകർ ശ്രദ്ധിച്ചത് താരത്തിന്റെ മംഗല്യസൂത്രയായിരുന്നു. വിവാഹത്തിനുശേഷം ആദ്യമായാണ് കോഹ്‌ലി പ്രിയതമ അനുഷ്കയ്ക്ക് ചാർത്തിയ മംഗല്യസൂത്ര ആരാധകർ കാണുന്നത്. സിംപിൾ ബ്ലാക്ക് ചെയിനിൽ യു ഷേപ്പിൽ ഡയമണ്ട് പതിപ്പിച്ച പെൻഡന്റ് ചേർന്നതായിരുന്നു അനുഷ്കയുടെ മംഗല്യസൂത്ര.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ