ഒട്ടാവ: യാതൊരു യാത്രാ രേഖയും ഇല്ലാതെ ഒരു രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് കടക്കാൻ സാധിക്കുമോ? കാൽനടയായി എത്ര രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കും? ഇതിനെല്ലാമുള്ള ഉത്തരം നൽകുകയാണ് ആൻന്റൺ ഫിലിപ് (39). ആയുധ കേസിൽ അറസ്റ്റിലാകാനിരിക്കെ നാടുവിട്ട കാനഡയിലെ മനുഷ്യാവകാശ പ്രവർത്തകനായ ഇദ്ദേഹം, അഞ്ച് വർഷത്തെ ഒളിവുജീവിതത്തിനിടയിൽ രണ്ട് ഭൂഖണ്ഡങ്ങളിലെ പത്ത് രാജ്യങ്ങൾ നടന്നുതീർത്തു. ബ്രസീൽ പൊലീസ് ആമസോൺ കാട്ടിൽ നിന്ന് അസാധാരണ സാഹചര്യത്തിൽ കണ്ടെത്തിയതാണ് നാട്ടിലേക്ക് മടങ്ങാൻ ഇയാൾക്ക് സഹായമായത്.

ആമസോൺ വന പ്രദേശത്ത് ഹൈവേയിൽ തളർന്ന് അവശനായ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പൊലീസ് അടുത്തെത്തി പരിശോധിച്ചപ്പോൾ രേഖകൾ ഒന്നുമില്ലെന്ന് കണ്ടെത്തി. പിന്നീട് വിദേശകാര്യ മന്ത്രാലയം ഫിലിപ്പ് നൽകിയ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് അഞ്ച് വർഷം മുൻപ് കാണാനില്ലെന്ന പരാതി കാനഡയിലെ ഈസ്റ്റ് ടൊറന്റോയിൽ നിന്ന് കിട്ടിയത്.

അമേരിക്ക, മെക്സിക്കോ, ഗ്വാട്ടിമല, കോസ്റ്റാറിക്ക, പനാമ, കൊളന്പിയ, വെനിസ്വേല, അർജന്റീന, ബ്രസീൽ എന്നിവിടങ്ങളാണ് ഫിലിപ് നടന്നു താണ്ടിയത്. യാതൊരു യാത്രാ രേഖകളും വസ്ത്രങ്ങളും ആവശ്യത്തിന് പണവും കൈയ്യിലില്ലാതെയായിരുന്നു നടത്തം. ഇടയ്ക്ക് വച്ച് കൈയിലുണ്ടായിരുന്ന ചെറിയ ബാഗ് മോഷണം പോയതിൽ പിന്നെ വെറും കൈയ്യനായി നടന്നു.

തിരിച്ചെത്തുമെന്ന് യാതൊരു വിശ്വാസവുമില്ലായിരുന്നുവെന്ന് ഇയാൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മരിച്ചുപോയെന്ന് കരുതിയ ആളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഫിലിപ്പിന്റെ സഹോദരൻ സ്റ്റീഫൻ പറഞ്ഞു. ഇയാൾക്ക് ചെറിയ രീതിയിൽ മാനസിക വൈകല്യം ഉള്ളതായാണ് പരിശോധിച്ച ഡോക്ടർമാരുടെ നിർദ്ദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook