Anti-Obesity Day 2020: മണിക്കൂറുകൾ നീണ്ട ജോലിഭാരം, വ്യായാമമില്ലായ്മ, ജീവിതശൈലിയിലെ അപാകതകൾ, അനാരോഗ്യകരമായ ഭക്ഷണശീലം, മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും അമിതവണ്ണത്തിനുള്ള കാരണമായി മാറുന്നുണ്ട്. അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്നവരുടെ എണ്ണവും അതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ഇന്ന് ഏറെയാണ്. ക്ഷീണം, അസിഡിറ്റി, ടൈപ്പ് 2 പ്രമേഹം, കൂർക്കം വലി, രക്തസമ്മർദ്ദം, ഹൃദയാഘാതം, ഹൃദയധമനികളിലെ പ്രശ്നങ്ങൾ എന്നിങ്ങനെ ചെറുതും വലുതുമായ നിരവധി ആരോഗ്യപ്രശ്നങ്ങളും ഇതിന്റെ അനന്തരഫലമായി വരാറുണ്ട്.

എല്ലാവർഷവും നവംബർ 26ന് ആന്റി-ഒബസിറ്റി ദിനമായാണ് ആയാണ് ആചരിച്ചുപോരുന്നത്. ആന്റി-ഒബസിറ്റി ദിനത്തിൽ, സ്മാർട്ടായ ഭക്ഷണരീതികൾ വഴി എങ്ങനെ അമിതവണ്ണത്തെ വറുതിയിലാക്കാം എന്ന് നിർദ്ദേശിക്കുകയാണ് ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധയുമായ ഗീതാഞ്ജലി.

അമിതവണ്ണത്തെ പ്രതിരോധിക്കാനുള്ള ആദ്യപടി നിങ്ങളുടെ ഭക്ഷണരീതിയിൽ മാറ്റം വരുത്തുക എന്നതാണ്. ആഹാരകാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരണം, ഒപ്പം ജീവിതശൈലിയിൽ ഒരു ചിട്ടയും കൊണ്ടുവരാ‍ൻ പ്രത്യേകം ശ്രദ്ധിക്കണം.

  • ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കൂ. ചെറു ചൂടുവെള്ളത്തിൽ തേനും നാരങ്ങാനീരും ചേർത്ത് കഴിച്ചാൽ അത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും ദിവസം മുഴുവൻ ഉണർവോടെ ഇരിക്കാനും സഹായിക്കും.
  • ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക. ജങ്ക് ഫുഡിന് പകരം ആരോഗ്യം പ്രദാനം ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും ലഘുഭക്ഷണമായി കഴിക്കുന്നത് കലോറി കൂട്ടാതെ തന്നെ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ സഹായിക്കും.
  • പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ശരീരത്തിന് ആവശ്യമായ കലോറി നൽകുന്നത് പ്രഭാതഭക്ഷണമാണ്, അതുവഴി അനാവശ്യ കലോറി ഉപഭോഗം കുറയ്ക്കാൻ കഴിയും.
  • നട്സ് ശീലമാക്കൂ. പോഷകത്തിന്റെ പവർഹൗസാണ് നട്സ്. ഒപ്പം ഒമേഗ -3, ഫാറ്റി ആസിഡുകളുടെ കലവറയും. ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഇവ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
  • പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. മധുരം വേണമെന്ന് നിർബന്ധമുള്ളവർക്ക് പകരം പ്രകൃതിദത്തമായ തേൻ, ശർക്കര എന്നിവ ഉപയോഗിക്കാം.
  • ഭക്ഷണം അളന്ന് കഴിക്കൂ. ഇത്ര ഭക്ഷണമേ ഒരു ദിവസം കഴിക്കൂ എന്നൊരു ഫുഡ് ചാർട്ട് സൂക്ഷിക്കുന്നത് ഭക്ഷണകാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സഹായിക്കും.
  • ഊർജ്ജസ്വലരായി ഇരിക്കുക. യോഗ, നീന്തൽ, നടത്തം, സൈക്കിളിംഗ്, കാർഡിയോ വർക്ക് ഔട്ട് പോലുള്ള ഏതെങ്കിലും വ്യായാമം തിരഞ്ഞെടുത്ത് അവ ദിനചര്യയുടെ ഭാഗമാക്കുക.

Read more: വീഡിയോ ഗെയിമുകൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook