കൃത്യമായി പരിചരണം നൽകിയില്ലെങ്കിൽ വളരെയെളുപ്പത്തിൽ തന്നെ പ്രായത്തിന്റെ ലക്ഷണങ്ങൾ ചർമ്മത്തിൽ പ്രകടമായി കണ്ടു തുടങ്ങും. പ്രായമാവുമ്പോൾ ശരീരത്തില്‍ കൊളാജീന്റെ അളവ് കുറഞ്ഞ് വരികയും അത് ചുളിവുകള്‍ വീഴാൻ കാരണമാവുകയും ചെയ്യും. ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു, കണ്‍തടത്തില്‍ കറുപ്പ് പടരുന്നു തുടങ്ങിയ പ്രശ്നങ്ങൾ വേറെയും. ഇതെല്ലാം മുൻകൂട്ടി കണ്ട് മുപ്പതുകളിൽ തന്നെ കൃത്യമായ സ്കിൻ കെയർ ദിനചര്യ പിൻതുടർന്നാൽ ഒരു പരിധി വരെ ചർമ്മത്തിന്റെ യുവത്വം നിലനിർത്താനാവും.
മുപ്പതുകളിൽ സ്കിൻ കെയർ പരിപാലനത്തിന്റെ ഭാഗമാക്കേണ്ട ഏതാനും പ്രൊഡക്റ്റുകൾ പരിചയപ്പെടുത്തുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ. ഏഞ്ചൽ.
ആന്റി ഓക്സിഡന്റ് സെറം
അൾട്രാവയലറ്റ് രശ്മികൾ മൂലം ചർമ്മത്തിനുണ്ടാവുന്ന കേടുപാടുകൾ പ്രതിരോധിക്കാൻ ആന്റി ഓക്സിഡന്റ് സെറം സഹായിക്കും. പ്രായത്തിന്റെ ലക്ഷണങ്ങൾ സാവധാനത്തിലാക്കാനും ഇവയ്ക്ക് സാധിക്കും. കൊളാജൻ തകരാറുകളെയും ഇത് പ്രതിരോധിക്കും. രാവിലെ മോയ്സ്ചറൈസറും സൺ സ്ക്രീനും ഉപയോഗിക്കുന്നതിനു മുൻപായി വേണം ആന്റി ഓക്സിഡന്റ് സെറം ഉപയോഗിക്കാൻ.
റെറ്റിനോൾ ക്രീം
രാത്രിയിലെ സ്കിൻ കെയർ ദിനചര്യയിലെ പ്രധാന ഘടകമാണ് റെറ്റിനോൾ ക്രീം. കൊളാജൻ സിന്തസിസിനെ ഉത്തേജിപ്പിക്കുന്നതിനൊപ്പം ചർമ്മത്തിലെ ഫൈൻ ലൈൻസ് ഇല്ലാതാക്കാനും ഇവ സഹായിക്കും. ആഴ്ചയിൽ രണ്ടു ദിവസം എന്ന രീതിയിൽ തുടങ്ങി പിന്നീട് ആഴ്ചയിൽ 5 തവണയാക്കി ഉപയോഗം വർധിപ്പിക്കാം.
അണ്ടർ ഐ ക്രീം
കണ്ണിനു താഴത്തെ ഫൈൻ ലൈൻസ് കുറയ്ക്കാൻ സഹായിക്കും. ദിവസം രണ്ടു തവണയെന്ന രീതിയിൽ ഉപയോഗിക്കുക.
എഎച്ച് എ ക്രീം
പ്രായം കൂടുന്തോറും ചർമ്മത്തിലെ കോശങ്ങൾ നശിക്കുകയും ചർമ്മം മങ്ങി, വരണ്ടതാവുകയും ചെയ്യും. ആഴ്ചയിൽ രണ്ടു തവണ എന്ന കണക്കിൽ എഎച്ച്എ ക്രീം ഉപയോഗിച്ചാൽ മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തെ മൃദുവാക്കി നിലനിർത്തും. ശ്രദ്ധിക്കുക, നിങ്ങളുടേത് വരണ്ട ചർമ്മമാണെങ്കിൽ ലാക്റ്റിക് ആസിഡ് അല്ലെങ്കിൽ മാൻഡലിക് ആസിഡ് തിരഞ്ഞെടുക്കുക. അതേസമയം എണ്ണമയമുള്ള ചർമ്മമാങ്കിൽ ഗ്ലൈക്കോളിക് ആസിഡ് ഉപയോഗിക്കാം.