Ambergris: ആംബർഗ്രിസ് എന്ന അമൂല്യ സ്വർണം

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്ന പേരിലൊക്കെയാണ് ആംബർഗ്രിസ് അറിയപ്പെടുന്നത്

തിമിംഗല ഛർദിയോ? ആദ്യം കേൾക്കുമ്പോൾ എല്ലാവർക്കും സംശയം തോന്നുന്ന ഒന്നാകും അതെന്ത് സാധനമാണെന്ന്. എന്നാൽ അതിനു സ്വർണ്ണത്തോളം വിലയുണ്ടെന്ന് കൂടി കേൾക്കുമ്പോഴോ? കഴിഞ്ഞ ദിവസം മുതലാണ് മലയാളികൾ തിമിംഗല ഛർദി എന്ന ആംബർഗ്രിസിനെ കുറിച്ച് കൂടുതലായി കേട്ടു തുടങ്ങിയത്. തൃശ്ശൂരിൽ നിന്ന് മൂന്ന് പേർ 18 കിലോ വരുന്ന തിമിംഗല ഛർദിയുമായി പിടിയിലായതാണ് സംഭവം. 30 കോടിയോളം രൂപ വില വരുന്ന ആംബർഗ്രിസാണ് ചേറ്റുവയിൽ നിന്നും വനം വിജിലൻസ് സംഘം പിടികൂടിയത്.

എന്താണ് തിമിംഗല ഛർദി എന്ന ആംബർഗ്രിസ്?

സ്പേം തിമിംഗലങ്ങളുടെ ആമാശയത്തിൽ രൂപപ്പെടുന്ന ദഹനത്തിന് സഹായിക്കുന്ന സ്രവമാണ് ആംബർഗ്രിസ്. തിമിംഗലങ്ങൾ വിസർജ്യമായാണ് ഇവ പുറംതള്ളുന്നത്. ചാര നിറത്തിലോ കറുപ്പ് നിറത്തിലോ ഖരരൂപത്തിൽ മെഴുക് പോലെയാണ് ഇവ കാണുക. തിമിംഗലങ്ങൾ കഴിക്കുന്ന വളരെ കട്ടിയുള്ള വസ്തുക്കളുടെ ദഹനത്തിനാണ് ആംബർഗ്രിസ് എന്ന ഈ സ്രവം സഹായിക്കുന്നതെന്നാണ് ചില ശാസ്ത്രജ്ഞർ പറയുന്നത്.

തിമിംഗലങ്ങൾ പുറംതള്ളുന്ന ഇവ ആദ്യം ദ്രവ രൂപത്തിലായിരിക്കും അതിനു ദുർഗന്ധമായിരിക്കും, എന്നാൽ പഴക്കം ചെല്ലും തോറും അവ ഖരരൂപത്തിൽ ആവുകയും അതിനൊരു സുഗന്ധം ലഭിക്കുകയും ചെയ്യും. ആംബർഗ്രിസ് കടലിലൂടെ ഒഴുകിനടക്കുകയും തീരത്തു അടിയുകയും ചെയ്യാറുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രസീൽ, മഡഗാസ്കർ തീരങ്ങളിലും ആഫ്രിക്ക, കിഴക്കേ ഇന്ത്യൻ ദ്വീപുകളിലും, മാലിദ്വീപ്, ചൈന, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, എന്നീ രാജ്യങ്ങളുടെ തീരങ്ങളിലും ആംബർഗ്രിസ് കാണാറുണ്ട്.

എന്താണ് ആംബർഗ്രിസിന് ഇത്ര വില?

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്ന പേരിലൊക്കെയാണ് ആംബർഗ്രിസ് അറിയപ്പെടുന്നത്. ഇതിന്റെ മൂല്യം കൊണ്ടാണ് ഇവയ്ക്ക് ഇത്തരമൊരു പേരു ലഭിച്ചതും. ഏകദേശം ഒരു കിലോ തൂക്കം വരുന്ന ആംബർഗ്രിസിന് ഒരു കോടി വരെ വില വരുമെന്ന് പറയുന്നു.

ആംബർഗ്രിസിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആംബറിൻ എന്ന വസ്തു സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നവയാണ്. ദീർഘനേരം സുഗന്ധം നിലനിൽക്കും എന്നതാണ് ഇവ സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കാൻ കാരണം. വിദേശ രാജ്യങ്ങളിലെ വലിയ പെർഫ്യൂം ബ്രാൻഡുകളാണ് ആംബർഗ്രിസ് പെർഫ്യുമുകളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഇതിനു ഇത്രയും അധികം വില വരുന്നത്.

എന്തുകൊണ്ടാണ് ആംബർഗ്രിസ് വിൽക്കുന്നത് കുറ്റമാകുന്നത്?

ഇന്ത്യയിലെ വന്യ ജീവി സംരക്ഷണ നിയമം പ്രകാരം വംശനാശ ഭീഷണി നേരിടുന്ന വർഗമാണ് തിമിംഗലങ്ങൾ. 1970ലാണ് ഇവയെ വംശനാശഭീഷണി നേരിടുന്ന ഇനമായി പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് നിയമം മൂലം ആംബർഗ്രിസ് വില്പന രാജ്യത്ത് നിരോധിച്ചിരിക്കുന്നത്.

Also Read: Eid al-Adha 2021 date: ഈ വർഷത്തെ ബക്രീദ് എന്ന്; അറിയേണ്ടതെല്ലാം

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Ambergris whale vomit what it is

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express