ജയ്പൂര്‍: ഒച്ചപാടുകളിലൊന്നും പെടാതെ വീടിന്റെ വാതിലുപുറത്ത് സാധനങ്ങള്‍ എത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തിരക്കേറിയ ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് ഇത്തരമൊരു ചിന്തയ്ക്കും കാരണമായത്. അവിടെയാണ് ഇ കൊമേഴ്സ് വമ്പന്‍മാര്‍ തങ്ങളുടെ കൊടി നാട്ടി രംഗത്തെത്തിയത്.

ഭക്ഷണവും മറ്റ് ഉത്പന്നങ്ങളും വാതില്‍പടിയില്‍ വാഗ്ദാനം ചെയ്ത് നിരവധി കമ്പനികളും രംഗത്തെത്തി. മിക്ക കമ്പനികളും ഇന്ന് വലിയ നഗരങ്ങളില്‍ മാത്രമാണ് തങ്ങളുടെ സേവനം നല്‍കുന്നത്. ഇത് മനസ്സിലാക്കിയാണ് രാജസ്ഥാനില്‍ നിന്നുളള രഘുവീര്‍ സിംഗ് എന്ന ചെറുപ്പക്കാരന്‍ സ്വന്തമായൊരു സ്റ്റാര്‍ട്ട്അപ് കമ്പനി തുടങ്ങിയത്.
ചായയും പലഹാരങ്ങളും ജയ്പൂരില്‍ വിതരണം ചെയ്യുന്നൊരു ഡെലിവെറി സംവിധാനത്തിനാണ് രഘുവീര്‍ തുടക്കം കുറിച്ചത്. ദരിദ്ര കുടുംബത്തില്‍ നിന്നും വന്ന ഈ ചെറുപ്പക്കാരന്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷമാണ് ജോലി ചെയ്യാന്‍ ആരംഭിച്ചത്. ആമസോണിന്റെ ഡെലിവറി ബോയ് ആയി ജോലി ആരംഭിച്ച രഘുവീറിന് മാസത്തില്‍ 9,000 രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നത്.

ബൈക്ക് സ്വന്തമായി ഇല്ലാതിരുന്ന രഘുവീര്‍ ഓരോ വീടുകളിലും സ്ഥാപനങ്ങളിലും സൈക്കിളിലാണ് സാധനങ്ങള്‍ ഡെലിവറി ചെയ്തിരുന്നത്. മണിക്കൂറുകള്‍ നീണ്ട സൈക്കിള്‍ യാത്രയ്ക്ക് അവസാനം ചെന്നെത്തുന്നത് ഏതെങ്കിലും ചായക്കടയുടെ മുമ്പിലായിരിക്കും. എന്നാല്‍ നല്ല ചായയും പലഹാരവും എവിടെ കിട്ടുമെന്ന ചിന്തയാണ് പുതിയ സ്റ്റാര്‍ട്ട്അപ് എന്ന ആശയത്തിലേക്ക് രഘുവീറിനെ കൊണ്ടെത്തിച്ചത്.

ഉടന്‍ തന്നെ രഘുവീര്‍ മറ്റ് മൂന്ന് സുഹൃത്തുക്കളേയും കൂട്ടി പുതിയ ബിസിനസ് ആരംഭിക്കുകയും ചെയ്തു. അടുത്തുളള കടക്കാരുമായാണ് രഘുവീര്‍ ആദ്യം ബന്ധം സ്ഥാപിച്ചത്. പിന്നാലെ 100 വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചായയും പലഹാരങ്ങളും എത്തിച്ചുകൊടുക്കാന്‍ തുടങ്ങി. മികച്ച ചായയും പലഹാരങ്ങളും ആയത് കൊണ്ട് തന്നെ രഘുവീറിന് ഒരുപാട് ഉപഭോക്താക്കളേയും ലഭിച്ചു.

ആദ്യമായി ഒരു ബൈക്ക് വാങ്ങിയതാണ് സംരംഭം വഴി രഘുവീര്‍ നേടിയ ആദ്യനേട്ടം. ഇന്ന് ഈ ചെറുപ്പക്കാരന് നാല് ഡെലിവറി സ്ഥാപനങ്ങളാണ് ജയ്പൂരിലുളളത്. ഒരു ദിവസം ഏകദേശം 500-700 ഓര്‍ഡറുകളും ലഭിക്കുന്നുണ്ട്. ഡെലിവറിക്കായി ഇപ്പോള്‍ നാല് ബൈക്കുകളും രഘുവീര്‍ സ്വന്തമാക്കി. ഒരു ലക്ഷം രൂപയാണ് ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ മാസംതോറും സമ്പാദിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ